AI Generated Image

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ വെച്ച് യുവതിയും ഭർത്താവും ചേർന്ന് യുവതിയുടെ കാമുകനെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം വീട്ടുടമസ്ഥന് അയച്ച വോയ്‌സ് മെസ്സേജിലൂടെയാണ് യുവതി കുറ്റം സമ്മതിച്ചത്. ഡോംബിവ്‌ലി പ്രദേശത്തെ പൂട്ടിയിട്ട ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടെ അഴുകിയ മൃതദേഹം കണ്ടെടുത്തത്. ഒളിവിലായ ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഫ്ലാറ്റിൽ നിന്ന് കടുത്ത ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തിങ്കളാഴ്ച സംഭവം പുറത്തറിയുന്നത്. മാൻപഡ പ്രദേശത്തുള്ള ഈ ഫ്ലാറ്റ് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് സീനിയർ പൊലീസ് ഇൻസ്പെക്ടർ സന്ദീപൻ ഷിൻഡെ പറഞ്ഞു. ‘ദുർഗന്ധം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഫ്ലാറ്റ് ഉടമ ഉടൻ തന്നെ വാടകക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചു. ഇതിന് മറുപടിയായി വാടകക്കാരന്റെ ഭാര്യ ഉടമസ്ഥന് ഒരു വോയ്‌സ് മെസ്സേജ് അയക്കുകയായിരുന്നു. കാമുകൻ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായും, ഇതേത്തുടർന്ന് താനും ഭർത്താവും ചേർന്ന് അയാളെ വീടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയതായും യുവതി ഈ സന്ദേശത്തിൽ സമ്മതിക്കുന്നുണ്ട്,’ പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പൊലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്തുകയറിയപ്പോൾ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതക വിവരം പുറത്തറിയുന്നത് വൈകിപ്പിക്കാനും, ശരീരത്തിൽ നിന്നുള്ള ദ്രാവകങ്ങൾ കഴുകിക്കളയാനും, ശബ്ദം പുറത്തുകേൾക്കാതിരിക്കാനുമായി പ്രതികളായ ദമ്പതികൾ ബാത്ത്റൂമിലെ പൈപ്പ് തുറന്നുവിട്ടിരുന്നു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഒളിവിലുള്ള ദമ്പതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ മാൻപഡ പൊലീസ് ദമ്പതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

ENGLISH SUMMARY:

A shocking crime unfolded in Thane, Maharashtra, where a woman and her husband brutally murdered her lover in their rented flat. The confession came via a voice message sent to the landlord after the perpetrators fled, leaving behind a decaying body.