sameera-reddy

Image Credit : Instagram

രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ബോളിവുഡ് താരം സമീറ റെഢ്ഢി പങ്കുവച്ച വിഡിയോ വൈറലാകുന്നു. പാചകവാതകം ലഭിക്കാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തിലാണ് തങ്ങള്‍ക്ക് ലഭിച്ച വിഐപിയെ കാണിച്ചുകൊണ്ട് സമീറ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഗ്യാസ് സിലിണ്ടറിനെയാണ് താരം വിഐപിയായി വിഡിയോയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബുക്ക് ചെയ്താല്‍ പോലും ഗ്യാസ് കിട്ടാത്ത സാഹചര്യത്തില്‍ ഒരു കുറ്റി ഗ്യാസെങ്കിലും കിട്ടുന്നത് വലിയ ഭാഗ്യമെന്ന് താരം തന്‍റെ വിഡിയോയിലൂടെ വ്യക്തമാക്കുന്നു.

ഒടുവില്‍ ഞങ്ങളുടെ വീട്ടിലും വിഐപി എത്തി എന്ന തലക്കെട്ടോടെയാണ് സമീറ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വീട്ടില്‍ ഒരു വിഐപി അതിഥി എത്തിയാല്‍ എങ്ങനെയിരിക്കും? അതുപോലെയാണ് സമീറ ഗ്യാസ് കുറ്റിയെ പരിപാലിക്കുന്നത്. ഗ്യാസ് സിലിണ്ടറിന് ചായ കൊടുക്കുന്നതും ഒപ്പമിരുന്ന് സെല്‍ഫി എടുക്കുന്നതുമെല്ലാം ചേര്‍ത്ത് തീര്‍ത്തും തമാശരൂപേണയുളള ഈ വിഡിയോ ഇപ്പോള്‍ സൈബറിടത്ത് കയ്യടികള്‍ ഏറ്റുവാങ്ങുകയാണ്.

അതേസമയം ഇനിയുളള കാലം ഗ്യാസ് സിലിണ്ടര്‍ ഒരു വിഐപി ആയി മാറുമെന്നും, ആ കാലം വിതൂരമല്ലെന്നും നിരവധി പേര്‍ കമന്‍റ് ചെയ്തു. തമാശ രൂപേണയുളള വിഡിയോ ആണെങ്കിലും വളരെ ഗൗരവത്തോടെ എടുക്കേണ്ട കാര്യം തന്നെയാണ് സമീറ റെഢ്ഢി പങ്കുവച്ചിരിക്കുന്നതെന്നും വിഡിയോ കണ്ടവര്‍ പറയുന്നു. പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. സിലിണ്ടറിനായി ആളുകള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന വിഡിയോയും സൈബറിടത്ത് വ്യാപകമായി പ്രചരിക്കുകയാണ്.