മിഡില്‍ ഈസ്റ്റില്‍ യുദ്ധ ഭീതി നിലനില്‍ക്കുന്നതിനിടെ സ്വര്‍ണ വില ഞായറാഴ്ചയും വര്‍ധിച്ചു. പവന് 3,200രൂപ വർധിച്ച് 1,26,920രൂപയിലെത്തി. ഗ്രാമിന് 400രൂപ വർധിച്ച് 15,865രൂപയായി. ഇന്നലെ 5,200 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവ്. സാധാരണ രീതിയില്‍ ഞായറാഴ്ച കേരളത്തിലെ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകാറില്ല. പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ദുബായില്‍ വീണ്ടും ആക്രമണം; ഖത്തറില്‍ 11 ഇടത്ത് സ്ഫോടനം; തിരിച്ചടി ശക്തമാക്കി ഇറാന്‍
വെള്ളി, ശനി ദിവസങ്ങളില്‍ രാജ്യാന്തര വില അവധിയാണ്. വെള്ളിയാഴ്ച 100 ഡോളറോളം വര്‍ധിച്ച് 5278.1 ഡോളറിലാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്. യുദ്ധഭീതി നിലനില്‍ക്കുന്നതിനാല്‍ തിങ്കളാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ സ്വര്‍ണ വില 500 ഡോളറോളം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കെജിഎസ്എംഎ ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു. രാജ്യാന്തര വില ഉയരുമെന്ന സാധ്യതയിലാണ് വ്യാപാരം നടക്കുന്നത്. അതിനാലാണ് ഇന്നും വില വര്‍ധിക്കാന്‍ കാരണമായത്.
യുദ്ധ ഭീതി നിലനില്‍ക്കുന്നതിനാല്‍ മറ്റു ആസ്തികളില്‍ നിന്നും സ്വര്‍ണത്തിലേക്ക് നിക്ഷേപമെത്തുമെന്നും അതിനാല്‍ സമീപദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യതയെന്നും എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു. തിങ്കളാഴ്ച നിലവിലെ വിലയ്ക്ക് മുകളില്‍ വില കൂടാനുള്ള സാധ്യതയാണ് അദ്ദേഹം കാണുന്നത്. യുഎസ്-ഇറാൻ യുദ്ധ കോലാഹലങ്ങൾ വർധിക്കുന്നത് സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന് ഡിമാന്‍ഡിന് ആക്കം കൂട്ടും.
ഇന്നത്തെ വിലയില്‍ 22 കാരറ്റ് ഒരു പവന്‍റെ സ്വര്‍ണാഭരണം വാങ്ങാന്‍ 1,43,854 രൂപയോളം നല്‍കണം. 10 ശതമാനം പണിക്കൂലി പ്രകാരമുള്ള വിലയാണിത്. കനമില്ലാത്തെ 18 കാരറ്റ് സ്വര്‍ണത്തിന് 325 രൂപയാണ് ഗ്രാമിന് കൂടിയത്. ഗ്രാമിന് 13,030 രൂപയും പവന് 1,04,240 രൂപയുമായി. വെള്ളിക്കും വില വര്‍ധിച്ചു. ഗ്രാമിന് 310 രൂപയാണ് ഇന്നത്തെ വില.