ഭാര്യയുടെ വിവാഹേതര ബന്ധത്തിന്‍റെ പേരില്‍ യുവാവ് ജീവനൊടുക്കി. 29 കാരനായ സോഹിത് കുമാറിനെയാണ് കഴിഞ്ഞ ദിവസം ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യ തമന്ന (20)യ്ക്കും കാമുകനും എതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ഹജ്‍രാത്പൂരിലാണ് സംഭവം.
തമന്നയുമായും സോഹിതും പ്രണയ വിവാഹമായിരുന്നു. പഠനത്തിനായി ഡല്‍ഹിയിലേക്ക് പോയ തമന്ന കസിനുമായി അടുത്തതാണ് ആത്മഹത്യയ്ക്ക് കാരണം. മരണത്തിന് മുന്‍പ് കാര്യങ്ങള്‍ പറഞ്ഞുള്ള 15 മിനുട്ട് വിഡിയോ സോഹിത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതില്‍ ഭാര്യയ്ക്ക് അവരുടെ കസിനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയാണ് സോഹിത് ജീവനൊടുക്കിയത്.
'അവള്‍ സര്‍ക്കാര്‍ ജോലിക്ക് ആഗ്രഹിച്ചു. അതിനുവേണ്ടിയുള്ള എല്ലാ ചെലവുകളും വഹിച്ചു. പഠനത്തിനായി ഡല്‍ഹിക്ക് അയച്ചു. പക്ഷെ ചതിക്കുകയായിരുന്നു. പഠനമെന്ന പേരില്‍ ചതിക്കുകയായിരുന്നു. അവളുടെ കസിനൊപ്പം ജീവിക്കാനായിരുന്നു അത്. അവര്‍ തമ്മില്‍ ലൈംഗിക ബന്ധമുണ്ടായിരുന്നു. ഇത് പിന്നീടാണ് അറിയുന്നത്' എന്നാണ് വിഡിയോയില്‍ പറയുന്നത്.
ഭാര്യയും കാമുകനും തമ്മിലുള്ള ചാറ്റിന്‍റെ ദൃശ്യങ്ങളും സോഹിത് പങ്കുവച്ചു. വിവാഹബന്ധം വേര്‍പെടുത്തണമെന്നാവശ്യപ്പെട്ട് ഭാര്യയുടെ കുടുംബം ഭീഷണിപ്പെടുത്തുകയാണെന്നും ഒരു ദിവസം റോഡരികില്‍ വച്ച് തോക്ക് ചൂണ്ടിയെന്നും മരിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും സോഹിത് വിഡിയോയില്‍ പറഞ്ഞു.
ഇരുവരും കോച്ചിങ് സെന്‍ററില്‍ നിന്നാണ് പരിചയപ്പെട്ടതെന്ന് മരിച്ച സോഹിതിന്‍റെ സഹോദരന്‍ പറഞ്ഞു. 2023 ഒക്ടോബറില്‍ വിവാഹം നടന്നെങ്കിലും തമന്നയുടെ കുടുംബം പങ്കെടുത്തിരുന്നില്ല. ആറുമാസം മുന്‍പാണ് ഡല്‍ഹിയിലേക്ക് പഠിക്കാന്‍ പോയത്. പിന്നീട് മടങ്ങി വന്നിട്ടില്ലെന്നും സഹോദരന്‍ പറഞ്ഞു.