‘ഗണേഷ് കുമാറിന് പ്രണയമുണ്ടോ എന്ന് ചോദിച്ചാല്‍ മാധവിക്കുട്ടിക്ക് പ്രണയമുണ്ടായിരുന്നോ എന്ന് ചോദിക്കുന്നതുപോലെയേ ഉള്ളു. നിങ്ങളില്‍ പ്രണയിക്കാത്തവര്‍ ആരാണ്? ഗണേഷ് കുമാറിന് ഒന്നല്ല അയ്യായിരം പ്രണയമുണ്ട്. എല്ലാം സ്നേഹമാ, കാരണം പ്രണയമില്ലാത്തവന്‍ പൊട്ടനാണ്!’ – നമ്മുടെ സ്വന്തം ഗതാഗതമന്ത്രിയുടെ മൊഴിമുത്താണ് ഈ വായിച്ചത്.
ജീവിതത്തില്‍ പ്രണയിക്കാത്തവരായി ആരുമില്ല... ജീവിതത്തില്‍ ഒരു പങ്കാളി എന്നതാണ് നാട്ടിലെ പൊതുരീതി. എന്നാല്‍ ഒന്നിലേറെ പങ്കാളികളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധം പുലര്‍ത്തുന്നവരും കുറവല്ല. അത് ആണായാലും പെണ്ണായാലും. ഇപ്പോള്‍ അയ്യായിരത്തിലധികം പ്രണയങ്ങളുടെ കണക്കാണ് മന്ത്രി തന്നെ പരസ്യമായി നിരത്തുന്നത്.
എണ്ണിയാലൊടുങ്ങാത്ത പ്രണയങ്ങളിലേര്‍പ്പെടുകയും അതെല്ലാം മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തുവെന്ന് അവകാശപ്പെട്ട ഒട്ടേറെപ്പേര്‍ ലോകചരിത്രത്തിലുണ്ട്. പ്രണയവും ലൈംഗികതയും രണ്ടാണെങ്കിലും പരസ്പരബന്ധത്തിന്‍റെ പേരിലുള്ള അവകാശവാദങ്ങള്‍ക്ക് അതിരില്ല, അത്തരത്തില്‍ ശ്രദ്ധേയരായ ചിലരെ ഒന്ന് ഓര്‍മിക്കാം .
ക്യൂബന്‍ വിപ്ലവനായകനും പിന്നീട് പ്രധാനമന്ത്രിയും പ്രസിഡന്‍റുമായ ഫിദല്‍ കാസ്ട്രോ ആണ് ഓണ്‍ലൈനിലും മറ്റും തിരഞ്ഞാല്‍ ഈ ലിസ്റ്റില്‍ മുന്‍പന്തിയിലെത്തുന്ന ആള്‍. 35000 പങ്കാളികള്‍ ഫിദല്‍ കാസ്ട്രോയ്ക്ക് തന്‍റെ ജീവിത കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് ഒരു ക്യൂബന്‍ ഒഫിഷ്യല്‍ പറഞ്ഞതാണ് ഈ വാദത്തിന് അടിസ്ഥാനം. അതായത് അഞ്ച് പതിറ്റാണ്ടിന്‍റെ കണക്ക് പ്രകാരം കാസ്ട്രോയ്ക്ക് ഒരു ദിവസം 2 പങ്കാളികള്‍ ശരാശരി ഉണ്ടായിരുന്നുവത്രെ. സ്വാഭാവികമായും ഊതിപ്പെരുപ്പിച്ചതാണ് കണക്കെന്ന് വ്യക്തം. എങ്കിലും പല ഡസന്‍ സ്ത്രീകളുമായി കാസ്ട്രോയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നത് ചരിത്രം.
അമേരിക്കന്‍ ബാസ്ക്കറ്റ്ബോള്‍ ഇതിഹാസം വില്‍റ്റ് ചേംബര്‍ലെയിനാണ് ലിസ്റ്റില്‍ രണ്ടാമത്. 1991ല്‍ ചേംബര്‍ലെയിന്‍ എഴുതിയ എ വ്യൂ ഫ്രം എബവ് എന്ന പുസ്തകത്തില്‍ തനിക്ക് ഇരുപതിനായിരത്തോളം പങ്കാളികള്‍ ഉണ്ടായിട്ടുണ്ടെന്ന് അവകാശപ്പെടുന്നു.
രാഷ്ട്രീയക്കാരനും കായികപ്രതിഭയും കഴിഞ്ഞുവരുന്നത് ഒരു പോണ്‍ ആക്ടര്‍ ആണ്. അമേരിക്കക്കാരനായ ജോണ്‍ ഹോംസ്. പോണ്‍ ആക്ടര്‍ ആയതുകൊണ്ട് തന്നെ ഈ കൂട്ടത്തില്‍ ഏറ്റവും വ്യക്തമായ കണക്ക് അവകാശപ്പെടാനുള്ളത് ജോണ്‍ ഹോംസിനാണ്. 14,000 സ്ത്രീകളുമായാണ് ജോണ്‍ ഹോംസിന് ബന്ധമുണ്ടായിരുന്നത്.
