AI Generated Representing Image
കോഴിക്കോട് നിന്നും കഴിഞ്ഞ മാസം കാണാതായ 16കാരിയെ 36 ദിവസങ്ങള്‍ക്കു ശേഷം പൊലീസ് രക്ഷപ്പെടുത്തി. കണ്ണൂരിലെ കൊളവല്ലൂരിലെ രഹസ്യകേന്ദ്രത്തിലെത്തി കെട്ടിടം വളഞ്ഞാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് എത്തുംമുന്‍പേ അഞ്ചംഗസംഘം സ്ഥലത്തുനിന്നും കടന്നുകളഞ്ഞു.
ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മേയ് 15നാണ് പെണ്‍കുട്ടിയെ കാണാതായത്. രാത്രി പത്തര സമയത്ത് കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ വീടിനു മുന്നിലെ റോഡില്‍ നിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടർന്ന് ചേവായൂർ ഇൻസ്പെക്ടര്‍ ടി.മഹേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒരു സുഹൃത്താണ് പെണ്‍കുട്ടിയെ രാത്രി ഫോണില്‍ വിളിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ കോഴിക്കോടെത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബന്ധുവിനു ലഭിച്ച ഫോൺ കോൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കുട്ടിയെ സംഘം നെടുമ്പാശ്ശേരിയിൽ എത്തിച്ചതായി വിവരം ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിൽ കുട്ടി സംഘത്തിൽനിന്നു രക്ഷപ്പെട്ടു തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയതായറിഞ്ഞു. സൈബർ പൊലീസിന്റെ സഹായത്തോടെ പൊലീസ് തൃശൂർ സ്റ്റാൻഡിൽ എത്തിയെങ്കിലും പിന്നീട് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
സംഭവത്തിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടു പേർ ഉൾപ്പെടെ തടങ്കലിൽ പാർപ്പിച്ച സംഘത്തിലെ 7 പേർക്കെതിരെ ചേവായൂർ പൊലീസ് പോക്സോ കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ കണ്ടെത്താൻ ചേവായൂർ പൊലീസ് പ്രത്യേക അന്വേഷണ സംഘം വ്യാപകമായി അന്വേഷണം തുടങ്ങി. ലൈംഗികമായി പീഡിപ്പിച്ചെന്നു പെൺകുട്ടി പൊലീസിനു വിവരം നൽകിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ പെൺകുട്ടിയെ കോഴിക്കോട് സിഡബ്ല്യുസിക്കു മുന്നിൽ ഹാജരാക്കി.