രണ്ടര വയസുള്ള മകള്‍ നോക്കിനില്‍ക്കേ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. ചെങ്ങന്നൂര്‍ ബുധനൂര്‍ എണ്ണയ്ക്കാട് ചാത്തേല്‍ വീട്ടില്‍ സാജന്‍ മാത്യൂ (34) ഭാര്യ പൊന്‍കുന്നം പത്തൊന്‍പതാംമൈല്‍ ചെന്നാക്കുന്ന് കറുകോടിയില്‍ അനുഷ(29) എന്നിവരാണ് മരിച്ചത്. വാടകവീട്ടിലെ കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ദമ്പതികളെ കണ്ടെത്തിയത്.
കോട്ടയം പൊൻകുന്നം പഴയചന്തയിലെ വാടകവീട്ടില്‍ ഏഴു ദിവസം മുന്‍പാണ് ദമ്പതികളും രണ്ടര വയസുള്ള മകളും താമസം ആരംഭിച്ചത്. ഞായറാഴ്ച രാത്രി വാടകവീട്ടില്‍ സാജനും അനുഷയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി അയല്‍വാസികള്‍ പറയുന്നു. ഉച്ചത്തില്‍ സംസാരിക്കുന്നത് അടുത്ത വീട്ടുകാരും കേട്ടിരുന്നു. പിന്നീട് തൊട്ടടുത്ത മുറിയില്‍ വാടകയ്ക്ക് താമസിക്കുന്നവരും വീടിന്‍റെ ഉടമയും രാത്രി ദമ്പതികളെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല.
വീടിന്റെ പ്രധാനവാതില്‍ ഉള്‍പ്പെടെ അകത്തു നിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. സാജനും അനുഷയ്ക്കും താമസിക്കാന്‍ വീട് കണ്ടെത്തി നല്‍കിയ ഇടനിലക്കാരനെ വീട്ടുടമ വിളിച്ചുവരുത്തി. പൊലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നുനോക്കിയപ്പോഴാണ് സാജനെയും അനുഷയെയും കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികളുടെ രണ്ടരവയസുളള മകള്‍ കട്ടിലിലില്‍ ഇരിക്കുകയായിരുന്നു.
വാക്കുതര്‍ക്കത്തിനിടെ അനുഷയെ കൊലപ്പെടുത്തിയ ശേഷം സാജന്‍ സ്വയം കഴുത്തില്‍ മുറിവേല്‍പ്പിച്ച് ജീവനൊടുക്കിയെന്നാണ് നിഗമനം. സാജനുമായി അനുഷയുടെ രണ്ടാം വിവാഹമായിരുന്നു. സാജന് സാമ്പത്തികബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. കുട്ടിയെ പൊലീസ് ബന്ധുക്കള്‍ മുഖേന സുരക്ഷിതമാക്കി.