AI Generated Image.
ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്. ജോലിക്കു പോകാന്‍ ഭാര്യ തിരക്കിട്ട് തയ്യാറാവുമ്പോഴാണ് ഭര്‍ത്താവ് ലൈംഗിക ആവശ്യവുമായി മുന്നിലെത്തിയത്. ജോലി സ്ഥലത്തെത്താന്‍ വൈകും അതുകൊണ്ട് ഇപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞതിനാണ് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മുബൈയിലെ ചെമ്പൂരില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
വാഷി നകയിലുള്ള ദിനേശ് അഹ്വാദ് (46) എന്നയാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഇയാളുടെ ഭാര്യ രേഖ (38) നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ശരീരത്തില്‍ 33 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. ഭര്‍ത്താവിന് സംശയരോഗമുള്ളതായി രേഖ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തനിക്ക് മറ്റേതോ പുരുഷനുമായി ബന്ധമുണ്ടെന്ന് ഭര്‍ത്താവ് തെറ്റിദ്ധരിച്ചു എന്നാണ് രേഖ പറഞ്ഞിരിക്കുന്നത്.
വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയാണ് രേഖ. വെള്ളിയാഴ്ച ജോലിക്കു പോകാനായി തിരക്കിട്ട് ഒരുങ്ങുമ്പോള്‍ ഭര്‍ത്താവ് തന്നോട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും നിഷേധിച്ചപ്പോള്‍ ക്രൂരമായി തന്നെ ഉപദ്രവിച്ച ശേഷം നിനക്ക് ജീവനൊടുക്കിക്കൂടെ എന്ന് ചോദിച്ചുവെന്നുമാണ് രേഖ പറയുന്നത്. വഴക്ക് പരിധിവിട്ടപ്പോള്‍ രേഖ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്ത് ദേഹത്തൊഴിച്ചു. തീപ്പെട്ടി ഉരയ്ക്കാന്‍ നോക്കിയപ്പോള്‍ നനഞ്ഞിരുന്നത് കാരണം അത് കത്തിയില്ല. ആ സമയം അഹ്വാദ് വീട്ടിലെ ഗ്യാസ് സ്റ്റൗ കത്തിച്ച് ഒരു പേപ്പറിലേക്ക് തീ പടര്‍ത്തി അത് രേഖയുടെ ദേഹത്തേക്ക് എറിയുകയായിരുന്നു.
പ്രദേശവാസികള്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. ചികിത്സയിലായിരുന്ന രേഖയുടെ മൊഴിയെടുത്തപ്പോഴാണ് തീ കൊളുത്താനിടയായ കാരണം വ്യക്തമായത്. കൊലപാതക ശ്രമമടക്കം ഭര്‍ത്താവിനെതിരെ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.