ഡല്‍ഹിയെ വിറപ്പിച്ച സമരത്തില്‍ ഗത്യന്തരമില്ലാതെ ചര്‍ച്ചയ്ക്ക് തയാറായ കേന്ദ്രത്തിന്‍റെ സമവായനീക്കം തള്ളി പ്രതിപക്ഷവും സി.ജെ.പിയും. വിദ്യാഭ്യസമന്ത്രി രാജിവയ്ക്കുംവരെ ചര്‍ച്ചയ്ക്കില്ലെന്ന് മല്ലികര്‍ജുന ഖര്‍ഗെ. ചര്‍ച്ചയ്ക്കുള്ള ജെ.പി.നഡ്ഡയുടെ ക്ഷണം  സി.ജെ.പിയും തള്ളി. ആരുടെയും ഓഫീസിലേക്ക് ചര്‍ച്ചയ്ക്ക് പോകില്ലെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നും സിജെപി നേതൃത്വം വ്യക്തമാക്കി. 

 

തലസ്ഥാനനഗരിയിലേക്ക് ഇന്നും ആയിരക്കണക്കിന് സിജെപി പ്രവർത്തകർ ഒഴുകിയെത്തി. 16 മെട്രോ സ്റ്റേഷനുകൾ അടച്ചും കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചും പ്രതിഷേധക്കാരെ നേരിട്ട് പൊലീസ്. ധർമേന്ദ്ര പ്രധാന്‍റെ രാജിവരെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. സമരം തീര്‍ക്കാന്‍ കേന്ദ്രം വീണ്ടും ശ്രമം തുടങ്ങി.

 

Also Read: കോണ്‍ഗ്രസ് തനിച്ച് സമരം നടത്തിയത് ശരിയായില്ല; ഘടകകക്ഷികള്‍ക്ക് അമര്‍ഷം

 

ഇന്നലെ ശ്രദ്ധ മുഴുവൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധത്തിലായപ്പോൾ, കൊണാട്ട് പ്ലേസിൽ കണ്ടത് വൻ സംഘർഷം. പൊലീസും - ദ്രുത കർമസേനയും പ്രതിഷേധക്കാരുമായി രാത്രി വൈകി പലതവണ ഏറ്റുമുട്ടി. ഇതോടെ എല്ലാവരും ജന്തർ മന്തറിലേക്ക് എത്തണമെന്നും സമാധാനപരമായ പ്രതിഷേധമാണെന്നും സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു. ജന്തർ മന്തറിന് പുറത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഗുണ്ടകൾ ആണെന്നും അഭിജിത്. ഇന്ന്, ജന്തർ മന്തർ പിന്നിട്ട് പാർലമെന്റ് സ്ട്രീറ്റും ജൻപഥ് വരെയും പ്രതിഷേധക്കാരത്തി. ജൻപഥ് റോഡിൽ പൊലീസും പ്രതിഷേധക്കാരും നേർക്കുനേർ നിൽക്കുകയാണ്. പ്രതിഷേധിക്കാനെത്തിയവര്‍ ബാരിക്കേഡുകൾക്ക് പിന്നിലേക്ക് മാറണമെന്ന് പൊലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. 

 

ബംഗാളില്‍നിന്ന് 20 കമ്പനി സിആര്‍പിഎഫിനെ ഡല്‍ഹിയില്‍ ഉടന്‍ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. പൊലീസ് നടപടിക്കെതിരായ ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന് ഹർജിക്കാരൻ അറിയിച്ചപ്പോള്‍, ദൃശ്യങ്ങള്‍ കാണാൻ താല്‍പ്പര്യവും സമയവും ഇല്ലെന്ന് ചീഫ് ജസ്റ്റിസ് നിലപാടെടുത്തു. തൊഴിലില്ലാത്ത ചിലര്‍ പാറ്റകളെപ്പോലെയാണെന്ന ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്‍റെ പരാമര്‍ശമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ രൂപീകരണത്തിന് തന്നെ കാരണമായത്. 

 

ഇതിനിടെ, വക്താവ് സ്ഥാനത്തുനിന്ന് വിജേദ ദഹിയയെ സിജെപി നീക്കി. പ്രതിഷേധം നടക്കുമ്പോൾ ദഹിയ ബർഗർ കഴിക്കുന്ന ദൃശ്യം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. ധർമേന്ദ്ര പ്രധാന്‍റെ രാജി വരെ ഒരടി പിന്നോട്ടില്ലെന്ന് സിജെപി വ്യക്തമാക്കുമ്പോള്‍ ഇനി പന്ത് കേന്ദ്രത്തിന്‍റെ കോര്‍ട്ടിലാണ്. പാർലമെന്റ് മാർച്ച് ടീസർ മാത്രമെന്ന് അഭിജിത് ദീപ് പറഞ്ഞു. 

ENGLISH SUMMARY:

Malayala Manorama Online News reports on a deepening political crisis in India where opposition parties and the CJI have rejected the central government's peace initiative. The ongoing protests in Delhi have led to a deadlock, with the opposition refusing to negotiate until the education minister resigns and the CJPI also rejecting the invitation for talks.