സോനം രഘുവംശി എന്ന പേര് ഈ ദിവസങ്ങളില്‍ ദുസ്വപ്നം പോലെ പലരെയും പിന്തുടരുന്നുണ്ടാകും. മൂന്നാഴ്ച മുന്‍പ് മാത്രം വിവാഹം കഴിച്ചയാളെ ഒഴിവാക്കാന്‍ ഹണിമൂണ്‍ ട്രിപ്പ് പ്ലാന്‍ ചെയ്ത് കാമുകനെയും സുഹൃത്തുക്കളെയും കൊണ്ട് ഭര്‍ത്താവിനെ കൊല്ലിച്ച ഇരുപത്തിനാലുകാരി. ഒരു തെറ്റും ചെയ്യാത്ത ആ ഇരുപത്തെട്ടുകാരന്‍ ഒന്നുമറിയാതെ മരണത്തിലേക്ക് നടന്നുപോയി. ഇത്തരത്തില്‍ അനേകം കേസുകളാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പ്രതികളാകുന്ന കേസുകള്‍. പൈശാചികമായ കൊലപാതകങ്ങള്‍. എല്ലാകേസിലും വിവാഹേതരബന്ധമോ അതേപ്പറ്റിയുള്ള സംശയമോ നിഴല്‍ പോലെ ചേര്‍ന്നുകിടപ്പുണ്ട്.
മേഘാലയ ഹണിമൂണ്‍ മര്‍ഡര്‍
വീട്ടുകാര്‍ തീരുമാനിച്ച വിവാഹം...ഇഷ്ടമില്ലാത്ത ഭര്‍ത്താവ്... കാത്തിരിക്കുന്ന കാമുകന്‍... ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ഇരുപത്തിനാലുകാരിയുടെ മനസില്‍ തോന്നിയത് ഒന്നുമാത്രം. കൊലപാതകം! ഭര്‍ത്താവിനോട് ഇല്ലാത്ത സ്നേഹം നടിച്ച് ഹണിമൂണ്‍ ട്രിപ്പ് പ്ലാന്‍ ചെയ്തു. അവിടേക്ക് കാമുകനെയും അയാളുടെ സുഹൃത്തുക്കളെയും വരുത്തി. കനത്ത ആയുധം കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവിനെ കൊന്നു. ആ കാഴ്ച സോനം രഘുവംശി നോക്കിനിന്നു. മൃതദേഹം കൊക്കയില്‍ തള്ളി.
സോനവും രാജാ രഘുവംശിയും, ചിത്രം: x
മേയ് 11നാണ് സോനം ഇന്‍ഡോറില്‍ ട്രാന്‍സ്പോര്‍ട്ട് ബിസിനസ് നടത്തിയിരുന്ന ഇരുപത്തെട്ടുകാരന്‍ രാജാ രഘുവംശിയെ വിവാഹം കഴിച്ചത്. സോനത്തിന്‍റെ പിതാവും ഇന്‍ഡോറിലെ അറിയപ്പെടുന്ന പ്ലൈവുഡ് ബിസിനസുകാരന്‍. അച്ഛന്‍റെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന സോനത്തിന് അവിടെ ബില്ലിങ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജീവനക്കാരനായിരുന്ന രാജ് കുശ്‌വാഹ എന്ന ഇരുപത്തൊന്നുകാരനുമായി അടുപ്പമുണ്ടായിരുന്നു.
കര്‍ക്കശക്കാരനായ അച്ഛന്‍ ദേവീസിങ് രഘുവംശി മകളെ വീടിനും ഓഫിസിനും പുറത്ത് മറ്റാരുമായും ഇടപഴകാന്‍ അനുവദിച്ചിരുന്നില്ല. ദേവീസിങ് തന്നെയാണ് വരനെ കണ്ടെത്തിയതും മകളുടെ വിവാഹം നടത്തിയതും. എന്നാല്‍ തുടക്കം മുതല്‍ രാജയോട് സോനം അകല്‍ച്ച പാലിച്ചു. രാജ് കുശ്‍വാഹയുമായി ഫോണ്‍ വഴി ബന്ധം തുടര്‍ന്നു. ഭാര്യ അടുപ്പം കാട്ടുന്നില്ലെന്ന് രാജ അമ്മയോട് പറഞ്ഞശേഷം സോനം ഭര്‍ത്താവിനോട് അടുപ്പം അഭിനയിക്കാന്‍ തുടങ്ങി. എന്നാല്‍ അത് മറ്റൊരു ആലോചനയുടെ തുടക്കമായിരുന്നു. മേഘാലയയിലേക്ക് ഹണിമൂണ്‍ ട്രിപ്പ് പോകാമെന്ന് സോനം രാജയോടുപറഞ്ഞു. രാജ സന്തോഷത്തോടെ സമ്മതിച്ചു. മേയ് 22ന് ഇരുവരും മേഘാലയയില്‍ എത്തി. ഗുവാഹതി മുതല്‍ രാജ് കുശ്‍വാഹയും മൂന്ന് സുഹൃത്തുക്കളും ഇവരെ പിന്തുടര്‍ന്നിരുന്നു. രാജയെ കൊല്ലാന്‍ കഴിയില്ലെന്ന് ക്വട്ടേഷന്‍ സംഘം മടി കാട്ടിയപ്പോള്‍ 20 ലക്ഷം രൂപ നല്‍കാമെന്നായി സോനം. ഒടുവില്‍ അവര്‍ കൃത്യം നിര്‍വഹിച്ചു.
