സ്ത്രീധനം കുറഞ്ഞുപോയെന്നും വീട്ടില്‍ നിന്നും കൂടുതല്‍ പണം വാങ്ങി വരണമെന്നുമുള്ള ആവശ്യത്തിന് വഴങ്ങാത്തതില്‍ ഭാര്യയെ ജീവനോടെ കത്തിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ അമ്രോഹയിലാണ് സംഭവം. നരന്‍ങ്പുര്‍ സ്വദേശിയായ നഴ്സ് പരുള്‍ (32) ആണ് പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുള്ളത്. 80 ശതമാനത്തോളം പൊള്ളലേറ്റ പരുളിനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഗ്രേറ്റര്‍ നോയിഡയില്‍ നിക്കിയെന്ന 26കാരി സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിയും മുന്‍പാണ് സമാനമായ രീതിയിലുള്ള കൊലപാതക ശ്രമം.

ഉത്തര്‍പ്രദേശ് പൊലീസില്‍ കോണ്‍സ്റ്റബിളായ ദേവേന്ദ്രയാണ് യുവതിയുടെ ഭര്‍ത്താവ്. കൊലപാതക ശ്രമത്തിന് പിന്നാലെ ദേവേന്ദ്രയും കുടുംബവും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. റാപുറിലായിരുന്ന ദേവേന്ദ്രയ്ക്ക് അടുത്തയിടെയാണ് ബറേലിയിലേക്ക് സ്ഥലം മാറ്റം കിട്ടിയത്. അവധിക്ക് വീട്ടിലെത്തിയ ദേവേന്ദ്ര ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് സ്ത്രീധനക്കാര്യം പറഞ്ഞ് പരുളുമായി വാക്കേറ്റമായി. പിന്നാലെ തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിക്കുന്നു. 

ദേവേന്ദ്ര, അമ്മ, ബന്ധുക്കളായ സോനു, ഗജേഷ്, ജിതേന്ദ്ര, സന്തോഷ് എന്നിവരാണ് സഹോദരിയെ ക്രൂരമായി കൊല്ലാന്‍ ശ്രമിച്ചതെന്ന് കാട്ടി പരുളിന്‍റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. കൊലപാതക ശ്രമത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തതായി പൊലീസ് അറിയിച്ചു. ആറുപേരും ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 

മകളെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചുവെന്ന് അയല്‍വാസികളാണ് തന്നെ വിളിച്ച് അറിയിച്ചതെന്ന് പരുളിന്‍റെ അമ്മ അനിത പൊലീസിന് മൊഴി നല്‍കി. വിവരമറിഞ്ഞ് താന്‍ ഓടിയെത്തിയപ്പോഴേക്ക് സാരമായി പൊള്ളലേറ്റ മകള്‍ അലറിക്കരയുകയായിരുന്നുവെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെന്നും അവര്‍ പറയുന്നു. 13 വര്‍ഷം മുന്‍പാണ് പരുളും ദേവേന്ദ്രയും വിവാഹിതരായത്. ഇരട്ടക്കുട്ടികളാണ് ഈ ബന്ധത്തിലുള്ളത്.

ENGLISH SUMMARY:

Dowry harassment leads to a brutal crime. A wife in Uttar Pradesh was set ablaze by her husband for failing to bring more money from her family.