Image credit: Reuters
യുദ്ധം തുടരുമെന്ന സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെ എണ്ണ, സ്വര്‍ണവിലകളില്‍ കുതിപ്പ്. 1.4 ശതമാനമാണ് സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായത്. എണ്ണവിലയില്‍ 10 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസ്–ഇസ്രയേല്‍ ആക്രമത്തിന് തിരിച്ചടിയായി ഇറാനും കടുപ്പിച്ചതോടെയാണ് ഗള്‍ഫ് മേഖലയില്‍ വലിയ പ്രതിസന്ധി ഉടലെടുത്തത്. സംഘര്‍ഷം തുടര്‍ന്നാല്‍ ആഗോള ഊര്‍ജ വിതരണം കനത്ത പ്രതിസന്ധിയിലാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഹോര്‍മുസ് കടലിടുക്കിലൂടെ പോയ രണ്ട് കപ്പലുകള്‍ ഇതിനകം ആക്രമിക്കപ്പെട്ടുവെന്നതും ആശങ്ക ഉയര്‍ത്തുന്നതാണ്. ഹോര്‍മുസ് വഴിയുള്ള ഗതാഗതം തടസപ്പെടുന്നതാണ് എണ്ണവിലയിലെ കുതിപ്പിനും അതുവഴി മൊത്തത്തിലുള്ള വിലക്കയറ്റത്തിനും കാരണമാകുന്നത്. പ്രതിദിനം 15 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഹോര്‍മുസ് വഴി മാത്രം കടന്നുപോകുന്നത്. സൗദി, കുവൈത്ത്, ഇറാഖ്, ഖത്തര്‍, ബഹ്റൈന്‍,യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ മറ്റിടങ്ങളിലേക്കെത്താന്‍ ഹോര്‍മുസില്‍ കാത്ത് കിടക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിതരണം കുറയുന്നതോടെ വിലയില്‍ വലിയ വര്‍ധനയും ഉണ്ടാകും.
ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിലിൽ പ്രതിദിനം 206,000 ബാരൽ എണ്ണ അധികമായി ഉൽപാദിപ്പിക്കാനാണ് ധാരണ. പ്രതിസന്ധിഘട്ടങ്ങളിൽ ഉൽപാദനം വർധിപ്പിച്ച് ആഘാതം കുറയ്ക്കുന്ന പതിവ് ഒപെക് പ്ലസിനുണ്ടെങ്കിലും, ഇത്തവണ വിതരണം കൂട്ടാൻ മാത്രം അധിക ഉൽപാദന ശേഷി സഖ്യത്തിനില്ലെന്നാണ് വിവരം. 22 അംഗങ്ങളുള്ള ഒപെക് പ്ലസ് സഖ്യത്തിന്റെ നേതൃനിരയിലുള്ള സൗദി അറേബ്യ, യുഎഇ എന്നിവർക്ക് മാത്രമാണ് ഇത് സാധ്യമാകുക. എന്നാൽ, ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതം സാധാരണ നിലയിലാകുംവരെ ഇവർക്കും എണ്ണ കയറ്റുമതി പ്രയാസമാകും.
ഒപെക് പ്ലസ് അംഗമായ ഇറാനെ യുഎസ് ആക്രമിക്കുമെന്ന് മുന്നറിയിപ്പ് വന്നപ്പോള്‍ മുതല്‍ സൗദി അറേബ്യ പ്രതിദിനം ഏകദേശം 500,000 ബാരലിന്റെ ഉൽപാദന വർധന വരുത്തിയിരുന്നു. എന്നാല്‍ ഗൾഫ് സംഘർഷം എണ്ണവില പൊള്ളിച്ചതോടെ ഒപെക് പ്ലസിന്റെ നീക്കം വിപണിയെ തണുപ്പിക്കില്ലെന്നാണ് വിലയിരുത്തല്‍. ചെറിയ തോതിലുള്ള ഉൽപാദന വർധനയോടല്ല, മറിച്ച് ഗൾഫിലെ സംഭവവികാസങ്ങളും കപ്പൽ ഗതാഗതത്തിന്റെ സ്ഥിതിയും അനുസരിച്ചാകും വിലയിലെ ഏറ്റക്കുറച്ചിലുകള്‍ പ്രതിഫലിക്കുകയെന്നാണ് വിദഗ്ധരുടെ അഭിപ്രായം.