സോനം, രാജ രഘുവംശി, കാമുകന്‍ രാജ് കുശ്‌വാഹ (ഇടത്തേയറ്റം)
23നുശേഷം ഇരുവരുടെയും ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. രണ്ടുദിവസമായപ്പോഴേക്കും പരിഭ്രാന്തരായ രാജയുടെ സഹോദരന്മാരും സോനത്തിന്‍റെ സഹോദരനും മേഘാലയയിലെത്തി. പരാതി നല്‍കി. പൊലീസിനൊപ്പം അവരും തിരച്ചില്‍ തുടങ്ങി. ഒടുവില്‍ രാജ വാടകയ്ക്കെടുത്ത സ്കൂട്ടറില്‍ ഘടിപ്പിച്ചിരുന്ന ജിപിഎസ് സംവിധാനം തുണയായി. വെയ് സ്വാഡോങ് എന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്കൂട്ടര്‍ കണ്ടെത്തി. പിന്നെ നടത്തിയ വിപുലമായ തിരച്ചിലിനൊടുവില്‍ സ്കൂട്ടര്‍ കിടന്ന സ്ഥലത്തുനിന്ന് 25 കിലോമീറ്റര്‍ അകലെ അടിയേറ്റ് തകര്‍ന്ന തലയുമായി രാജാ രഘുവംശിയുടെ മൃതദേഹവും കണ്ടെത്തി. രാജയുടെ പഴ്സും മാലയും ഡയമണ്ട് ബ്രേസ്‍ലെറ്റും മോതിരവും നഷ്ടപ്പെട്ടിരുന്നു.
മേയ് 23നുതന്നെ സോനം മേഘാലയയില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോയി. അവിടെ മുറിയെടുത്ത് താമസിച്ചു. പിറ്റേന്ന് ഒരു വാഹനത്തില്‍ ഉത്തര്‍പ്രദേശിലേക്ക് കടന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ ഗാസിപ്പുര്‍ ജില്ലയിലെ നന്ദ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പിന്നെ ചുരുളഴിഞ്ഞത് ആരെയും നടുക്കുന്ന കൊലപാതകത്തിന്‍റെ വിശദാംശങ്ങള്‍.
ഒരു റീ യൂണിയന്‍ കൊലപാതകം
'നിന്നോട് ഞാന്‍ പറഞ്ഞതല്ലേടാ എന്റെ പെണ്ണിനെ ഒന്നും ചെയ്യരുതെന്ന്... എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും. പക്ഷെ എന്റെ പെണ്ണ്... നിനക്ക് മാപ്പില്ല’. കണ്ണൂര്‍ കൈതപ്രത്ത് ബിജെപി പ്രവര്‍ത്തകന്‍ കെ.കെ.രാധാകൃഷ്ണനെ വെടിവച്ചുകൊല്ലും മുന്‍പ് പ്രതി എന്‍.കെ.സന്തോഷ് ഫെയ്സ്ബുക്കില്‍ ഇട്ട കുറിപ്പാണിത്. രാധാകൃഷ്ണന്‍റെ ഭാര്യ മിനി നമ്പ്യാരുമായുള്ള സന്തോഷിന്‍റെ സൗഹൃദമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മാര്‍ച്ച് ഇരുപതിന് രാത്രി രാധാകൃഷ്ണന്‍ പുതുതായി പണിയുന്ന വീടിന് സമീപത്തുവച്ചായിരുന്നു കൊലപാതകം. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തില്‍ മിനി നമ്പ്യാരെയും അറസ്റ്റ് ചെയ്തു.
എന്‍.കെ. സന്തോഷ്
ഗുഡ്സ് ഓട്ടോറിക്ഷ ഓടിച്ചിരുന്ന രാധാകൃഷ്ണന്‍ നാട്ടില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. രാധാകൃഷ്ണന്‍റെ ഭാര്യ മിനിയും പ്രതി സന്തോഷും സഹപാഠികളായിരുന്നു. ഒരു പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വച്ച് ഇരുവരും പരിചയം പുതുക്കി. സൗഹൃദം വളര്‍ന്നു. രാധാകൃഷ്ണനുമായും ബന്ധം സ്ഥാപിച്ചു. രാധാകൃഷ്ണന്‍റെ പുതിയ വീടിന്‍റെ നിര്‍മാണജോലികള്‍ പോലും സന്തോഷിനെ ഏല്‍പ്പിച്ചു. എന്നാല്‍ ഒരുഘട്ടത്തില്‍ മിനിയും സന്തോഷും തമ്മിലുള്ള സൗഹൃദം അതിരുവിടുന്നുവെന്ന് തോന്നിയ രാധാകൃഷ്ണന്‍ ഭാര്യയെ ശകാരിച്ചു. പരസ്പരം വഴക്കുണ്ടായി. സന്തോഷിനെ വിലക്കി. ഇതേത്തുടര്‍ന്നുണ്ടായ ശത്രുതയാണ് രാധാകൃഷ്ണന്‍റെ ജീവനെടുത്തത്.
മിനി നമ്പ്യാര്‍
ബ്രേക്കപ് കൊലപാതകം
ഈമാസം ആറിന് ബെംഗളൂരു നഗരം നടുങ്ങി! പൂര്‍ണപ്രജ്ഞ ഹൗസിങ് ലേഔട്ടിലുള്ള ഒരു ഹോട്ടലില്‍ മുപ്പത്തിമൂന്നുകാരി കുത്തേറ്റുമരിച്ചു. ആഴത്തിലുള്ള 13 കുത്തുകള്‍ മൃതദേഹത്തിലുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചുകാരനെ സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രി വിട്ടയുടന്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബനശങ്കരിയിലെ ഹെമ്മിഗെപുരയില്‍ താമസിച്ചിരുന്ന ഹരിണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മൂന്നുവര്‍ഷം മുന്‍പ് തുടങ്ങിയ ബന്ധം അവസാനിപ്പിക്കണമെന്ന് ഹരിണി ആവശ്യപ്പെട്ടതാണ് സുഹൃത്ത് യശസിനെ പ്രകോപിപ്പിച്ചതും കൊലപാതകത്തില്‍ കലാശിച്ചതും.
