screengrab/mirchiplus youtube channel
വിവാദമായ രക്ഷാബന്ധൻ പരസ്യത്തെക്കുറിച്ച് ആദ്യമായി പൊതുവേദിയിൽ പ്രതികരിച്ച് ബോളിവുഡ് നടി കൃതി സനൺ. നടി കരീന കപൂർ ഖാൻ അവതാരകയായ പ്രശസ്ത ടോക് ഷോയിലാണ് ഒരു ആഭരണ ബ്രാൻഡിന്റെ പരസ്യത്തെ ചൊല്ലി രാജ്യമൊട്ടാകെയുണ്ടായ ചർച്ചകളെ അമ്പരപ്പോടെയും അത്ഭുതത്തോടെയും നടി ഓർത്തെടുത്തത്.
ഒരു ആഭരണ ബ്രാൻഡിന്റെ രക്ഷാബന്ധൻ പരസ്യ ചിത്രത്തിൽ ധരിച്ച വസ്ത്രത്തെ ചൊല്ലി ടെലിവിഷൻ ചാനലുകളിൽ ഉൾപ്പെടെ മണിക്കൂറുകളോളം ചർച്ചകൾ വരെ നടന്നത് വിശ്വസിക്കാനയില്ലെന്ന് നടി പറഞ്ഞു. 'പ്രൈംടൈം ന്യൂസിൽ ആറുപേരുടെ പാനൽ എന്‍റെ ചോളിയെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് വിശ്വസിക്കാൻ പോലുമായില്ല’ എന്നായിരുന്നു കൃതിയുടെ വാക്കുകൾ.
കഴിഞ്ഞ രക്ഷാബന്ധൻ സമയത്താണ് കൃതി അഭിനയിച്ച പരസ്യ ചിത്രം വിവാദയമായത്. പരസ്യത്തിൽ ഓഫ്-വൈറ്റ് ബ്രാലെറ്റ് ശൈലിയിലുള്ള ബ്ലൗസും ഡ്രേപ്പ് ചെയ്ത സ്‌കർട്ടും കേപ്പും ആയിരുന്നു കൃതി ധരിച്ചിരുന്നത്. എന്നാൽ ഈ വസ്ത്രധാരണം ഭാരതീയ സംസ്‌കാരത്തിനും പരമ്പരാഗത ഉത്സവ രീതികൾക്കും നിരക്കാത്തതാണെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ നടിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.
'ആരെങ്കിലും അടിവസ്ത്രം ധരിച്ച് രാഖി കെട്ടുമോ' ബോളിവുഡ് നടിയും എം.പിയുമായ കങ്കണ റണാവത്ത് ചോദിച്ചത്. വസ്ത്രത്തിന് പുറമെ പരസ്യത്തിലെ സ്വന്തം വളർത്തുനായയ്ക്ക് രാഖി കെട്ടുന്ന രംഗവും വിവാദത്തിലായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ കൃതിയെ പിന്തുണച്ചെങ്കിലും വിമർശനങ്ങൾ അതിരുകടന്നതോടെ നിർമാതാക്കൾക്ക് ഒടുവിൽ പരസ്യ ചിത്രം തിരിച്ചുവിളിക്കേണ്ടി വന്നു.
വിവാദങ്ങൾ ഉയർന്ന സമയത്ത് തന്നെ കൃതി സനൺ ഇൻസ്റ്റാഗ്രാമിലൂടെ അതിന് മറുപടി നൽകിയിരുന്നു. സംസ്‌കാരം നിലനിൽക്കുന്നത് ഹൃദയത്തിലാണ്, ബ്ലൗസിന്റെ കഴുത്തിന്റെ ഇറക്കത്തിലല്ല എന്നായിരുന്നു കൃതിയുടെ മറുപടി. വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ നിരന്തരം വിചാരണ ചെയ്യുന്ന ആൺകോയ്മ മനോഭാവത്തെയും നടി രൂക്ഷമായി വിമർശിച്ചിരുന്നു.