old-man

പ്രതീകാത്മക ചിത്രം (എ.ഐ ജനറേറ്റഡ്).

TOPICS COVERED

ലൈംഗികമായി പീഡിപ്പിച്ച അറുപതുകാരനെ കൊന്ന് തീയിട്ട് ഒരുകൂട്ടം സ്ത്രീകള്‍. സംഭവത്തില്‍ എട്ടു സ്ത്രീകളും രണ്ട് പുരുഷന്മാരും പൊലീസ് പിടിയിലായി. ഒഡിഷയിലെ ഗജപതി ജില്ലയിലാണ് സംഭവം. അറുപതുകാരനെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതിയുമായെത്തിയതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. വാര്‍ഡ് മെമ്പറടക്കം പൊലീസ് പിടിയിലായിട്ടുണ്ടെന്നാണ് വിവരം.

നാലു വര്‍ഷം മുന്‍പ് അറുപതുകാരന്‍റെ ഭാര്യ മരിച്ചു. ഇതിനുശേഷം ഇയാള്‍ ഗ്രാമത്തിലെ സ്ത്രീകളില്‍ പലരെയും ലൈംഗികമായി പീഡിപ്പിച്ചു. ഇതിലുള്ള പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ജൂണ്‍ മൂന്നിന് ഇയാള്‍ ഗ്രാമത്തിലെ 52കാരിയായ വിധവയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു. ഈ സംഭവത്തിനു ശേഷം ഇയാള്‍ ഇതിനുമുന്‍പ് പീഡിപ്പിച്ച സ്ത്രീകളില്‍ പലരും ഒത്തുചേര്‍ന്നു. ഇയാളെ വകവരുത്തണമെന്ന് ഇവര്‍ കൂട്ടായി തീരുമാനിച്ചു. രണ്ട് പുരുഷന്മാരും സ്ത്രീകള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി.

ഇവരെല്ലാവരും കൂടി ഒരുദിവസം രാത്രി അറുപതുകാരന്‍റെ വീട്ടിലെത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളെ അവസാനമായി പീഡനത്തിനിരയായ വിധവ കൊലപ്പെടുത്തി. ശേഷം ഇയാളുടെ മൃതദേഹം ഇവരെല്ലാവരും ചേര്‍ന്ന് ഗ്രാമത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറി വനപ്രദേശത്തോട് ചേര്‍ന്ന മലഞ്ചെരുവില്‍ കൊണ്ടുവന്ന് കത്തിച്ചു. കേസന്വേഷിച്ച പൊലീസിന് കുറച്ച് എല്ലിന്‍കഷ്ണങ്ങളും ചാരവും മാത്രമാണ് കിട്ടിയത്.

അറസ്റ്റിലായവരില്‍ ആറുപേര്‍ ലൈംഗിക അതിക്രമത്തിന് ഇരയായതായി മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇനി ഇയാള്‍ ആരെയും ലൈംഗികമായി ആക്രമിക്കാന്‍ പാടില്ല എന്ന ഉദ്ദേശ്യത്തോടെയാണ് കൊല ചെയ്തതെന്നും മൊഴിയിലുണ്ട്. ഇവരാരും പൊലീസിന്‍റെയോ നാട്ടുകാരുടെയോ സഹായം വിഷയത്തില്‍ തേടിയില്ലെന്നും പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A group of women, who were allegedly sexually assaulted by a 60-year-old man over a period of time, killed him and burnt his body in Odisha's Gajapati district. A total of 10 people, including eight women, were arrested after the incident came to light. Police had launched a search for the man after his family filed a missing complaint. Police recovered the bones and ashes of the man from a hillock near a forest area, about 2 km from the village. The incident took place on the night of June 3 when the man had allegedly raped a 52-year-old widow in the village, the officer said, adding some women, including victims of his previous sexual assaults, later held a meeting and decided to kill him. The accused had become a widower four years ago and had allegedly sexually assaulted several women of the village since, Police said.