യശസും ഹരിണിയും (image:x)
കര്‍ഷകനായ ദാസെഗൗഡയുടെ ഭാര്യയാണ് ഹരിണി. 2012ലായിരുന്നു ഇവരുടെ വിവാഹം. മൂന്നുവര്‍ഷം മുന്‍പ് ഒരു ഉല്‍സവച്ചന്തയില്‍ വച്ചാണ് ഹരിണി കെങ്കേരി സ്വദേശിയായ യശസിനെ പരിചയപ്പെടുന്നത്. ഹരിണിയുടെ സുഹൃത്തിന്‍റെ പരിചയക്കാരനായിരുന്നു യശസ്. ക്രമേണ അടുപ്പം വളര്‍ന്നു. വിവാഹേതരബന്ധമായി മാറി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഹരിണിയുടെ ഭര്‍ത്താവ് ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞു. വീട്ടുകാരെ വിവരം അറിയിച്ചു. ഇരുവീട്ടുകാരും ഹരിണിയുമായി സംസാരിച്ചു. യശസുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് ഹരിണി സമ്മതിച്ചു. അക്കാര്യം പറയാനാണ് ഹോട്ടലിലെത്തിയത്.
കാണണമെന്ന് ഹരിണി പറഞ്ഞപ്പോള്‍ത്തന്നെ അത് അവസാനത്തെ കൂടിക്കാഴ്ച ആയിരിക്കുമെന്ന് യശസ് ഊഹിച്ചു. കൊലപ്പെടുത്താനുള്ള പദ്ധതി അപ്പോള്‍ത്തന്നെ ആലോചിച്ചിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഹരിണിയെ കൂട്ടി യശസ് ഹോട്ടലിലേക്ക് പോയി. അവിടെ സമയം ചെലവഴിച്ചശേഷം ഹരിണി വീട്ടിലേക്ക് തിരിച്ചുപോകാനിറങ്ങി. ഈ സമയത്താണ് ഇനി കാണാന്‍ കഴിയില്ലെന്നും എല്ലാം വീട്ടില്‍ അറിഞ്ഞുവെന്നും യശസിനോട് പറഞ്ഞത്. നിയന്ത്രണംവിട്ട യശസ് കയ്യില്‍ കരുതിയ കത്തി കൊണ്ട് ഹരിണിയെ തുരുതുരാ കുത്തി. കഴുത്തിലും നെഞ്ചിലും മുതുകിലും ഉള്‍പ്പെടെ 13 മുറിവുകളാണ് അവരുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ‘എന്‍റെ കൂടെ ജീവിക്കാന്‍ അവള്‍ക്ക് കഴിയില്ലെങ്കില്‍ മറ്റാരുടെയും കൂടെ അവള്‍ കഴിയേണ്ട...’ – ഇതായിരുന്നു കൊലയ്ക്ക് കാരണമായി യശസ് പൊലീസിനോട് പറഞ്ഞത്.
ഭര്‍ത്താവിനെ വെട്ടിനുറുക്കിയ മുസ്കാന്‍
മാര്‍ച്ച് മാസം രാജ്യത്തെ പിടിച്ചുലച്ച കേസാണ് മീററ്റിലെ മര്‍ച്ചന്‍റെ നേവി ഉദ്യോഗസ്ഥന്‍ സൗരഭ് രാജ്പുത്തിന്‍റെ കൊലപാതകം. ഭാര്യയും കാമുകനും ചേര്‍ന്ന് സൗരഭിനെ കുത്തിക്കൊന്ന്, ശരീരം വെട്ടിനുറുക്കി പ്ലാസ്റ്റിക് വീപ്പയില്‍ നിറച്ചശേഷം കോണ്‍ക്രീറ്റ് ചെയ്തു. 15 ദിവസത്തിനുശേഷം വീപ്പയില്‍ നിന്ന് കടുത്ത ദുര്‍ഗന്ധം വമിച്ചതോടെയാണ് പൊലീസ് രംഗത്തുവന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചുരുള്‍ നിവര്‍ത്തിയത് പ്രണയവും ചതിയും ലഹരിയും സെക്സുമെല്ലാം ചേര്‍ന്ന കുറ്റകൃത്യങ്ങളുടെ ശൃംഖല.
സൗരഭ്, മുസ്കാന്‍ (ചിത്രം : Facebook)
മുപ്പത്തഞ്ചുകാരനായ സൗരഭ് രാജ്പുത് 2016ലാണ് കുടുംബത്തിന്‍റെ എതിര്‍പ്പവഗണിച്ച് മുസ്കാന്‍ റസ്തോഗി എന്ന ഇരുപത്തേഴുകാരിയെ വിവാഹം കഴിച്ചത്. അതിനുശേഷം സ്വന്തം കുടുംബവുമായുള്ള ബന്ധം പോലും സൗരഭ് വിച്ഛേദിച്ചു. മീറ്ററിലെ വാടകവീട്ടിലായിരുന്നു താമസം. 2020ല്‍ സൗരഭ് ജോലിക്കായി ലണ്ടനിലേക്ക് പോയശേഷവും മുസ്കാന്‍ അവിടെത്തന്നെ താമസിച്ചു. അതിനുശേഷമാണ് അയല്‍വാസിയായ സാഹില്‍ ശുക്ലയുമായി പരിചയപ്പെട്ടതും ബന്ധം തുടങ്ങിയതും. ഇരുവരും ഒന്നിച്ച് ലഹരിമരുന്നുപയോഗിക്കുന്നതും പതിവായിരുന്നു.
