കൊല്ലപ്പെട്ട രചന യാദവ്.

TOPICS COVERED

യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങളില്‍ കിണറ്റില്‍ തള്ളിയ സംഭവത്തില്‍ രണ്ടുപര്‍ പൊലീസ് പിടിയില്‍. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിന് മുന്‍ ഗ്രാമത്തലവനായിരുന്നയാള്‍ കാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റിലിടുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളെ കൃത്യത്തിന് സഹായിച്ച ബന്ധുവും പൊലീസ് പിടിയിലായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം.

സഞ്ജയ് പട്ടേല്‍ എന്നയാള്‍ രചന യാദവ് എന്ന സ്ത്രീയുമായി പ്രണയത്തിലായിരുന്നു. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചുപോയതാണെന്നും അതിനു ശേഷമാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങിയതെന്നുമാണ് പൊലീസ് പറയുന്നത്. തന്നെ വിവാഹം കഴിക്കണമെന്ന് രചന സഞ്ജയോട് നിരന്തരം ആവശ്യപ്പെട്ടുക്കൊണ്ടിരുന്നു. എന്നാല്‍ സഞ്ജയ് ഇതിനൊരുക്കമായിരുന്നില്ല. പിന്നാലെയാണ് കൊല നടന്നത്. കിഷോര്‍പുര എന്ന ഗ്രാമത്തിലെ കിണറ്റില്‍ നിന്നാണ് രചനയുടെ മൃതദേഹ ഭാഗങ്ങള്‍ രണ്ട് ചാക്കുകളിലായി കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഓഗസ്റ്റ് 13നാണ് കൊലപാതകവിവരം പുറത്തറിയുന്നത്. കിണറിനു സമീപത്തുകൂടി പോകുകയായിരുന്ന കര്‍ഷകന്‍ പ്രദേശത്ത് ദുര്‍ഗന്ധം വമിക്കുന്നത് എന്താണെന്ന് അന്വേഷിച്ചെത്തിയത് കിണറിനരികില്‍. നോക്കിയപ്പോള്‍ കിണറ്റില്‍ രണ്ട് ചാക്കുകെട്ടുകള്‍ കിടക്കുന്നത് കണ്ടു. ഇത് പരിശോധിച്ചപ്പോള്‍ മൃതദേഹഭാഗങ്ങളാണെന്ന് വ്യക്തമായി. സംഭവമറിഞ്ഞ് പ്രദേശത്ത് നാട്ടുകാര്‍ കൂടി. പിന്നാലെ പൊലീസും സ്ഥലത്തെത്തി.

കിണറിലെ വെള്ളം വറ്റിച്ചാണ് മൃതദേഹഭാഗങ്ങള്‍ പുറത്തെടുത്തത്. തലയും കാലുകളും കിണറ്റില്‍ നിന്ന് കണ്ടെടുക്കാന്‍ സാധിച്ചില്ല. ഇതോടെ കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിയാന്‍ പിന്നെയും വൈകി. നൂറിലധികം ആളുകളെ ചോദ്യം ചെയ്തും 200ലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും നാട്ടിലാകെ പോസ്റ്ററുകള്‍ വിതരണം ചെയ്തുമെല്ലാമാണ് പൊലീസ് ഇരയുടെ വിവരം കണ്ടെത്തിയത്. ഝാന്‍സി സ്വദേശിയായ രചന യാദവാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പിന്നീട് സ്ഥിരികരിച്ചു. 

വിവാഹം കഴിക്കണമെന്ന രചനയുടെ തുടര്‍ച്ചയായ നിര്‍ബന്ധത്തെ തുടര്‍ന്ന് ഇവരെ കൊലപ്പെടുത്താന്‍ സഞ്ജയ് തന്‍റെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി. ശ്വാസംമുട്ടിച്ചാണ് രചനയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. തെളിവ് നശിപ്പിക്കാനായി മൃതദേഹം കഷ്ണങ്ങളാക്കി കിണറ്റില്‍ തള്ളുകയായിരുന്നു. 

ENGLISH SUMMARY:

A woman’s dismembered body was found dumped in a well in Uttar Pradesh’s Jhansi district. Police have arrested two men in connection with the murder — a former village head, identified as the victim’s lover, and his nephew. A third accomplice, who helped execute the murder, remains at large, said police. Pressured and frustrated by the woman's constant urges to get married, the former village pradhan, Sanjay Patel, along with his nephew, Sandeep Patel murdered the woman in Jhansi's Kishorpura village, cut her body into seven pieces and stuffed them into sacks, subsequently dumping them into a well and near a bridge.