അമേരിക്കന്‍ സിനിമാ നിര്‍മാതാവും നടനുമായ വാറന്‍ ബിയറ്റി ആണ് നാലാം സ്ഥാനത്തുള്ളത്. ബിയറ്റിയുടെ ജീവചരിത്രത്തില്‍ അദ്ദേഹം 12,775 സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്ന് പറയുന്നു.
ഓസ്‌ട്രേലിയൻ എഴുത്തുകാരിയും പൈലറ്റും, പ്രമുഖരുടെ എസ്കോര്‍ട്ടുമായിരുന്ന ഗ്വനെത്ത് മോണ്ടെനെഗ്രോ ആണ് ലിസ്റ്റിലെ ആദ്യ വനിത. പട്ടികയിലെ ഏറ്റവും വേദനാജനകമായ കഥയും ഗ്വനെത്തിന്‍റേതാണ്. പതിനെട്ടാം വയസില്‍ ഗ്വനെത്തിനെ ആണ്‍ സുഹൃത്ത് ലഹരിമരുന്ന് നല്‍കി മയക്കി തന്‍റെ സുഹൃത്തുക്കളുമായി പങ്കുവച്ചു. എന്നാല്‍ ചെയ്യാത്ത കുറ്റത്തിന് ഗ്വനെത്തിനെ സമൂഹം അവഹേവിച്ചു. തന്‍റെ അവസ്ഥയെ ഗ്വെന്നെത്ത് ഒരു തോല്‍വിയായല്ല കണ്ടത്. തന്നെ ലൈംഗികമായി അധിക്ഷേപിച്ചതിനെ അതേനാണയത്തില്‍ നേരിടാന്‍ അവര്‍ തീരുമാനിച്ചു. തുടര്‍ന്നുള്ള 15 വര്‍ഷം അവര്‍ ഒരു എസ്കോര്‍ട്ട് ആയി അവര്‍ ജോലി ചെയ്തു. തുടര്‍ന്ന് പൈലറ്റായി. ഇതിന് ശേഷമാണ് ഗ്വന്നെത്ത് എഴുത്തിലേക്ക് തിരിഞ്ഞതും അത് തന്‍റെ കരിയറാക്കി മാറ്റിയതും. ഗ്വന്നെത്തിന്‍റെ കണക്ക് പ്രകാരം അവര്‍ക്ക് 10,091 ലൈംഗികപങ്കാളികള്‍ ഉണ്ടായിരുന്നു.
WWE ഇതിഹാസമായ റിക്ക് ഫ്ലെയര്‍ ആണ് അടുത്തയാള്‍. പതിനായിരം ലൈംഗിക പങ്കാളികള്‍ തനിക്കുണ്ടായിരുന്നു എന്ന് ഫ്ലെയര്‍ അവകാശപ്പെട്ടിട്ടുണ്ട്.
നൈറ്റ്ക്ലബ് പ്രമോട്ടര്‍ മൗരീസിയോ സാന്‍ഫെന്‍റിയാണ് ആറാമന്‍. 6000 ലൈംഗികപങ്കാളികള്‍ തനിക്കുണ്ടായിരുന്നതായി സാന്‍ഫെന്‍റി അവകാശപ്പെടുന്നു.
എന്നാല്‍ അനൗദ്യോഗികമായി ലിസ്റ്റില്‍ പല പുരാതന രാജാക്കന്‍മാരും ഉണ്ട്. പക്ഷെ ഇവരുടെ കണക്കുകളിലെ ആധികാരികതയില്‍ സംശമുള്ളതിനാല്‍ ഇവിടെ പങ്കുവയ്ക്കുന്നില്ല.
അയ്യായിരത്തിലും അതിലേറെയും ബന്ധങ്ങള്‍ അവകാശപ്പെടുന്ന ആളുകള്‍ ഇനിയുമുണ്ട്. എന്നാല്‍ പ്രണയത്തിനും പ്ലേബോയ്ത്തരത്തിനും പേരുകേട്ട ഒരാളെക്കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അത് അനീതിയാകും. മറ്റാരുമല്ല Giacomo Casanova എന്ന കാസനോവ. കാസനോവ 122 സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് രേഖപ്പെടുത്തിയ കണക്കുകള്‍. നോക്കണേ കൗതുകം. പ്രണയത്തിനും ലൈംഗികതയ്ക്കും പേരുകേട്ട കാസനോവ ലിസ്റ്റില്‍ ഏറെ താഴെയാണ്.
ഇനി വാല്‍ക്കഷണം. ലൈംഗികത, പ്രണയം എന്നിവയെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്, പക്ഷേ അബ്യൂസ് അബ്യൂസുമാണ്. ജെഫ്രി എപ്സ്റ്റീനെയും അയാളുടെ കൂട്ടാളികളെയും പോലുള്ളവരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതും അതുകൊണ്ടുതന്നെ. പട്ടികയിലുള്ള ആരെങ്കിലും അബ്യൂസര്‍മാരായിരുന്നെങ്കില്‍ അത് ഒരുതരത്തിലും ന്യായീകരിക്കാനുമാവില്ല.