Image Credit: Wikipedia
'ഒന്നുകിൽ ഭർത്താവിന് ഒപ്പം ജീവിക്കുക. അല്ലെങ്കിൽ ആറു മാസം തടവുശിക്ഷ അനുഭവിക്കുക'....ആ പതിനൊന്നു വയസുകാരിയോട് കോടതി ഉത്തരവിട്ടു. എന്നാൽ ഒട്ടും ഭയമില്ലാതെ അവൾ പറഞ്ഞു..'തടവുശിക്ഷ അനുഭവിച്ചോളാം. താല്‍പര്യമില്ലാത്ത ബന്ധത്തിലേക്ക് ഞാൻ മടങ്ങിപ്പോകില്ല'. ആ നിയമപോരാട്ടം ലണ്ടൻ വരെ എത്തി. വിക്ടോറിയ രാജ്ഞി ഇടപെട്ട് വിവാഹം റദ്ദാക്കി. ആ കൊച്ചു പെൺകുട്ടിയുടെ പേരാണ്. രുക്മബായ്.സ്ത്രീകളുടെ അവകാശപ്പോരാട്ടങ്ങൾക്കായി ഏറ്റവും ആദ്യം മുഴങ്ങിക്കേട്ട ശബ്ദങ്ങളിൽ ഒന്ന്.
മഹാരാഷ്ട്രയിൽ 1864-ലാണ് രുക്മഭായ് ജനിച്ചത്. അക്കാലത്തെ സാമൂഹിക രീതികൾ അനുസരിച്ച് 11-ാം വയസ്സിൽ അവർ വിവാഹിതയായി. എന്നാൽ ഭർത്താവായ ദാദാജി ഭിക്കാജിയോടൊപ്പം പോയി താമസിക്കാൻ അവർ തയ്യാറായില്ല. തന്റെ പഠനം തുടരാനും സ്വതന്ത്രമായി ജീവിക്കാനുമായിരുന്നു അവരുടെ തീരുമാനം. കുടുംബം പൂർണമായി പിന്തുണ നൽകി. ഇതേത്തുടർന്ന് 1884ൽ ഭർത്താവ് കോടതിയെ സമീപിച്ചു. വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ 1887ൽ ഭർത്താവിനൊപ്പം പോകാൻ കോടതി അവരോട് ഉത്തരവിട്ടു. ഇല്ലെങ്കിൽ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പറഞ്ഞു. എന്നാൽ ഭർത്താവിനോപ്പം പോകില്ലെന്നും തടവുശിക്ഷ അനുഭവിക്കാം എന്നുമായിരുന്നു അവരുടെ ഉറച്ച മറുപടി. ഇത് അക്കാലത്ത് വലിയ വിപ്ലവമായിരുന്നു.
തുടർന്നു ഈ കേസ് ലണ്ടനിലെ പ്രിവീ കൗൺസിൽ വരെ എത്തുകയും ഒടുവിൽ വിക്ടോറിയ രാജ്ഞിയുടെ പ്രത്യേക ഇടപെടലിലൂടെ വിവാഹം റദ്ദാക്കുകയും ചെയ്തു. 1888 ജൂലൈയിൽ ഭിക്കാജിയുമായി ഒരു ഒത്തുതീർപ്പിലെത്തി, രണ്ടായിരം രൂപ നഷ്ടപരിഹാരം വാങ്ങി, അദ്ദേഹം രുക്മബായിയുടെ മേലുള്ള തന്റെ അവകാശവാദം ഉപേക്ഷിച്ചു. 1889 ൽ ഭിക്കാജി പുനർവിവാഹം ചെയ്തു. ഹിന്ദു സമൂഹത്തിൽ നിന്നും പല രാഷ്ട്രീയ നേതാക്കളിൽ നിന്നും വലിയ എതിർപ്പ് ഉണ്ടായെങ്കിലും അതൊന്നും രുക്മ ബായിയെ ബാധിച്ചിരുന്നില്ല.
രുക്മബായിയുടെ പോരാട്ടം ഇന്ത്യയിലെ വിവാഹ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി. 1891-ൽ 'Age of Consent Act' കൊണ്ടുവരുന്നതിൽ ഈ കേസ് വലിയ പങ്ക് വഹിച്ചു. പെൺകുട്ടികളുടെ വിവാഹപ്രായം 10 വയസ്സിൽ നിന്നും 12 വയസ്സായി ഉയർത്താനും ഇത് കാരണമായി.
വിവാഹമോചനം നേടിയ ശേഷം 1889-ൽ, അവർ വൈദ്യശാസ്ത്രം പഠിക്കാൻ ഇംഗ്ലണ്ടിലേക്ക് പോയി. ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വിമൻ (LSMW) ൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം നേടി . 1895ൽ ഇന്ത്യയിൽ തിരിച്ചെത്തി സൂറത്ത് വനിതാ ആശുപത്രിയിൽ ചീഫ് മെഡിക്കൽ ഓഫീസറായി ജോലി ചെയ്തു. അതായത് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്ന രണ്ടാമത്തെ വനിതാ ഡോക്ടർ എന്ന ബഹുമതിയും അവർക്കാണ്.
ഡോക്ടർ എന്നതിലുപരി ഒരു മികച്ച എഴുത്തുകാരി കൂടിയായിരുന്നു അവർ. 'ഹിന്ദു ലേഡി' (A Hindu Lady) എന്ന പേരിൽ അവർ എഴുതിയ ലേഖനങ്ങൾ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തെ ബോധവൽക്കരിച്ചു. 1955 സെപ്റ്റംബർ 25 ന് ശ്വാസകോശ അർബുദം ബാധിച്ച് 91വയസ്സിൽ രുക്മബായി അന്തരിച്ചു.
2017-ൽ അനന്ത് മഹാദേവൻ സംവിധാനം ചെയ്ത 'Doctor Rakhmabai' എന്ന സിനിമ അവരുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ചതാണ്. 2017 നവംബർ 22-ന് 153-ാം ജന്മവാർഷിക വേളയിൽ ഗൂഗിൾ ഡൂഡിൽ സമർപ്പിച്ച് അവരെ ആദരിച്ചു. പത്തൊൻപതാം നൂറ്റാണ്ടിലെ കടുത്ത സാമൂഹിക വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയിലെ ആദ്യത്തെ പ്രാക്ടീസ് ചെയ്യുന്ന വനിതാ ഡോക്ടർമാരിൽ ഒരാളായി മാറിയ അവരുടെ പോരാട്ട വീര്യത്തെ ലോകത്തിന് പരിചയപ്പെടുത്താനാണ് ഗൂഗിൾ ഈ അവസരം ഉപയോഗിച്ചത്. ഡോക്ടർ രുക്മബായ് നയിച്ച ചരിത്രപരമായ നിയമ പോരാട്ടങ്ങള്‍ ഇന്നും സ്ത്രീ ശാക്തീകരണത്തിന്റെ പ്രചോദിപ്പിക്കുന്ന മാതൃകയാണ്.