എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഉത്തര്‍പ്രദേശിലെ ബറലിയില് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയ കൊലപ്പെടുത്തിയ ബന്ധു അറസ്റ്റില്‍. തിതൗലി എന്ന ഗ്രാമത്തിലാണ് സംഭവം. എട്ടു വയസ്സുകാരനായ ആഹില്‍ എന്ന കുട്ടിയെയാണ് ബന്ധു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. മോചനദ്രവ്യമായി ആവശ്യപ്പെട്ട പത്തുലക്ഷം രൂപ കുടുംബം നല്‍കാതിരുന്നതിനു പിന്നാലെയാണ് കൊല. പ്രതി വസീ(28)മിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ALSO READ; മൊബൈല്‍ കാണിച്ച് കൂട്ടിക്കൊണ്ടുപോയി; കൊച്ചിയില്‍ നാലര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം
കഴിഞ്ഞ ഞായറാഴ്ച പീത്സ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് വസീം ആഹിലിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. സമീപത്തുള്ള വനപ്രദേശത്ത് കുട്ടിയുമായി എത്തിയ വസീം കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. എന്നാല്‍ ഈ തുക ആഹിലിന്റെ കുടുംബത്തിന് നല്‍കാനായില്ല. ഇതോടെ ബ്ലേഡ് ഉപയോഗിച്ച് വസീം ആഹിലിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
വസീം കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും വഴങ്ങാത്തതിനെത്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നെന്നും കുടുംബം ആരോപിക്കുന്നു. ഇതിനു ശേഷമാണ് പ്രതി പണം ആവശ്യപ്പെട്ട് ആഹിലിന്റെ പിതാവിന്റെ ഫോണിലേക്ക് വിളിച്ചതെന്നാണ് കുടുംബം പറയുന്നത്. ഇക്കാര്യം വിശദമായി അന്വേഷിക്കുകയാണെന്നും ചോദ്യം ചെയ്യലില്‍ പ്രതി ഇത് സമ്മതിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.
കൊലയ്ക്കുശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ പിന്തുടര്ന്നാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. പൊലീസിനെ ആക്രമിച്ച് കടന്നുകളയാന്‍ വസീം ശ്രമം നടത്തി. ഇതിനിടെ ആത്മരക്ഷാര്‍ത്ഥം പൊലീസ് വെടിയുതിര്‍ക്കുകയും പ്രതിയുടെ കാലിന് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വസീമിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.