ജയ്പൂരില്‍ അമ്മയുടെയും മകളുടെയും കയ്യില്‍ നിന്ന് 50,000 രൂപ തട്ടിയെടുത്ത് യുവാക്കള്‍. കവര്‍ച്ചയുടെ ദൃശ്യങ്ങളും വാര്‍ത്തയും ഓണ്‍ലൈനില്‍ വൈറലാണ്. മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായാണ് യുവാക്കള്‍ യുവതിയുടെ കയ്യില്‍ നിന്ന് പണത്തിന്‍റെ കെട്ട് താഴെവീഴുന്നത് കണ്ടത്. പിന്നാലെ ഒന്നും നോക്കിയില്ല, ബൈക്ക് വട്ടംവച്ച് റോഡില്‍ കിടക്കുന്ന പണം ‘റാഞ്ചി’ അതേബൈക്കില്‍ പറപറന്നു. അമ്മയ്ക്കും മകള്‍ക്കും എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലായില്ലെന്ന് വിഡിയോയില്‍ വ്യക്തമാണ്.
കഴിഞ്ഞയാഴ്ച ബർകത്ത് നഗറിലാണ് മോഷണമുണ്ടായത്. വിവാഹ ഷോപ്പിങ്ങിനായാണ് അമ്മയും മകളും പണവുമായി ഇറങ്ങിയത്. മോഷണത്തിന്‍റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ തിരക്കേറിയ മാർക്കറ്റിലൂടെ റോഡ് മുറിച്ച് കടക്കുമ്പോള്‍ യുവതി കയ്യിലിരുന്ന ജാക്കറ്റ് എടുക്കുന്നത് കാണാം. ഈ സമയം അവര്‍ അറിയാതെ ജാക്കറ്റില്‍ നിന്നും പണത്തിന്‍റെ കെട്ട് താഴെ വീഴുകയായിരുന്നു. ഇതെല്ലാം പിറകില്‍ ബൈക്കില്‍ വരികയായിരുന്ന മോഷ്ടാക്കള്‍ കാണുന്നുണ്ടായിരുന്നു. സ്പീഡില്‍ എത്തിയ ഇവര്‍ ബൈക്ക് റോഡിന് കുറുകെ നിര്‍ത്തി ഒറ്റയടിക്ക് പണവുമായി പറപറന്നു. അപ്പോഴും നടന്നതെന്താണെന്ന് യുവതിക്കും മകള്‍ക്കും മനസിലായിട്ടുണ്ടായിരുന്നില്ല. ഒരുനിമിഷം തങ്ങളുടെ പണമാണ് അവര്‍ എടുത്തുകൊണ്ടുപോകുന്നത് എന്നറിയാതെ നോക്കിനില്‍ക്കുന്ന അമ്മയുടെയും മകളുടെയും ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ പെട്ടെന്ന് തങ്ങളുടെ പണമാണ് അതെന്ന് തിരിച്ചറിഞ്ഞ അമ്മയും മകളും കള്ളന്‍മാരുടെ പിന്നാലെ ഓടാനും ശ്രമിക്കുന്നുമുണ്ട്. എങ്കിലും കള്ളന്‍മാര്‍ രക്ഷപ്പെട്ടു. പിന്നാലെ ഇരുവരും പൊലീസിലെത്തി പരാതി നല്‍കി. 48 മണിക്കൂറിനുള്ളിൽ പൊലീസ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മോഷ്ടിച്ച പണത്തിൽ നിന്ന് 20,000 രൂപ ഇവരുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവർ സഞ്ചരിച്ചിരുന്ന ബൈക്കും മോഷ്ടിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. ലോകേഷ് എന്ന ഛോട്ടു, അലോക് എന്നിവരാണ് പിടിയിലായത്.
വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നെറ്റിസണ്‍സില്‍ നിന്നും വരുന്നത്. ചിലര്‍ യുവതിയുടെ അശ്രദ്ധയാണെന്ന് കുറ്റപ്പെടുത്തുമ്പോള്‍ മറ്റു ചിലര്‍ ആര്‍ക്കും സംഭവിക്കാവുന്ന ഒന്നുമാത്രമാണെന്നും പ്രതികരിച്ചു. ‘മോഷണം തെറ്റാണ്, പക്ഷേ പണത്തിന്റെ കാര്യത്തിൽ ഇത്ര അശ്രദ്ധ കാണിക്കാൻ എങ്ങനെ കഴിയും. പത്ത് രൂപ പോലും നഷ്ടപ്പെട്ടാൽ എനിക്ക് ഭ്രാന്താകും’ മറ്റൊരു ഉപയോക്താവ് കുറിച്ചു.