ഫെബ്രുവരി 24. പിറ്റേന്ന് മുസ്കാന്‍റെ പിറന്നാളാണ്. ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ സൗരഭ് ലണ്ടനില്‍ നിന്ന് പറന്നെത്തി. സര്‍പ്രൈസിനപ്പുറം മുസ്കാന്‍ ശരിക്കും ഞെട്ടി. സാഹിലുമായുള്ള ബന്ധം, ലഹരി ഉപയോഗം, പണച്ചെലവുകള്‍ അങ്ങനെ സൗരഭില്‍ നിന്ന് മറച്ചുപിടിക്കാന്‍ ഒരുപാടുണ്ടായിരുന്നു. ഒടുവില്‍ അവര്‍ രണ്ടുവര്‍ഷമായി ആലോചിച്ചിരുന്ന കാര്യം നടപ്പാക്കാന്‍ തീരുമാനിച്ചു. സൗരഭിനെ തീര്‍ക്കുക! ഒറ്റയ്ക്ക് കൊലപ്പെടുത്താനാവില്ല. സാഹിലിനെ അതിന് പ്രേരിപ്പിക്കാന്‍ തനിക്ക് അമാനുഷിക ശക്തികളുണ്ടെന്നുവരെ അവള്‍ പറഞ്ഞുവിശ്വസിപ്പിച്ചു.
സൗരഭിനെ മറവ് ചെയ്ത വീപ്പ പൊലീസ് കണ്ടെത്തിയപ്പോള്‍
മാര്‍ച്ച് നാലിന് സൗരഭിനെ ഇരുവരും ചേര്‍ന്ന് കുത്തിവീഴ്ത്തി. ആറുവയസുള്ള മകള്‍ തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുമ്പോള്‍ അവര്‍ വെട്ടുകത്തി കൊണ്ട് സൗരഭിന്‍റെ ജഡം വെട്ടിമുറിച്ചു. കഷ്ണങ്ങള്‍ പ്ലാസ്റ്റിക് വീപ്പയിലിട്ടു. സിമന്‍റും മണ്ണും കല്ലുമെല്ലാം കുഴച്ച് കോണ്‍ക്രീറ്റ് പോലെയാക്കി വീപ്പയില്‍ നിറച്ചു. തുടര്‍ന്ന് മുസ്കാനും സാഹിലും ഹില്‍സ്റ്റേഷനിലേക്ക് ടൂര്‍ പോയി. ദിവസങ്ങള്‍ കഴിഞ്ഞാണ് സൗരഭിന്‍റെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. പൊലീസ് എത്തി വിശദമായി പരിശോധിച്ചപ്പോള്‍ വീപ്പയില്‍ നിന്നാണെന്ന് മനസിലായി. വീപ്പ പൊളിച്ച പൊലീസുകാര്‍ നടുങ്ങി!
മാര്‍ബിള്‍ കട്ടര്‍ ഉപയോഗിച്ചാണ് വീപ്പ പൊളിച്ചത്. സൗരഭിന്‍റെ ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകിയതിനാല്‍ കൃത്യമായ പോസ്റ്റുമോര്‍ട്ടം അസാധ്യമായിരുന്നു. മരണകാരണം കണ്ടെത്താന്‍ കഴിയുന്ന അവസ്ഥയും ഉണ്ടായിരുന്നില്ല. ഡിഎന്‍എ പരിശോധനയില്‍ സൗരഭിന്റേതാണ് മൃതദേഹം എന്ന് ഉറപ്പിച്ചു. ടൂര്‍ കഴിഞ്ഞ് മടങ്ങിയെത്തിയ മുസ്കാന്‍ അപകടം മണത്തു. വൈകാരികമായി തളര്‍ന്ന അവര്‍ ഒടുവില്‍ സ്വന്തം അമ്മയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. സാഹചര്യത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ അവര്‍ ഉടന്‍ മകളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. മുസ്കാനും സാഹിലും അഴിക്കുള്ളിലുമായി.
ഹരിയാനയിലെ യൂട്യൂബര്‍ കൊലയാളി
ഇന്‍സ്റ്റഗ്രാമില്‍ 34000 ഫോളോവേഴ്സ്, യൂട്യൂബില്‍ അയ്യായിരത്തിലേറെ സബ്സ്ക്രൈബേഴ്സ്. ഹരിയാനക്കാരി രവീണ ചെറിയ ഇന്‍ഫ്ലുവന്‍സറൊന്നും ആയിരുന്നില്ല. കുടുംബ ബന്ധങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുന്ന വിഡിയോകളായിരുന്നു ഏറെയും. വാസ്തവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ വിഡിയോയും രവീണയെ സ്വന്തം കുടുംബത്തില്‍ നിന്ന് അകറ്റുകയായിരുന്നു. രവീണ വിഡിയോ ചെയ്യുന്ന രീതികളെ ഭര്‍ത്താവ് പ്രവീണ്‍ എതിര്‍ത്തിരുന്നു. അതിനിടെ മറ്റൊരു വിഡിയോ ക്രിയേറ്ററായ സുരേഷിനെ പരിചയപ്പെട്ടു. അധികം വൈകാതെ ഇരുവരും ചേര്‍ന്ന് വിഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. ഇതിന്‍റെ പേരില്‍ രവീണയും പ്രവീണും വഴക്കിട്ടു. രവീണയ്ക്ക് സുരേഷുമായി അതിരുവിട്ട ബന്ധമുണ്ടെന്നും പ്രവീണിന് സംശയമായി. അത് അസ്ഥാനത്തായിരുന്നില്ല.
മാര്‍ച്ച് 25ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രവീണ്‍ സ്വന്തം ഭാര്യയെയും സുരേഷിനെയും അരുതാത്ത നിലയില്‍ കണ്ടു. നിയന്ത്രണം വിട്ട പ്രവീണ്‍ ഇരുവരെയും ആക്രമിക്കാന്‍ മുതിര്‍ന്നു. എന്നാല്‍ പ്രവീണിനെ തള്ളിയിട്ട രവീണ സ്വന്തം ദുപ്പട്ട ഭര്‍ത്താവിന്‍റെ കഴുത്തില്‍ മുറുക്കി. ഇരുവരും ചേര്‍ന്ന് പ്രവീണിനെ ശ്വാസംമുട്ടിച്ച് കൊന്നു. രാത്രി റോഡുകളില്‍ ആളൊഴിയുംവരെ മൃതദേഹം വീടിനുള്ളില്‍ സൂക്ഷിച്ചു. അര്‍ധരാത്രി പന്ത്രണ്ടരയോടെ മൃതദേഹം ബൈക്കില്‍ കയറ്റി. സുരേഷ് വണ്ടിയോടിച്ചു. പിന്നില്‍ രവീണ. മധ്യത്തില്‍ പ്രവീണിന്‍റെ ജഡം! ആറുകിലോമീറ്റര്‍ അകലെ റോഡരികിലെ തോട്ടില്‍ മൃതദേഹം തള്ളി ഇരുവരും തിരിച്ചുപോയി.
