കുടുംബവഴക്കിനെ തുടര്‍ന്ന് പന്ത്രണ്ടുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. സഹില്‍ യാദവെന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം മുതല്‍ സഹിലിനെ കാണാതായിരുന്നു. പരിസര പ്രദേശങ്ങളിലും കുട്ടി എത്താന്‍ സാധ്യതയുള്ള ഇടങ്ങളിലുമെല്ലാം വീട്ടുകാരും ബന്ധുക്കളും തിരഞ്ഞുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ വിശദ പരിശോധനയിലാണ് ഫാം ഹൗസിനോട് ചേര്‍ന്നുള്ള വൈക്കോല്‍പ്പുരയില്‍ നിന്നും കുട്ടിയുടെ വികൃതമാക്കപ്പെട്ട മൃതദേഹം കിട്ടിയത്. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തകര്‍ത്ത് ഫൊറന്‍സിക് സംഘം ഉള്ളില്‍ കടന്നതും രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലും സ്വകാര്യ ഭാഗങ്ങളില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച നിലയിലുമായിരുന്നു മൃതദേഹം.

സംഭവത്തില്‍ കുട്ടിയുടെ പിതാവിന്‍റെ സഹോദരന്‍ അവതാറിനും ഭാര്യ മ‍ഞ്ജുവിനുമെതിരെ കുടുംബം പരാതി നല്‍കി. എന്നാല്‍ കൊലപാതകത്തിന്‍റെ കൃത്യമായ കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ മുറി ഫൊറന്‍സിക് സംഘം സീല്‍ ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ ഉടന്‍ തന്നെ കണ്ടെത്താനാകുമെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

Child murder case reported in Uttar Pradesh. A twelve-year-old boy was brutally murdered following a family dispute in Jhansi, Uttar Pradesh; police are investigating the matter and forensic team collected evidence.