ഇസ്രയേലും ഇറാനും ആക്രമണം ശക്തമാക്കുമ്പോള്‍ മാറി മറിഞ്ഞ് കേരളത്തിലെ സ്വര്‍ണ വില. കേരളത്തില്‍ ബുധനാഴ്ച സ്വര്‍ണ വില പവന് 400 രൂപയാണ് വര്‍ധിച്ചത്. 74,000 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9,250 രൂപയിലെത്തി. ശനിയാഴ്ച 74,560 എന്ന സര്‍വകാല ഉയരത്തിലെത്തിയ ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വര്‍ണ വില താഴേക്കായിരുന്നു. യുദ്ധം രൂക്ഷമാകുമെന്ന സൂചനയ്ക്കിടെ രാജ്യാന്തര സ്വര്‍ണ വില ഉയര്‍ന്നതാണ് വീണ്ടും വില കൂടാന്‍ കാരണം.
ഇന്നത്തെ വിലയില്‍ പത്ത് ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 83,900 രൂപ വേണ്ടിവരും. സ്വര്‍ണ വിലയ്ക്കൊപ്പം 10 ശതമാനം പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, ജിഎസ്ടി എന്നിവ ചേര്‍ത്തുള്ള വിലയാണിത്.
രാജ്യാന്തര സ്വര്‍ണ വില ഇന്നലത്തെ വിലയില്‍ നിന്നും 20 ഡോളറിലധികമാണ് വര്‍ധിച്ചത്. ഇതാണ് കേരളത്തില്‍ വിലയില്‍ ചാഞ്ചാട്ടമുണ്ടാകാന്‍ കാരണം. എന്നാല്‍ ഇന്നലെ രാവിലെ 3,370 ഡോളറിലായിരുന്ന സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 3,394 ഡോളറാണ് രാവിലത്തെ വില. ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷം ആറാം ദിവസം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ പണനയം ഇന്ന് പുറത്തുവരും. ഇതും സ്വര്‍ണ വിലയെ സ്വാധീനിച്ചു.
പലിശ തീരുമാനം പുറത്തുവരാനിരിക്കെ ഡോളര്‍ ശക്തമായും ലാഭമെടുപ്പുമാണ് സ്വര്‍ണ വിലയുടെ വലിയ മുന്നേറ്റത്തിന് തടയിട്ടത്. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെട്ട യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇറാനോട് നിരുപാധികം കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇത്തവണയും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കില്ലെന്നാണ് പ്രതീക്ഷ. ഇതും സ്വര്‍ണത്തിന്‍റെ മുന്നേറ്റത്തിന് തടയിട്ടു.
എന്നാല്‍ സ്വര്‍ണ വില ഇനിയും കുതിക്കാം എന്ന് പറയുകയാണ് വിശകലന വിദഗ്ധര്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ രാജ്യാന്തര വില 3,600-3,800 ഡോളറിലെത്താം എന്നാണ് ആക്സിസ് സെക്യൂരിറ്റീസിന്‍റെ വിശകലനം. ഇടിയാനുള്ള സാഹചര്യമാണെങ്കില്‍ 3,245 ഡോളറിന് താഴേക്ക് എത്താം. അങ്ങനെയെങ്കില്‍ വലിയ ഇടിവ് സ്വര്‍ണ വിലയില്‍ ഉണ്ടാകും.