മൂന്നുദിവസത്തിനുശേഷമാണ് അഴുകിയനിലയില്‍ പ്രവീണിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇരുദിശയിലെയും പൊലീസ് സിസിടിവികള്‍ പരിശോധിച്ചു. ബൈക്കില്‍ മൂന്നുപേര്‍ പോകുന്നതും ഒരാള്‍ നിശ്ചലനായി നടുക്ക് കിടക്കുന്നതും കണ്ടനിമിഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാര്യം മനസിലായി. ബൈക്കിന്‍റെ നമ്പര്‍ ഉപയോഗിച്ച് ആളെ കണ്ടെത്തി. രവീണയെയും സുരേഷിനെയും സിസിടിവിയില്‍ വ്യക്തമായി കാണാമായിരുന്നു. വിവാഹേതരബന്ധം കണ്ടുപിടിച്ച ഒറ്റക്കാരണം കൊണ്ട് മുപ്പത്തഞ്ചുകാരന് നഷ്ടപ്പെട്ടത് സ്വന്തം ജീവന്‍. ആ വീട്ടില്‍ അവശേഷിച്ചത് ആറുവയസുള്ള മകന്‍ മാത്രം.
കഴുത്തറ്റുവീണ മസ്താന്‍
രാജസ്ഥാനിലെ അജ്മേര്‍. ഏപ്രില്‍ എട്ടിന് നസീറാബാദ് രജോസി റോഡിലെ ഹൗസിങ് ബോര്‍ഡ് കോളനിക്ക് എതിര്‍വശത്തുള്ള പഴക്കം ചെന്ന് തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഒരു മൃതദേഹം കണ്ടെത്തി. കഴുത്ത് മുറിച്ച നിലയില്‍ ഒരു യുവാവിന്‍റെ ജഡം. പൊലീസ് അന്വേഷണം ചെന്നെത്തിയത് രജോസി ഗ്രാമത്തിലെ നദി കാ ബദിയയില്‍ താമസിച്ചിരുന്ന മസ്താന്‍ ചിത്തയില്‍. മുപ്പതുകാരനായ മസ്താന്‍റെ ഭാര്യ ജന്‍ത വാര്‍ത്ത കേട്ട് നടുങ്ങി. മസ്താനൊപ്പം ജോലി ചെയ്തിരുന്ന രണ്‍ജീത് ആയിരിക്കാം കൊല നടത്തിയതെന്ന് ജന്‍ത പൊലീസിനോട് പറഞ്ഞു. തന്നെ മര്‍ദിച്ചത് ചോദ്യം ചെയ്തതിന്റെ പേരില്‍ രണ്‍ജീതിന് മസ്താനോട് വിരോധമുണ്ടായിരുന്നുവെന്നുമായിരുന്നു അവരുടെ മൊഴി.
ജന്‍തയും കാമുകന്‍ ബഷീറും
രണ്‍ജീതിനെ വിശദമായി ചോദ്യം ചെയ്തതോടെ പൊലീസ് അന്വേഷണത്തിന്‍റെ ട്രാക്ക് മാറ്റി. ജന്‍തയെ നിരീക്ഷിച്ചു. ഫോണ്‍ രേഖകള്‍ വിലയിരുത്തി. വിളിച്ചുവരുത്തി സംസാരിച്ചു. ചോദ്യംചെയ്യല്‍ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ജന്‍തയുടെ കഥകള്‍ ഒന്നൊന്നായി പൊളിഞ്ഞു. തെളിഞ്ഞുവന്നത് സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള ആസൂത്രണം. കാരണം, കാമുകനൊപ്പം ജീവിക്കാന്‍ മസ്താനെ ഒഴിവാക്കണം.
ജന്‍തയുടെ കാമുകനെ തേടിയുള്ള അന്വേഷണം എത്തിയത് രജോസിക്കടുത്തുള്ള ദുന്‍ഗാജി കാ ബദിയ ഗ്രാമത്തിലെ ബഷീര്‍ ഖാന്‍ ചിത്തയുടെ വീട്ടില്‍. കാലുകള്‍ക്ക് സ്വാധീനമില്ലാത്ത ഒരു യുവാവ്. സ്ട്രെച്ചറില്‍ ഊന്നിയാണ് നടത്തം. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കഥ പൂര്‍ണമായി തെളിഞ്ഞുവന്നു. ഏപ്രില്‍ ഏഴിന് വൈകിട്ട് മസ്താന്‍ ജോലി കഴിഞ്ഞ വീട്ടിലെത്തിയപ്പോള്‍ ജന്‍ത ബഷീറിനൊപ്പം പുറത്തുപോകാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിച്ചു. ബഷീര്‍ മസ്താനെയും കൊണ്ട് രജോസി റോഡിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലെത്തി. ഇരുവരും അവിടെ ഇരുന്ന് മദ്യപിച്ചു. മസ്താന് അമിതമായി മദ്യം നല്‍കി. അര്‍ധബോധാവസ്ഥയിലായ അയാളെ പിടിച്ചുവച്ച് ബഷീര്‍ കഴുത്തുമുറിച്ചു. തുടര്‍ന്ന് സ്വന്തം മുച്ചക്രവാഹനത്തില്‍ വീട്ടിലേക്ക് പോയി.
