Image Credit : https://x.com/HateDetectors
ഉത്തര്‍പ്രദേശില്‍ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍. രണ്ട് ഭാര്യമാരുള്ള രാം സിങ് എന്നയാളാണ് കാമുകിയായ പ്രീതി എന്ന യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകവിവരം പുറത്തറിയാതിരിക്കാന്‍ മൃതദേഹം കത്തിച്ച്, ചാരം പുഴയില്‍ ഉപേക്ഷിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞു. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.
ജനുവരി 8നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് ഭാര്യമാരുളള രാം സിങ്ങിന് പ്രീതി എന്ന മറ്റൊരു യുവതിയുമായി നാളുകളായി ബന്ധമുണ്ടായിരുന്നു. രാം സിങ്ങില്‍ നിന്നും പ്രീതി നിരന്തരമായി പണം ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയത്. പണം ലഭിക്കാതെ വന്നതോടെ പ്രീതി ഭീഷണിപ്പെടുത്താന്‍ തുടങ്ങി, ഇതാണ് കൊലപാതകത്തിന് രാം സിങ്ങിനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രീതിയെ കൊലപ്പെടുത്തിയ ശേഷം രാം സിങ് മൃതദേഹം ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി ആരുമറിയാതെ ഒളിപ്പിച്ചു. പിന്നീട് തെളിവ് നശിപ്പിക്കാനായി മൃതദേഹം ഒരു ലോഹപ്പെട്ടിയിലിട്ട് കത്തിച്ചു. ഇതിനായി ഒരു ലോഹപ്പെട്ടിയും രാം സിങ് വാങ്ങി. മൃതദേഹം കത്തിച്ച ശേഷം ചാരം ഒരു ചാക്കിലാക്കി അടുത്തുളള പുഴയില്‍ ഉപേക്ഷിച്ചു. സംഭവസ്ഥലത്ത് നിന്നും ലോഹപ്പെട്ടി രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് മാറ്റുന്നതിനിടെ ലോഡിങ് തൊഴിലാളിക്ക് തോന്നിയ സംശയമാണ് കൊലപാതകവിവരം പുറത്തറിയാന്‍ കാരണമായത്.
ലോഹപ്പെട്ടി രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് മാറ്റാനായി രാം സിങ് തന്‍റെ മകന്‍റെ സഹായം തേടിയിരുന്നു. മകനും സുഹൃത്തും ചേര്‍ന്നാണ് സംഭവം നടന്ന വീട്ടില്‍ നിന്നും ലോഡിങ് തൊഴിലാളിയുടെ സഹായത്തോടെ ലോഹപ്പെട്ടിയുടെ എടുത്ത് വീട്ടിലേക്ക് പുറപ്പെട്ടത്. എന്നാല്‍ പെട്ടിയില്‍ നിന്നും അസ്വാഭാവികമായി നേരിത തോതില്‍ വെളളം പുറത്തേയ്ക്ക് വരുന്നത് കണ്ട ലോഡിങ് തൊഴിലാളി തന്‍റെ സംശയം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി പെട്ടി തുറന്ന് പരിശോധിച്ചപ്പോള്‍ കണ്ടത് യുവതിയുടെ ശരീരാവശിഷ്ടങ്ങളും കത്തിക്കരിഞ്ഞ എല്ലിന്‍ കഷ്ണങ്ങളുമാണ്.
രാം സിങ്ങിന്‍റെ മകനെയും സുഹൃത്തിനെയും ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുളള അന്വേഷണത്തില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രാം സിങ് വിറക് ശേഖരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നെന്ന് സംഭവം നടന്ന വീടിനടുത്തുളള അയല്‍വാസിയും പൊലീസിന് മൊഴി നല്‍കി. എന്തോ കത്തിക്കരിയുന്ന മണം തങ്ങള്‍ ശ്രദ്ധിച്ചിരുന്നെന്നും എന്നാല്‍ തണുപ്പായതിനാല്‍ വിറക് കത്തിച്ചതാണെന്ന് കരുതിയെന്നുമായിരുന്നു അയല്‍വാസിയുടെ മൊഴി. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതി രാം സിങ്ങിനായുളള തിരച്ചില്‍ ഊര്‍ജിതമാക്കി.