ഇന്ത്യ അധ്യക്ഷത വഹിക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, പ്രതിരോധം, ഊർജം, സുരക്ഷ എന്നിവയിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് പ്രധാന വിഷയമായി. കൂടാതെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി മോദി, റഷ്യക്കും യുക്രെയ്നുമിടയില്‍ മധ്യസ്ഥതക്ക് തയാറാണെന്നും വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷമുയര്‍ത്തുന്ന വെല്ലുവിളികളും ഇരുനേതാക്കള്‍ ചര്‍ച്ച ചെയ്തു. സംഘര്‍ഷങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു. റഷ്യ സന്ദര്‍ശിക്കാനുള്ള പുടിന്‍റെ ക്ഷണവും മോദി സ്വീകരിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതും പ്രതിരോധ രംഗത്തെ സഹകരണവും ചർച്ചയായി. 2030 ഓടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറിന്റേതാക്കുകയാണ് ലക്ഷ്യം. കൂടാതെ, ആണവ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് റഷ്യയിൽ കൂടുതൽ അവസരങ്ങൾ നൽകുന്നതിനെക്കുറിച്ചും ചർച്ച നടന്നു. തമിഴ് ക്ലാസിക്ക് തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ മോദി, പുടിന് സമ്മാനിച്ചു. ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന ടെക് എക്സിബിഷനും ഇരു നേതാക്കളും സന്ദർശിച്ചു. തുടര്‍ന്ന് ബ്രിക്സ് ബിസിനസ് ഫോറത്തില്‍ പങ്കെടുത്തു. റഷ്യൻ പ്രസിഡൻ്റിൻ്റ വാഹനത്തില്‍ ഒന്നിച്ചാണ് ഇരുവരും എത്തിയത്.

ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഡൽഹിയിലെത്തിയിട്ടുണ്ട്. മസൂദ് പെസഷ്ക്കിയാന്‍റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. അദ്ദേഹവുമായുംംം പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണായകമാണ് ഈ കൂടിക്കാഴ്ച. ഹോർമൂസിൽ സമാധാനം പുനസ്ഥാപിക്കണം എന്ന് ഇന്ത്യ ആവശ്യപ്പെടും. പശ്ചിമേഷ്യൻ സംഘർഷം ഉണ്ടാക്കുന്ന ആഭ്യന്തര വിലക്കയറ്റമടക്കം ഇന്ത്യയെ ബാധിക്കുന്ന വിഷയങ്ങളും ഉന്നയിക്കപ്പെടുമെന്നാണ് സൂചന. ഉച്ചകോടിക്കെത്തുന്ന യുഎഇ, സൗദി പ്രതിനിധികളുമായും പ്രധാനമന്ത്രി ചർച്ച നടത്തും. സമാധാനം പുനസ്ഥാപിക്കാൻ ഇരുവിഭാഗത്തിന്‍റെയും സഹകരണം ആവശ്യപ്പെടും. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും ഡല്‍ഹിയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉൾപ്പെടെയുള്ള പ്രമുഖ ലോക നേതാക്കളും ഇന്ത്യയിലെത്തുന്നുണ്ട്.

ENGLISH SUMMARY:

Prime Minister Narendra Modi held a bilateral meeting with Russian President Vladimir Putin in New Delhi ahead of the 18th BRICS Summit hosted under India's chairship. The discussions focused on strengthening strategic cooperation across trade, defense, energy, nuclear technology, and skilled labor mobility, aiming for a $100 billion bilateral trade target by 2030. Calling for an end to the ongoing conflict in Ukraine, PM Modi reaffirmed India's willingness to act as a mediator while also addressing critical challenges posed by West Asian tensions. Following their meeting, both leaders attended the BRICS Business Forum and tech exhibition together as world leaders gathered in the capital for the summit.