ജന്‍ത മസ്താനെ കൊലപ്പെടുത്താനുള്ള ആസൂത്രണം നേരത്തേ തന്നെ തുടങ്ങിയിരുന്നു. അതിന്‍റെ ഭാഗമായിരുന്നു രണ്‍ജീതിനെതിര പൊലീസില്‍ പരാതി നല്‍കിയ നാടകം. ജീവന് ഭീഷണിയുണ്ടെന്നുപറഞ്ഞ് തൊട്ടടുത്ത ദിവസങ്ങളില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതികള്‍ അയച്ചു. മസ്താനെ കൊന്നശേഷം പഴി രണ്‍ജീതിന്‍റെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നു ഉദ്ദേശ്യം. പൊലീസിന്‍റെ സംശയങ്ങളും മൊഴികളിലെ പൊരുത്തക്കേടുകളും രണ്‍ജീതിന് രക്ഷയായി. ഒന്നുമറിയാതെ മസ്താന്‍ മണ്ണിലമര്‍ന്നു.
വിവാഹത്തിന് കിട്ടിയ പണം കൊണ്ട് കൊലപാതകം
ഉത്തര്‍പ്രദേശിലെ ഔരിയയില്‍ മാര്‍ച്ച് അഞ്ചിന് ഒരു വിവാഹം നടന്നു. പതിനാലാം ദിവസം, മാര്‍ച്ച് 19ന് വരന്‍ വെടിയേറ്റുമരിച്ചു. മാര്‍ച്ച് 24ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതി, കൊല്ലപ്പെട്ട യുവാവിന്‍റെ ഭാര്യ! കൂട്ടുപ്രതി അവരുടെ കാമുകന്‍. മൂന്നാമന്‍ വെടിയുതിര്‍ത്ത കൊലയാളി.
പ്രഗതിയും ദിലീപും വിവാഹവേളയില്‍( Image:x)
പ്രഗതി എന്ന ഇരുപത്തിരണ്ടുകാരി ഔരിയ സ്വദേശി ദിലീപ് യാദവിനെ വിവാഹം കഴിച്ചത് വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ്. വിവാഹത്തിന് മുന്‍പുമുതല്‍ അനുരാഗ് എന്ന യുവാവുമായി പ്രഗതി പ്രണയത്തിലായിരുന്നു. വിവാഹത്തിനുശേഷവും അനുരാഗിനൊപ്പം ഓടിപ്പോകാന്‍ പ്രഗതി ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടുകണ്ട വഴിയാണ് ദിലീപിനെ കൊലപ്പെടുത്തുക എന്നത്.
ഭര്‍ത്താവിനെ തീര്‍ക്കാന്‍ പ്രഗതി ഒരു വാടകക്കൊലയാളിയെ കണ്ടെത്തി. രാംജി എന്ന ഗുണ്ടയായിരുന്നു അത്. അയാള്‍ക്ക് 2 ലക്ഷം രൂപ നല്‍കി. ഇതില്‍ ഒരുലക്ഷം രൂപയിലേറെ വിവാഹത്തിന് സമ്മാനമായി ലഭിച്ചതായിരുന്നു. മാര്‍ച്ച് 19ന് അനുരാഗും രാംജിയും ദിലീപിനെ പ്രലോഭിപ്പിച്ച് ഔരിയയിലെ സഹര്‍ മേഖലയിലുള്ള പാടത്ത് എത്തിച്ചു. അവിടെ വച്ച് ഇരുവരും ചേര്‍ന്ന് അയാളെ ആക്രമിച്ചു. ഒടുവില്‍ ദീലിപീനെ വെടിവച്ചശേഷം അക്രമികള്‍ കടന്നുകളഞ്ഞു.
പാടത്ത് യുവാവ് മുറിവേറ്റ് കിടക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാരാണ് ദിലീപിനെ ആശുപത്രിയില്‍ എത്തിച്ചത്. നില വഷളായതോടെ ഗ്വാളിയറിലെയും ആഗ്രയിലെയും ആശുപത്രികളില്‍ കൊണ്ടുപോയി. ഒടുവില്‍ ഔരിയയിലെ ആശുപത്രിയില്‍ വച്ചാണ് ദിലീപ് മരിച്ചത്. അതും കാരണമറിയാതെ. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതും ഗൂഢാലോചന ഉള്‍പ്പെടെ കണ്ടെത്തിയതും.
ഉഡുപ്പിയിലെ ബ്യൂട്ടി പാര്‍ലര്‍
കര്‍ണാടകയിലെ ഉഡുപ്പി അജേക്കറില്‍ ബാലകൃഷ്ണ എന്ന നാല്‍പ്പത്തിനാലുകാരന്‍ കഴിഞ്ഞ ഒക്ടോബര്‍ ഇരുപതിന് മരിച്ചു. മൂന്നാഴ്ചയിലേറെയായി പനിയും ഛര്‍ദിയുമെല്ലാമായി ചികില്‍സയിലായിരുന്നു ബാലകൃഷ്ണ. ഭാര്യ പ്രതിമയും ബന്ധുക്കളും മണിപ്പാലിലെയും മംഗലാപുരത്തെയും ബെംഗളൂരുവിലെയുമെല്ലാം ആശുപത്രികളില്‍ കൊണ്ടുപോയി ചികില്‍സിച്ചെങ്കിലും രോഗം കുറഞ്ഞില്ല. മഞ്ഞപ്പിത്തമാണെന്ന് ചില ഡോക്ടര്‍മാര്‍ പറഞ്ഞു. ഒടുവില്‍ അജേക്കറിലെ വീട്ടില്‍ തിരികെയെത്തിച്ചു. അന്ന് അര്‍ധരാത്രിക്കുശേഷമാണ് മരണം സംഭവിച്ചത്.
