കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും സിപിഎം ഒറ്റയ്ക്ക് വഹിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നതിനായി യുഡിഎഫ് ഇന്ന് യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ കെ.മുരളീധരനായിരുന്നല്ലോ ഇവിടുത്തെ പ്രതിപക്ഷത്തിന്റെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചത്. സാഹചര്യം ഇങ്ങനെയൊക്കെയാണെങ്കിലും സര്‍ക്കാരിനെതിരെ എന്ത് നിലപാടെടുക്കും എന്നതിനേക്കാള്‍ മുന്നണിക്കകത്ത് എങ്ങനെ ഒത്തൊരുമ കൊണ്ടുവരാമെന്ന ്കാര്യത്തിലാണ് കൂടുതലും ചര്‍ച്ച നടന്നത്. കോണ്‍ഗ്രസുകാരെ ഉപദേശിക്കാന്‍ ആന്റണി എത്താത്ത സാഹചര്യം പരിഗണിച്ച് മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടിയാണ് ആ റോള്‍ ഏറ്റെടുത്തത്. മുന്നണി ഇങ്ങനെപോയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷസ്ഥാനം പോലും ലഭിക്കില്ലെന്നാണ് കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസുകാരെ ഉപദേശിച്ചത്.
പക്ഷേ ചെന്നിത്തല ആരാ മോന്. മുരളീധരനല്ല, കുഞ്ഞാലിക്കുട്ടിവരെ പലതും ഉന്നയിക്കുമെന്ന് നേരത്തെ അറിഞ്ഞതുകൊണ്ട്, താന്‍ പ്രതിപക്ഷ നേതാവായതിനുശേഷം കോണ്‍ഗ്രസ് നടത്തിയ സമരത്തിന്റെ പട്ടികവരെ സംഘടിപ്പിച്ചാണ് യോഗത്തിനെത്തിയത്. കോണ്‍ഗ്രസ് മണ്ഡല കമ്മിറ്റി വരെ സംഘടിപ്പിച്ച സമരങ്ങളെല്ലാം ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇത്തരം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമായി ചെന്നിത്തല എത്തുമെന്ന് സാക്ഷാല്‍ കുഞ്ഞാലിക്കുട്ടി തൊട്ട് കോണ്‍ഗ്രസുകാര്‍ പോലും സ്വപ്നത്തില്‍ പോലും വിചാരിച്ചുകാണില്ല.
ലീഗിന് കോണ്ഗ്രസിനോടൊുള്ള സ്നേഹം പറഞ്ഞറിയിക്കാന്‍ പറ്റില്ല. കുഞ്ഞാലിക്കുട്ടി തന്നെയാണ് അത്തരത്തിലൊരു റോള്‍ ഏറ്റെടുക്കാന്‍ എന്തുകൊണ്ടും മികച്ച ആള്. പ്രത്യേകിച്ചും ഉമ്മന്‍ചാണ്ടി മൊത്തത്തില്‍ റിവേഴ്സ് ഗിയറും ഇട്ട് റെയ്സ് ചെയ്ത് നില്ക്കുന്ന ഈ നേരത്ത്.
യുഡിഎഫ് യോഗം ഒത്തൊരുമയെക്കുറിച്ച് ഏറെ ചര്‍ച്ചചെയ്യും എന്നുള്ളതിനാല്‍ ഉമ്മന്‍ചാണ്ടി പക്ഷേ നേരത്തെ തന്നെ പ്രസന്റായിരുന്നു. എന്നുവച്ച് രാഷ്ട്രീയകാര്യസമിതിയില്‍ പങ്കെടുക്കാനൊന്നും അദ്ദേഹത്തെ കിട്ടില്ല. രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുന്ന ദിവസം തനിക്ക് പനിയായിരിക്കുമെന്നാണ് പാര്‍ട്ടിയെ അദ്ദേഹം അറിയിച്ചിരിക്കുന്നത്. തല്ക്കാലം ചെന്നിത്തലയും സുധീരനും കൂടി പാര്‍ട്ടികാര്യങ്ങള്‍ മുഖത്തോട് മുഖം പറഞ്ഞോണ്ടിരിക്കേണ്ടി വരും.
ഒത്തൊരുമ എന്നത് കോണ്‍ഗ്രസുകാര്‍ക്ക് ഇടക്കിടെ പറയേണ്ടിവരുന്ന ഒരു വാചകമാണ്. മുന്നണി രാഷ്ട്രീയത്തില്‍ സാധാരണ പാര്‍ട്ടികള്‍ക്കിടയില്‍ ഒത്തൊരുമയെക്കുറിച്ച് പറയേണ്ടിവരുന്നത് സ്വാഭാവികമാണ്. ഇപ്പോള്‍ എല്ഡിഎഫിലൊക്കെ സിപിഎം സിപിഐ തര്‍ക്കം എന്നൊക്കെ വാര്‍ത്തവരും. പക്ഷേ യുഡിഎഫില്‍ ഇതു നേരെ തിരിച്ചാണ്. കോണ്‍ഗ്രസെന്ന ഒരൊറ്റ പാര്‍ട്ടിയെ തന്നെ ഒരു മുന്നണിയായൊക്കെ തോന്നിപ്പോവും.