dog-shelter

TOPICS COVERED

തിരുവനന്തപുരം കുറ്റിച്ചല്‍ കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന തെരുവുനായ ഷെല്‍ട്ടര്‍ അനധികൃതമെന്ന ആക്ഷേപവുമായി നാട്ടുകാര്‍. നാമമാത്രമായ നായ്ക്കളെ വളര്‍ത്താന്‍ അനുമതിയുള്ള കേന്ദ്രത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ നിന്നും പിടികൂടുന്ന നായ്ക്കളെ ഉള്‍പ്പെടെ പരിപാലിക്കുന്നുവെന്നാണ് പരാതി. തെരുവുനായശല്യം പരിഹരിക്കാനുള്ള തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വിഹിതം തട്ടിയെടുക്കുന്നതിനുള്ള തട്ടിക്കൂട്ടെന്നാണ് ആക്ഷേപം.  

ഓരോ ദിവസം കഴിയുന്തോറും കുരയേറുന്നതാണ് നാട്ടുകാരുടെ ആശങ്ക. ഒന്നും രണ്ടുമല്ല നൂറിലേറെ നായ്ക്കളാണ് കോട്ടൂരിലെ സംരക്ഷണ കേന്ദ്രത്തിലുള്ളത്. സംരക്ഷണ കേന്ദ്രമെന്നത് പേരിന് മാത്രമാണെന്നും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് നായ്ക്കളെ ഇവിടെയെത്തിച്ച് ജീവഹാനിക്ക് വരെ വഴിയൊരുക്കുന്നുവെന്നും പരാതിയുണ്ട്.

വെള്ളറട സ്വദേശിയായ യുവാവ് വിദേശയിനം നായ്ക്കളെയും പക്ഷികളെയും വളര്‍ത്തുന്നതിനാണ് പഞ്ചായത്തിന്‍റെ അനുമതി വാങ്ങിയിരുന്നത്. എന്നാല്‍ രാത്രികാലങ്ങളില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ നിന്നുള്‍പ്പെടെ ലോറികളില്‍ നായ്ക്കളെ എത്തിക്കുന്നതായും ജനജീവിതം പൊറുതിമുട്ടിയ സാഹചര്യമാണെന്നും ആക്ഷേപമുണ്ട്. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുന്നതിനും വ്യക്തമായ പദ്ധതിയില്ല.

തെരുവുനായ ശല്യം രൂക്ഷമായ കുറ്റിച്ചലില്‍ മുന്നൂറിലധികം നായ്ക്കളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രം അടച്ചുപൂട്ടണമെന്നും ആവശ്യം. നായ്ക്കള്‍ പുറത്തിറങ്ങിയാല്‍ ജനങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയാകുമെന്ന ആശങ്കയുമുണ്ട്. ശാശ്വത പരിഹാരം കാണാന്‍ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെടണമെന്നാണ് ജനപ്രതിനിധികളുടെയും ആവശ്യം.

ENGLISH SUMMARY:

Kottoor stray dog shelter controversy sparks massive protests among locals in Thiruvananthapuram over alleged illegal operations and fund misappropriation. Residents claim that hundreds of stray dogs are brought in from the city, posing severe threats to public safety and normal life.