Image: x.com/DulenBaruah
അളിയന്‍റെ മരണത്തില്‍ പ്രതിമയുടെ സഹോദരന് വല്ലാത്ത സംശയങ്ങള്‍ തോന്നി. രോഗത്തെക്കുറിച്ചും ചികില്‍സയെക്കുറിച്ചും തലേന്ന് സംഭവിച്ച കാര്യങ്ങളെക്കുറിച്ചുമൊക്കെ വിശദമായി സഹോദരിയോട് ചോദിച്ചു. ഉത്തരങ്ങള്‍ സംശയം വര്‍ധിപ്പിച്ചതോടെ സഹോദരന്‍റെ മട്ടുമാറി. ഒടുവില്‍ പ്രതിമ സംഭവിച്ച കാര്യങ്ങള്‍ തുറന്നുപറഞ്ഞു. വിഷം നല്‍കിയതുകൊണ്ടാണ് ഭര്‍ത്താവിന്‍റെ ആരോഗ്യം ക്ഷയിച്ചത്. വീണ്ടും വിഷം നല്‍കിയിട്ടും മരിക്കാതെ വന്നതോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന്‍റെ കാരണം തിരഞ്ഞപ്പോഴാണ് പ്രതിമയുടെ കാമുകന്‍ ദീലീപ് ഹെഗ്ഡെ (28) പിടിയിലായത്. ഒന്നിച്ചുജീവിക്കാന്‍ ബാലകൃഷ്ണയെ ഒഴിവാക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. ആദ്യം ദിലീപിന്‍റെ നിര്‍ദേശപ്രകാരം കുറഞ്ഞ അളവില്‍ വിഷം നല്‍കി. ഛര്‍ദിയും പനിയും പിടിച്ച് ബാലകൃഷ്ണ അവശനായി. ആശുപത്രികള്‍ തോറും അലഞ്ഞ് ഒടുവില്‍ ഒക്ടോബര്‍ 19ന് വീട്ടില്‍ തിരികെയെത്തിച്ച് ‘ആയുര്‍വേദ ചികില്‍സ’ തുടങ്ങി. പിറ്റേന്ന് പുലര്‍ച്ചെ 1.30ന് പ്രതിമയും ദിലീപും ചേര്‍ന്ന് ബാലകൃഷ്ണയെ കഴുത്തുഞെരിച്ച് കൊന്നു.
അജേക്കറില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയായിരുന്നു പ്രതിമ. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ക്രിയേറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു പ്രധാന വിനോദം. ഈ റീലുകള്‍ കണ്ടാണ് ദിലീപ് പ്രതിമയെ പരിചയപ്പെടുന്നത്. അടുപ്പം പ്രണയമായി, വിവാഹേതരബന്ധമായി വളര്‍ന്നു. ഒടുവില്‍ ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചു. അതിന് ഒരേയൊരു തടസം ബാലകൃഷ്ണയായിരുന്നു. ഒടുവില്‍ ഇരുവരും ജയിലറയിലുമായി.
ഓടയില്‍ കണ്ടെത്തിയ മൃതദേഹം
ഫെബ്രുവരി മൂന്നിന് ഡല്‍ഹിക്കടുത്ത് ഗുരുഗ്രാം സെക്ടര്‍–56ല്‍ ഒരു യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഓടയില്‍ തള്ളിയ നിലയിലായിരുന്നു ശരീരം. ആദ്യകാഴ്ചയില്‍ത്തന്നെ കൊലപാതകമെന്ന സൂചന പൊലീസിന് ലഭിച്ചു. അന്വേഷണം എത്തിയത് സെക്ടര്‍ 23 സഞ്ജയ് കോളനിയില്‍. തൊഴിലാളിയായ രാകേഷിന്‍റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. രാകേഷിന്‍റെ സഹോദരന്‍ സന്തോഷ് സംശയം പ്രകടിപ്പിച്ചതനുസരിച്ച് രാകേഷിന്‍റെ ഭാര്യ രഞ്ജിതയോട് പൊലീസ് സംസാരിച്ചു.
രാകേഷും രഞ്ജിതയും (ചിത്രം: X)
ജനുവരി 31ന് ഒരാളോട് പണം വാങ്ങാനുണ്ടെന്നുപറഞ്ഞാണ് രാകേഷ് വീട്ടില്‍ നിന്ന് പോയതെന്ന് രഞ്ജിത പറഞ്ഞു. എന്നാല്‍ ഫെബ്രുവരി രണ്ടിന് രാകേഷിന്‍റെ സഹോദരന്‍ വീട്ടിലെത്തി തിരക്കുമ്പോള്‍ മാത്രമാണ് രാകേഷിനെ തിരിച്ചുവന്നില്ലെന്ന് രഞ്ജിത അറിയിച്ചത്. അതുവരെ ഇക്കാര്യം അവര്‍ പൊലീസിനെയും അറിയിച്ചില്ല. തുടര്‍ന്ന് സന്തോഷ് മുജേസര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസിന്‍റെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
രഞ്ജിതയുടെ മൊഴികളിലെ വൈരുദ്ധ്യം പൊലീസിന് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണെന്ന് രഞ്ജിത് സമ്മതിച്ചു. രാകേഷ് മദ്യപിച്ച് ദിവസവും രഞ്ജിതയെ മര്‍ദിക്കുമായിരുന്നു. ഇതില്‍ മനംമടുത്ത രഞ്ജിത വിജയ് നാരായണ എന്ന യുവാവുമായി അടുപ്പത്തിലായി. രാകേഷിനെ അതിക്രമങ്ങള്‍ വര്‍ധിച്ചതോടെ അയാളെ ഒഴിവാക്കാന്‍ ഇരുവരും ആലോചന നടത്തി. വിജയ് നാരായണ മദ്യത്തില്‍ ഉറക്കമരുന്ന് കലര്‍ത്തി രഞ്ജിതയ്ക്ക് നല്‍കി. അവര്‍ അത് നയത്തില്‍ രാകേഷിനെക്കൊണ്ട് കുടിപ്പിച്ചു. ബോധരഹിതനായ രാകേഷിനെ ഇരുവരും ചേര്‍ന്ന് കഴുത്തില്‍ മഫ്ലര്‍ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം അടുത്തുള്ള അഴുക്കുചാലില്‍ തള്ളി.
