പ്രതീകാത്മക ചിത്രം (എ.ഐ ജനറേറ്റഡ്).
മദ്യപിച്ച് വീട്ടിലെത്തിയതിനെത്തുടര്‍ന്ന് ഭക്ഷണം തരില്ലെന്ന് പറഞ്ഞ ഭാര്യയെ തല്ലിക്കൊന്ന് ഭര്‍ത്താവ്. മദ്യപിച്ചെത്തിയതുകൊണ്ട് ഭക്ഷണം എടുത്തുതരില്ലെന്നായിരുന്നു ഭാര്യയുടെ മറുപടി. ഇതോടെ രണ്ടുപേരും തമ്മില്‍ വഴക്കായി. പിന്നാലെ ഭര്‍ത്താവ് ഒരു വടിയെടുത്ത് ഭാര്യയെ തല്ലാന്‍ തുടങ്ങി. വേദനകൊണ്ട് തറയില്‍ വീണിട്ടും ഇയാള്‍ ഭാര്യയെ മര്‍ദിക്കുന്നത് തുടര്‍ന്നു. അന്ന് രാത്രി മുഴുവന്‍ അടികൊണ്ട വേദനയില്‍ വീട്ടില്‍ക്കിടന്ന ഭാര്യ രാവിലെ ആയപ്പോഴേക്കും മരണപ്പെടുകയായിരുന്നു. ജാര്‍ഖണ്ഡിലെ ചക്രാധര്‍പുരിലാണ് സംഭവം. ALSO READ; ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് ഭര്‍ത്താവ്; ജോലിക്കെത്താന്‍ വൈകുമെന്ന് ഭാര്യ; പിന്നാലെ തീ കൊളുത്തി
ശങ്കര്‍ എന്നയാളാണ് മദ്യപിച്ചെത്തി ഭാര്യയെ തല്ലിക്കൊന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ശങ്കര്‍ ഭാര്യയെ അതിക്രൂരമായാണ് മര്‍ദിച്ച് കൊലപ്പെടുത്തിയത്. അന്ന് രാത്രി തന്നെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ ഭാര്യയെ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പിറ്റേദിവസം അയല്‍ക്കാര്‍ വന്നു നോക്കുമ്പോഴാണ് കൊലപാതകത്തെക്കുറിച്ച് പുറംലോകമറിയുന്നത്.
അയല്‍ക്കാര്‍ വിളിച്ചുപറഞ്ഞതനുസരിച്ച് പൊലീസ് സംഭവസ്ഥലത്തെത്തി. മദ്യപിച്ചെത്തിയപ്പോള്‍ പറ്റിപ്പോയതാണ് എന്നാണ് ശങ്കര്‍ പൊലീസിനോട് പറഞ്ഞത്. മദ്യലഹരിയില്‍ ഭാര്യയോട് വല്ലാത്ത ദേഷ്യം തോന്നി, ഭക്ഷണം എടുത്ത് തരാതിരുന്നപ്പോള്‍ അടിക്കാനാണ് തോന്നിയത്. അവള്‍ മരിച്ചുപോകുമെന്ന് കരുതിയില്ല എന്നാണ് ശങ്കര്‍ പൊലീസിനോട് പറഞ്ഞത്. നിലവില്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ALSO READ; ഇടുക്കിയില്‍ ഭാര്യയെ തീ കൊളുത്തി കൊന്ന് ഭര്‍ത്താവ്; ആക്രമണം മദ്യലഹരിയിൽ
കൂലിത്തൊഴിലാളികളാണ് ശങ്കറും ഭാര്യയും. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. അമ്മ കൊല്ലപ്പെടുകയും അച്ഛന്‍ ജയിലിലാകുകയും ചെയ്തതോടെ ഈ രണ്ട് മക്കള്‍ പെരുവഴിയിലാണ്. കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.