ദീപാവലി ഇന്നാണെങ്കിലും വെടിക്കെട്ട് ഇന്നലെയായിരുന്നു. തലസ്ഥാനം കിടുങ്ങിവിറച്ച മണിക്കൂറുകള്‍. ജനകരക്ഷായാത്രയില് നിന്ന് അങ്ങനെ കേരളത്തിന് മോചനമായി. നല്ല കിണ്ണംകാച്ചിയ തള്ളായിരുന്നു. അമിത് ഷാജി വരുന്നതുവരെയുള്ള ബോറടി മാറ്റാന്‍ ആളുകള്‍ മാറിമാറി പ്രസംഗിച്ചു. അദ്ദേഹം വന്നപ്പോഴാണ് കണ്ടുനിന്നവര്ക്കൊരു റിലാക്സേഷന് കിട്ടിയത്. പക്ഷെ, കാത്തിരുന്നവരെ കാത്തിരുന്നത് കേരളം ഉഴുതുമറിച്ച യാത്രയുടെ ഭൂപടവര്ണനയായിരുന്നു.അതും നായകന് കുമ്മനംവക.
ഇന്ത്യയിലെ രാജ്യങ്ങളോ. നാട്ടുരാജ്യങ്ങളൊക്കെ പണ്ടല്ലേ സാറേ. ഹിന്ദിയില്‍ രാജ്യത്തിന് ദേശ് എന്നല്ലേ പറയാറ്. കേട്ടിട്ടില്ലേ ദേശ്് വാസിയോം എന്നൊക്കെ മോഡിജി പറയുന്നത്. അപ്പോ ഈ രാജ്യമെന്നൊക്കെ ഹിന്ദിയില്‍ കേട്ടാല്‍ സംസ്ഥാനമാണെന്ന് മനസ്സിലാക്കിക്കോളണം.
പക്ഷെ, യാത്രയുടെ സമാപനത്തില്‍ താരം ഇവരൊന്നുമായിരുന്നില്ല. സുരേഷായിരുന്നു. ബിജെപിയുടെ തിരുവന്തപുരം നേതാവിനെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടകാര്യമില്ല. ഉറഞ്ഞുതുള്ളലില്‍ ഡിഗ്രി എടുത്തയാളാണ്. ഇന്നലെ അമിത്ഷാജിയുടെ മുന്നില്‍ അണ്ണന്റെ കാച്ച് ഇംഗ്ലീഷിലായിരുന്നു. കുറ്റം പറയാനാവില്ല. കാരണം ,സിനിമേന്ന് വന്ന് സുരേഷ് ഗോപിയും ഇടത്തുനിന്ന് വന്ന് അല്‍ഫോന്‍സ് കണ്ണന്താനവുമൊക്കെ എംപിയും മന്ത്രിയുമൊക്കെയാകുന്ന പാര്‍ട്ടിയില്‍ താഴേത്തട്ടില്‍നിന്ന് വന്ന പ്രവര്‍ത്തകര്‍ക്ക് പിടിച്ചുനില്‍ക്കേണ്ട. അപ്പോ അല്പസ്വല്പം ഗിമ്മിക്കും തുള്ളുമൊക്കെയാവാം.