പ്ലാസ്റ്റിക് ബാഗ് തെളിയിച്ച കൊലപാതകം
2023 ഏപ്രില്‍ 21. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു പാടത്ത് ഭാഗികമായി കത്തിയ, തലയും കാലുകളുമില്ലാത്ത ഒരു മൃതദേഹം കണ്ടെത്തി. സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. തലയില്ലാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ ഒരു മാര്‍ഗവുമില്ല. പൊലീസ് വിപുലമായ തിരച്ചിലാരംഭിച്ചു. ഒടുവില്‍ മനേസറിലെ ഒരു ഫാംഹൗസില്‍ തലയും കാലുകളും കണ്ടെത്തി. ആ മുറി പൊലീസ് വിശദമായി പരിശോധിച്ചു. സാധനങ്ങളുടെ കൂട്ടത്തില്‍ വിശാഖപട്ടണത്തെ ഒരു കമ്പനിയുടെ പേര് പ്രിന്‍റ് ചെയ്ത ഒരു പോളിത്തീന്‍ ബാഗ് കണ്ടു. അത് കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോള്‍ നാവികസേനയ്ക്ക് നല്‍കുന്ന ബാഗുകളാണെന്ന് കണ്ടെത്തി.
പോളിത്തീന്‍ ബാഗ് തുമ്പാക്കി പൊലീസ് അടുത്തിടെ കാണാതായവരുടെ പട്ടിക പരിശോധിച്ചു. അതില്‍ ഏപ്രില്‍ 21ന് ജിതേന്ദര്‍ എന്ന ഒരാള്‍ ഭാര്യ സോണിയയെ കാണാനില്ലെന്ന് പരാതി നല്‍കിയതായി കണ്ടെത്തി. ജിതേന്ദറിനെ വിളിച്ചുവരുത്തി സംസാരിച്ചു. നേവിയില്‍ കുക്കായിരുന്നു മുപ്പത്തിനാലുകാരനായ ജിതേന്ദര്‍. 2022ല്‍ വിരമിച്ചു. തുടര്‍ന്ന് ജിതേന്ദറിനെ കേന്ദ്രീകരിച്ചായി അന്വേഷണം. മനേസറിലേക്കും മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങളിലേക്കുമുള്ള പാതയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഒരിടത്ത് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുടക്കി.
ഒരു ട്രോളിയും ബാക്പാക്കും പിന്നില്‍ കെട്ടിവച്ച് ബൈക്കോടിച്ചുപോകുന്ന ജിതേന്ദറിന്‍റെ ദൃശ്യങ്ങളാണ് ഒരിടത്തെ സിസിടിവിയില്‍ നിന്ന് കിട്ടിയത്. അതുവച്ച് വിശദമായി ചോദ്യം ചെയ്തതോടെ ജിതേന്ദര്‍ മുട്ടുമടക്കി. ഭാര്യയെ താന്‍ തന്നെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു. അയാള്‍ പിന്നീടുപറഞ്ഞ കാര്യങ്ങള്‍ പൊലീസുകാരെപ്പോലും ഞെട്ടിച്ചു.
കൊല്ലപ്പെട്ട സോണിയ (Image:x)
പത്തുവര്‍ഷം മുന്‍പാണ് ജിതേന്ദര്‍ സോണിയയെ വിവാഹം കഴിച്ചത്. എട്ടുവയസുള്ള മകനുമുണ്ട്. ഇതിനിടെ അയാള്‍ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. ഇക്കാര്യം സോണിയ അറിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനിടെ ജിതേന്ദര്‍ പുതിയ കാമുകിയെ രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. പിന്നെ ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. സോണിയയെ ഒഴിവാക്കുക. സംസാരിക്കാനെന്ന വ്യാജേന അടുത്തുവിളിച്ച് സോണിയയെ കഴുത്തുഞെരിച്ച് കൊന്നു. മൃതദേഹം കഷണങ്ങളാക്കി. ഭാഗികമായി കത്തിച്ച ശരീരം പാടത്തുപേക്ഷിച്ചു. മറ്റുഭാഗങ്ങള്‍ മനേസറിലെ മലയോരങ്ങളില്‍ തള്ളി. സോണിയയുടെ കൈകള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.
സമാനമായ അനേകം കൊലപാതകങ്ങള്‍ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിനും ഇത്തരം കേസുകള്‍ വര്‍ധിക്കുകയാണ്. മാറിയ ജീവിതസാഹചര്യങ്ങളും താല്‍പര്യങ്ങളും ഗാര്‍ഹിക പീഡനവും പ്രണയവും ആഡംബര ഭ്രമവും ലഹരിയും ലൈംഗികതാല്‍പര്യങ്ങളുമെല്ലാം ഓരോ കേസിലും നിഴല്‍പോലെ കാണാം. നിയമവഴിയില്‍ വേര്‍പിരിയാന്‍ പങ്കാളി വിസമ്മതിക്കുന്ന സാഹചര്യങ്ങളിലടക്കം മോചനത്തിനായി കൊലപാതകം തിരഞ്ഞെടുക്കുന്നവരുണ്ട്. കുറ്റവാളികളില്‍ ഏറെയും അതുവരെ മറ്റ് കുറ്റകൃത്യങ്ങളിലേര്‍പ്പിട്ടിട്ടില്ലാത്ത സാധാരണ മനുഷ്യരായിരുന്നുവെന്നതാണ് ഇത്തരം കേസുകളുടെ ഗൗരവവും ആശങ്കയും വര്‍ധിപ്പിക്കുന്നത്.