shobana-george

ഔഷധിയിൽ സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണങ്ങളെ പരിഹസിച്ച് ശോഭന ജോർജ്. സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പരിഹാസ വിഡിയോയിലൂടെയാണ് ശോഭന ജോർജ് പ്രതികരിച്ചത്. എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെ ഔഷധിയുടെ ചെലവിൽ സൗന്ദര്യചികിത്സ നടത്തിയെന്നായിരുന്നു ആരോപണം.

ഒരു സ്ത്രീയ്ക്കൊപ്പം ശോഭന റസ്റ്ററന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെയുള്ള സംഭാഷണമാണ് വിഡിയോയിലുള്ളത്. ഇവർ ശോഭന ജോർജിനോട് എന്താണ് കഴിക്കുന്നതെന്നും മാഡം മുട്ടയാണ് കഴിക്കുന്നതെന്ന് താൻ വിചാരിച്ചെന്നും പറയുന്നതാണ് വിഡിയോയുടെ തുടക്കം. പൂരിയും സബ്ജിയുമാണ് കഴിക്കുന്നതെന്ന് മറുപടി നൽകുന്ന ശോഭന, 300 മുട്ട കഴിച്ചുകഴിഞ്ഞില്ലേ എന്ന് പറയുന്നതും മുട്ടയുടെ കൂടെ ചെമ്പരത്തി മൊട്ടില്ലാതെ താൻ കഴിക്കില്ലെന്ന് പറയുന്നതും വിഡിയോയിലുണ്ട്. തുടർന്ന് ശോഭന, ഒരു ഓംലെറ്റ് കഴിക്കുന്നുണ്ട്, ബുദ്ധിമുട്ടില്ലല്ലോ എന്ന് ചോദിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.

ഔഷധി ചെയർപേഴ്സണായിരിക്കെ ശോഭന ജോർജ് ഔഷധിയുടെ ചെലവിൽ സൗന്ദര്യചികിത്സ നടത്തിയെന്നായിരുന്നു ആരോപണം. വിപി സജീന്ദ്രൻ എംഎൽഎ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചിരുന്നു. 300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തിമൊട്ട് ചെവിയില്‍ വയ്ക്കുകയും നെല്ലിക്കയ്ക്ക് പകരം നാരങ്ങാനീരുകൊണ്ട് തളം വയ്ക്കുകയും ചെയ്താല്‍ സൗന്ദര്യം വർധിക്കുമെന്ന് മുൻ ഔഷധി ചെയർപേഴ്സൺ കണ്ടുപിടിച്ചതായി വാർത്ത കണ്ടെന്നായിരുന്നു സജീന്ദ്രന്റെ പരാമർശം. ഈ കണ്ടുപിടിത്തതിന് പേറ്റന്റ് ലഭിച്ചിട്ടുണ്ടോ എന്നും ഈ കണ്ടുപിടിത്തം ഔഷധി അം​ഗീകരിച്ചിട്ടില്ലെങ്കിൽ മുൻ ചെയർമാന്റെ ചികിത്സാ ചെലവ് തിരിച്ചുപിടിക്കുമോ എന്നും എംഎൽഎ ചോദിച്ചിരുന്നു.

അതേസമയം സൗന്ദര്യ വർധക ചികിത്സ ആരോപണം ശോഭന ജോർജ് തള്ളിയിരുന്നു. താൻ ഔഷധിയിൽ ഒരു തരത്തിലുള്ള ചികിത്സയും നടത്തിയിട്ടില്ലെന്ന് ശോഭന ജോർജ് മനോരമ ന്യൂസിനോട് പറഞ്ഞു. ചെമ്പരത്തി മൊട്ടും മുട്ടയും ചേർത്തുള്ള ഉളുമ്പിന്റെ നാറ്റം ഊഹിക്കാൻ പോലും കഴിയുന്നില്ലെന്നും, ആരും ഇത് പരീക്ഷിക്കരുതെന്നും അവർ പ്രതികരിച്ചിരുന്നു. 

ENGLISH SUMMARY:

Shobhana George Oushadhi controversy centers around viral satirical video responses made by the former chairperson regarding recent beauty treatment allegations. The news highlights her witty reaction to claims made in the Kerala Legislative Assembly about her expenses.