സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അഭിമാനവും അന്തസ്സും സാമൂഹിക വ്യക്തിത്വവും ഉണ്ടെന്ന് ഹൈക്കോടതി. വിവാഹേതരബന്ധത്തിൽ ജനിച്ച കുട്ടിയുടെ പിതാവിന്റെ പേര് രേഖകളിൽ തിരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. ജനന സർട്ടിഫിക്കറ്റിൽ യഥാര്‍ഥ പിതാവിന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മുൻ ഭാര്യയുടെ ഹർജിയിൽ യാതൊരു എതിർപ്പും ഉന്നയിക്കാതിരുന്ന മുൻ ഭർത്താവിന്റെ മാന്യതയെ ഹൈക്കോടതി പ്രശംസിക്കുകയും ചെയ്തു.
കേസ് വന്ന വഴി
തൃശൂർ സ്വദേശിയായ യുവതി (ഒന്നാം ഹർജിക്കാരി) 2006 ലാണ് വിവാഹിതയാകുന്നത്. ഭർത്താവ് ബെംഗളൂരുവിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന സമയത്ത് യുവതി തൃശ്ശൂർ അണ്ണല്ലൂർ സ്വദേശിയുമായി പ്രണയത്തിലായി. ആ ബന്ധത്തിൽ ഒരു പെൺകുട്ടി ജനിക്കുകയും ചെയ്തു. എന്നാൽ 2017-ൽ ജനിച്ച ഈ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അക്കാലത്തെ ഭർത്താവിന്റെ പേരാണ് പിതാവിന്റെ സ്ഥാനത്ത് നൽകിയിരുന്നത്.
കുട്ടി തന്റേതാണെന്ന വിശ്വാസത്തിൽ ഭർത്താവ് ആറുവർഷത്തോളം ഇവരോടൊപ്പം കഴിഞ്ഞു. പിന്നീട് 2023 ഫെബ്രുവരിയിൽ സ്ത്രീ കുട്ടിയുമായി കാമുകനൊപ്പം വീടുവിട്ടിറങ്ങി. തുടർന്ന് ഇരുവരും പരസ്പര സമ്മതപ്രകാരം കുടുംബകോടതിയിൽ നിന്ന് വിവാഹമോചനം നേടുകയും ചെയ്തു. ഇതിനുശേഷം ഇവർ കാമുകനെ വിവാഹം കഴിച്ചു. സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ യഥാർഥ പിതാവിന്റെ (രണ്ടാം ഹർജിക്കാരന്റെ) പേര് ചേർക്കണം എന്നാവശ്യപ്പെട്ടാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
കോടതിയുടെ നിരീക്ഷണങ്ങൾ
ഹർജിക്കാരുടെ നടപടികളെ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. സാധാരണയായി ഭർത്താവിനാണ് വിവാഹേതര ബന്ധമുള്ളതെങ്കിൽ അത് വലിയ വാർത്തയാകും. അയാളെ ഭാര്യയും, അവരുടെ കുടുംബവും കഴിയുന്നത്ര അപമാനിക്കും. എന്നാൽ ഇവിടെ കഥ വേറെയാണ്. ഇത്തരം സാഹചര്യങ്ങളിൽ പുരുഷന്മാർക്കും സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. കാരണം, അവർക്കും അഭിമാനവും അന്തസ്സും സാമൂഹിക വ്യക്തിത്വവുമുണ്ട്.
തന്റെ മുൻ ഭാര്യയുടെ ഹർജിയിൽ യാതൊരു എതിർപ്പും ഉന്നയിക്കാതിരുന്ന മുൻ ഭർത്താവിന്റെ മാന്യതയെ കോടതി എടുത്തുപറഞ്ഞു. ഈ ബന്ധത്തിൽ ജനിച്ച കുട്ടിയെ സമൂഹമധ്യത്തിൽ അപമാനിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഇത് അദ്ദേഹത്തിന്റെ നല്ല സ്വഭാവത്തെയാണ് കാണിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
തുടർന്ന്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലെ പിതാവിന്റെ പേര് തിരുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഹർജിക്കാരുടെ പ്രവർത്തികൾ അംഗീകരിക്കാനാവില്ലെങ്കിലും, നിരപരാധിയായ ആ കുട്ടിയുടെ ഭാവി കരുതിയാണ് തിരുത്തലിന് അനുമതി നൽകുന്നതെന്ന് കോടതി പറഞ്ഞു. യഥാർഥ പിതാവിന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് 30 ദിവസത്തിനകം നൽകാൻ തൃശ്ശൂർ കോർപ്പറേഷനിലെ ബന്ധപ്പെട്ട അധികാരികൾക്ക് കോടതി നിർദ്ദേശം നൽകി. കൂടാതെ, കുട്ടിയുടെയും മുൻ ഭർത്താവിന്റെയും സ്വകാര്യത മാനിച്ച്, വിധിപ്പകർപ്പിൽ ഇവരുടെ പേരുകൾ മാസ്ക് ചെയ്യാനും കോടതി റജിസ്ട്രിയോട് നിർദ്ദേശിച്ചു.