മേഘാലയയില്‍ ഹണിമൂണിനെത്തിച്ച ശേഷം നവവരനെ കൊലപ്പെടുത്തിയ സോനത്തിന്‍റെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് ഞെട്ടി പൊലീസ്. ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ കേസിന്‍റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. സഞ്ജയ് വര്‍മയെന്നയാളുടെ ഫോണിലേക്ക് മൂന്നാഴ്ചയ്ക്കുള്ളില്‍ സോനം 234 തവണ വിളിച്ചിരുന്നതായാണ് കോള്‍ രേഖകളിലുള്ളത്. രാജാ രഘുവംശിയുമായുള്ള വിവാഹശേഷവും ഈ വിളികള്‍ തുടര്‍ന്നിരുന്നുവെന്നും വിവാഹശേഷം മാത്രം നൂറിലേറെ തവണ സോനം ഈ നമ്പറിലേക്ക് വിളിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഈ നമ്പര്‍ നിലവില്‍ സ്വിച്ച്ഡ് ഓഫാണെന്നതും ദുരൂഹതയേറ്റുന്നു. Also Read: വിവാഹം, അവിഹിതം, ചോരപ്പുഴ; ഇന്ത്യയെ നടുക്കിയ 10 കൊലപാതകങ്ങള്‍
മാര്‍ച്ച് ഒന്നിനും ഏപ്രില്‍ എട്ടിനുമുടയില്‍ സോനം സഞ്ജയ് വര്‍മയെ നൂറിലേറെ തവണ വിളിച്ചുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ജൂണ്‍ എട്ട് രാത്രി 11.20 ആയതോടെ ഈ സിം കാര്‍ഡ് പ്രവര്‍ത്തനരഹിതമായി. ഇതേ ദിവസം സോനം ഗാസിപുറിലുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിം കാര്‍ഡ് വ്യാജ ഐഡി കാര്‍ഡ് നല്‍കി എടുത്തതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. സഞ്ജയ് വര്‍മയെന്ന പേരില്‍ ഒരാളെയും അറിയില്ലെന്നും രാജിന്‍റെ സുഹൃത്തുക്കളിലോ, സഹപ്രവര്‍ത്തകരിലോ, ബന്ധുക്കളിലോ അങ്ങനെയൊരാള്‍ ഇല്ലെന്നും രാജാ രഘുവംശിയുടെ സഹോദരന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. Read More: മരണത്തിലേക്കെന്നറിയാതെ ഭാര്യക്ക് പിന്നാലെ; ഹണിമൂണ്‍ കൊല; രാജയുടെ അവസാന വിഡിയോ
സോനത്തിന്‍റെ കാമുകനായ രാജ് കുഷ്വാഹയാണ് കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരനെന്നാണ് പൊലീസും കരുതുന്നത്. തന്നിലേക്ക് സംശയത്തിന്‍റെ നിഴല്‍ പോലുമെത്താതിരിക്കുന്നതിനായി ഇയാള്‍ മേഘാലയ യാത്ര ഒഴിവാക്കിയെന്നും പകരം മൂന്ന് വാടകക്കൊലയാളികളെ അയയ്ക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സാമ്പത്തിക ലക്ഷ്യങ്ങളോടെയാണ് രാജാ രഘുവംശിയെ വകവരുത്തിയതെന്നും സൂചനകളുണ്ട്.
മേയ് 11ന് ഇന്‍ഡോറില്‍ വച്ചായിരുന്നു സോനവും രാജാരഘുവംശിയുമായുള്ള വിവാഹം. മേയ് 20 ന് ഇരുവരും ഹണിമൂണിനായി മേഘാലയിലേക്ക് പോയി. മേയ് 23ന് ഷില്ലോങില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള സോഹ്റയില്‍ വച്ച് ഇരുവരെയും കാണാതെയായി. ഒടുവില്‍ ജൂണ്‍ രണ്ടിന് രാജാരഘുവംശിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം മാത്രം കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ സോനം മേഘാലയയില്‍ നിന്ന് അസം, ബംഗാള്‍,ബിഹാര്‍ വഴി യുപിയിലെത്തി. സോഹ്റയിലെ ഹോംസ്റ്റേയില്‍ സോനം തന്‍റെ താലിമാലയും വിവാഹമോതിരവും ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. ഇതോടെയാണ് സോനത്തിലേക്ക് അന്വേഷണം എത്തിയത്.