ഇടുക്കി മാങ്കുളത്ത് ഭർത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു. താളുംകണ്ടം സ്വദേശി മിനിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. മദ്യലഹരിയിൽ ഭാര്യയെ തീ കൊളുത്തി കൊന്ന ഭർത്താവ് രഘു തങ്കച്ചനെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തു
താളുകണ്ടം ട്രൈബൽ സെറ്റിൽമെന്റിലെ വീട്ടിൽ വച്ച് വെള്ളിയാഴ്ചയാണ് രഘു ഭാര്യ മിനിയെ ആക്രമിച്ചത്. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ മിനിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടി കൂടിയെങ്കിലും തീ കെടുത്താനായില്ല. പിന്നീട് തീ കെടുത്തിയെങ്കിലും മിനിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് മിനി മരിച്ചു. 90 ശതമാനത്തോളം മിനിക്ക് പൊള്ളലേറ്റിരുന്നു. നേരത്തെ കസ്റ്റഡിയിലെടുത്ത ഭർത്താവ് രഘുവിനെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി
ആക്രമണം നടക്കുമ്പോൾ രഘുവും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നെന്ന് നട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ദേവികുളം കോടതിയിൽ ഹാജരാക്കിയ രഘുവിനെ റിമാൻഡ് ചെയ്തു.