ഡൽഹിയിലെ കൽക്കാജിയിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥി കുത്തേറ്റു മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു സംഘം ആളുകളുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് 19 കാരനായ വിദ്യാർഥിക്ക് കുത്തേറ്റതെന്ന് പൊലീസ് അറിയിച്ചു. കൽക്കാജിയിലെ ഡി.ഡി.എ ഫ്ലാറ്റ്സ് ബി ബ്ലോക്കിലെ പാർക്കിന് സമീപമാണ് സംഭവം നടന്നത്.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തെക്കുറിച്ച് പൊലീസിന് ഫോൺ സന്ദേശം ലഭിക്കുന്നത്. ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം, കുത്തേറ്റു ചോര വാർന്ന നിലയിൽ കിടക്കുന്ന വിദ്യാർഥിയെയാണ് കാണുന്നത്. തുടർന്ന് വിദ്യാര്‍ഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഓഖ്ല ഫേസ്-2 ലെ ജെ.ജെ ക്യാമ്പിൽ താമസിക്കുന്ന സയ്യിദ് ഹുസൈൻ ആണ് കൊല്ലപ്പെട്ടത്. കൽക്കാജിയിലെ എം.സി.ഡി സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു ഇയാൾ. മൂന്ന് പേർ ഉൾപ്പെട്ട തർക്കത്തിനിടയിലാണ് ഹുസൈന് കുത്തേറ്റതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ കണ്ടെത്താനും പിടികൂടാനുമായി അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും, അക്രമത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം സാക്ഷികളെ ചോദ്യം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്.