AI Generated Image
തൊട്ടാല്‍ പൊള്ളുന്ന നിലയില്‍ നിന്നും സ്വര്‍ണം തണുക്കുമോ?. ആഭരണ പ്രേമികളെ ആശ്വസിപ്പിക്കുന്നൊരു വിശലകനം നടത്തുകയാണ് രാജ്യാന്തര നിക്ഷേപ സ്ഥാപനമായ സിറ്റി ബാങ്ക്. സ്വര്‍ണത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പിന് അടുത്ത് തന്നെ തിരിച്ചിറക്കം ഉണ്ടാകുമെന്നാണ് സിറ്റി ബാങ്കിന്‍റെ വിശകലനം. വരുന്ന മാസങ്ങളില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 3000 ഡോളറിന് താഴേക്ക് എത്താം എന്നാണ് പ്രവചനം.
Also Read: ഇസ്രയേലിനെയും ഇറാനെയും പേടിച്ച് സ്വര്‍ണം; പിടിച്ചുകെട്ടി യുഎസ്; ഇന്നത്തെ സ്വര്‍ണ വിലയറിയാം
സ്വര്‍ണ വില അതിന്‍റെ ഉയരത്തിലെത്തി എന്നാണ് സിറ്റി റിസര്‍ച്ച് വിശകലനത്തില്‍ പറയുന്നത്. 2025 ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള സമയത്ത് വില തിരിച്ചിറങ്ങാന്‍ തുടങ്ങും എന്നതാണ് സിറ്റിയുടെ അനുമാനം. മൂന്നാം പാദത്തില്‍ 3,100 ഡോളറിനും 3500 ഡോളറിനും ഇടയിലാകും രാജ്യാന്തര വില. ശേഷിക്കുന്ന സമയവും 2026 ലും വില കൂടുതല്‍ ഇടിയും.
2026 ന്‍റെ രണ്ടാം പാദത്തില്‍ 2,500 ഡോളറിനും 2700 ഡോളറിനും ഇടയിലാകും സ്വര്‍ണ വില. നിലവില്‍ 3,400 ഡോളറിന് അടുത്ത് വ്യാപാരം നടക്കുന്ന രാജ്യാന്തര വിലയില്‍ നിന്നും 25 ശതമാനം കുറവാണിത്. കേരളത്തില്‍ 74,000 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. 25 ശതമാനം ഇടിവുണ്ടായാല്‍ കേരളാ വിപണിയിലും സമാനരീതിയില്‍ വില കുറയും. അതേസമയം, ഡോളര്‍– രൂപ വിനിമയനിരക്ക് അടക്കം അടിസ്ഥാനമാക്കിയാകും കേരളത്തില്‍ വില തീരുമാനിക്കുക.
Also Read: ഇന്ത്യന്‍ കടലിനടിയില്‍ 2 ലക്ഷം കോടി ലിറ്റര്‍ 'കറുത്ത സ്വര്‍ണം'; എണ്ണ വില കുറയും!
ലോകത്ത് നിക്ഷേപകര്‍ക്ക് സ്വര്‍ണത്തോടുള്ള താല്‍പര്യം കുറയുന്നതും ആഗോള വളര്‍ച്ച സാധ്യതകള്‍ മെച്ചപ്പെടുന്നതും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നതുമാണ് സ്വര്‍ണ വില കുറയാന്‍ കാരണമാകുന്ന ഘടകങ്ങളായി സിറ്റി കാണുന്നത്. അതേസമയം കഴിഞ്ഞ വര്‍ഷം 45 ശതമാനം വര്‍ധനവുണ്ടായ രാജ്യാന്തര സ്വര്‍ണ വില 2025 ല്‍ ഇതുവരെ 30 ശതമാനം ഉയര്‍ന്നു. ഏപ്രില്‍ 22 ന് ചൈനയും യുഎസും തമ്മില്‍ വ്യാപാര യുദ്ധത്തിന്‍റെ സമയത്ത് രേഖപ്പെടുത്തിയ 3500 ഡോളറിലെത്തിയതാണ് നിലവിലെ വില.
സാധ്യതകള്‍ എങ്ങനെ
മധ്യപൂര്‍വദേശത്ത് സംഘര്‍ഷം രൂക്ഷമാകുകയാണ്. സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെടുന്ന സൂചനകള്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നല്‍കി. ഇതിന് പിന്നാലെ രാജ്യാന്തര സ്വര്‍ണ വില കുതിച്ചിരുന്നു. സര്‍വകാല ഉയരത്തില്‍ നിന്നും മൂന്നു ശതമാനം അകലെയാണ് സ്വര്‍ണ വില. ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയാണെങ്കില്‍ സ്വര്‍ണ വില വീണ്ടും ഉയരും. എന്നാല്‍ ആഗോള പ്രശ്‌നങ്ങൾക്കും അനിശ്ചിതത്വങ്ങള്‍ക്കും അപ്രതീക്ഷിത പരിഹാരങ്ങൾ ഉണ്ടാകുമെന്നാണ് സിറ്റി ബാങ്കിന്‍റെ വിശകലനത്തിലുള്ളത്. വരാനിക്കുന്ന പാദങ്ങളില്‍ രാജ്യാന്തര വില ട്രോയ് ഔണ്‍സിന് 3000 ഡോളിറിന് മുകളില്‍ ഏകീകരിക്കാനുള്ള സാധ്യത 60 ശതമാനമാണെന്നും അവര്‍ പറയുന്നു.