ദേശീയ ഗാനം ആലപിക്കാനും കേള്‍ക്കാനുമുള്ളതാണ്. പക്ഷേ ഇന്ന് കേരളത്തില്‍ ആലാപനത്തെക്കാളും ആസ്വാദനത്തെക്കാളും കൂടുതല്‍ നടന്നത് ചര്‍ച്ചയായിരുന്നു. ദേശീയ ഗാനത്തെക്കുറിച്ചുള്ള ചര്‍ച്ച. സംഗതി ഇതാണ്. സിനിമാ തിയറ്ററുകളില്‍ സിനിമ തുടങ്ങും മുമ്പ് ദേശീയഗാനം പ്രദര്‍ശിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അത് കുറച്ച് ദിവസമായി. ഇപ്പോള്‍ ചര്‍ച്ച വരാന്‍ കാരണം തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രോല്സവമാണ്. ഓരോ സിനിമയ്ക്കും മുന്നേ ദേശീയ ഗാനം കേട്ട് എഴുന്നേറ്റ് നില്ക്കുന്ന കാരണം , ചലച്ചിത്ര മേളക്കു വന്ന പ്രതിനിധികള്‍ കടുത്ത ദേശസ്നേഹികളായിക്കൊണ്ടിരിക്കുകയാണ്. കാരണം ഒരു ദിവസം നാലും അഞ്ചും സിനിമയാണല്ലോ കാണുന്നത്. ഒരാഴ്ചത്തെ മേള കഴിയുമ്പോള്‍ ഇവരൊക്കെ ദേശസ്നേഹം സഹിക്കാന്‍ വയ്യാതെ തോക്കുമെടുത്ത് അതിര്‍ത്തിക്കു പോകുമോ എന്നാണ് പേടി
ദേശീയ ഗാനത്തെ ബഹുമാനിക്കില്ല എന്ന് ആരു പറഞ്ഞാലും അംഗീകരിക്കാനാവില്ല. പക്ഷേ ഈ ദേശസ്നേഹ പരിശോധന എവിടെയൊക്കെ വേണം എന്ന് തീരുമാനിക്കുന്നതില്‍ ഒരു ഔചിത്യമൊക്കെ വേണം. എന്തുകൊണ്ടാണ് ഈ സിനിമാ ഹാളിനെ ദേശീയ ഗാനം കേള്‍പ്പിക്കാന്‍ തിരഞ്ഞെടുക്കുന്നത്. ഇവിടെ നാടകവും കോമഡി ഷോയും ഗാനമേളയും സിനിമാറ്റിക് ഡാന്‍സും ഒക്കെ നടക്കുന്നുണ്ടല്ലോ. അവിടെയൊക്കെ തുടക്കത്തില്‍ ദേശീയ ഗാനം കേള്‍പ്പിക്കാന്‍ ഉത്തരവ് വരാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അല്ലെങ്കിലും പലരുടെയും വിചാരം സിനിമ മാത്രമാണ് ഈ രാജ്യത്ത് കലാരൂപമായി ഉള്ളുവെന്നാണ്. അതുകൊണ്ടാണല്ലോ പുകവലിക്കെതിരായ പരസ്യം സിനിമക്കു മുന്‍പ് മാത്രം കാണിക്കുന്നത്. ഈ ടിവിയും നാടകവും ഒന്നും കാണുന്നവരുടെ ശ്വാസകോശം സ്പോഞ്ചു പോലെയല്ലേ? അവരൊന്നും പുകവലിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരില്ലേ? ഒരു പിടിയുമില്ല
ഈ ഡയലോഗടിക്കുന്ന നേതാക്കള്‍ ആദ്യം ഒരു തീരുമാനമെടുക്കണം. തങ്ങളുടെ പാര്‍ട്ടി യോഗങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ് നിര്‍ബന്ധമായും ദേശീയ ഗാനം ആലപിക്കുകയും എഴുന്നേറ്റ് നിന്ന് ബഹുമാനം രേഖപ്പെടുത്തുകയും വേണം. കോടതികള്‍ക്കും അതു ചെയ്യാവുന്നതാണ്. വേറെയുമുണ്ട് ഒരു സംശയം. തിയറ്ററില്‍ വൈകി വന്ന കാരണം ദേശീയ ഗാനം കേള്‍ക്കാന്‍ പറ്റാതെ വരുന്ന ഒരു ദേശസ്നേഹി അവന്റെ അല്ലെങ്കില്‍ അവളുടെ ദേശസ്നേഹം എങ്ങിനെ പ്രകടിപ്പിക്കും.? കൂടാതെ , ദേശീയ ഗാനം കേള്‍ക്കുന്നത് ഒഴിവാക്കാനായി ബോധപൂര്‍വം തിയറ്ററില്‍ വൈകി വരുന്ന ഒരാളെ എങ്ങനെ പിടികൂടാനാകും. സിനിമക്ക് ഇടക്കിടെ ദേശീയ ഗാനം കേള്പ്പിക്കുകയേ വഴിയുള്ളു. തിയറ്ററില്‍ പ്രോജക്ടറ് ഓടിക്കുന്ന ചേട്ടനൊക്കെയാകും ഇനിമുതല്‍ ഏറ്റവും വലിയ ദേശസ്നേഹി
ദേശസ്നേഹം ഇങ്ങനെ നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയാല്‍ ദേശീയഗാനവും മറ്റൊരു കോമഡിയായി പോകുകയേയുള്ളു. ഇനി അങ്ങനെ ഒരു ദുരുദ്ദേശത്തില്‍ ചെയ്യുന്നതാണോ ഇതൊക്കെ എന്നും സംശയം വരും. ഭക്ഷണത്തിനു മുമ്പ് കഴിച്ചാലേ ചില മരുന്നിന് ഗുണമുണ്ടാകു എന്ന് പറയും പോലെ സിനിമക്ക് മുമ്പ് കേട്ടാലേ ദേശീയഗാനത്തിന് ഗമ കിട്ടൂ എന്നൊന്നും വാശി പിടിക്കരുത്. അറ്റന്‍ഷനായി നിന്ന് ആലപിച്ചില്ലെങ്കിലും ആസ്വദിച്ചില്ലെങ്കിലും ദേശസ്നേഹം കുറയുകയൊന്നുമില്ല. സംശയമുണ്ടെങ്കില്‍ എ ആര് റഹ്മാനും കൂട്ടരും തയാറാക്കിയ ഈ ദേശീയ ഗാനം ഒന്ന് കണ്ടു നോക്കണം. പട്ടാളക്കാരെ അറ്റന്ഷനായിട്ടല്ല ഇവര്‍ പാടുന്നത്. കൈയും കഴുത്തും ഇളകുന്നതു കൊണ്ട് പാടുന്നവരുടെയോ ഇരുന്നു കൊണ്ട് കേള്‍ക്കുന്നതുകൊണ്ട് നമ്മുടെയോ ദേശസ്നേഹം കുറയുന്നുമില്ല. കുറയുന്നുവെങ്കില്‍ നിങ്ങളൊരു ദേശസ്നേഹിയല്ല