നാട്ടില്‍ ഒരു സംഘടനയ്ക്കകത്തുനിന്ന് നല്ലതും ചീത്തയുമായ വാര്‍ത്തകളൊക്കെ വരുന്നത് ആ സംഘനടയിലെ മുഴുവന്‍ ആളുകളും ഒരേ താല്പര്യത്തിലല്ല പണിയെടുക്കുന്നത് എന്നതുകൊണ്ടാണ്. അതുകൊണ്ടാണ്, ഒരുത്തന് കോഴവാങ്ങിയത് മറ്റൊരുത്തന് പുറത്തുകൊണ്ടുവരാന്‍ കിടന്ന് പണിയെടുക്കുന്നത്. ഭരണവും അധികാരവുമൊക്കെ ഉള്ള കൂട്ടത്തിലാണ് ഇതൊക്കെ സര്‍വസാധാരണമായിട്ടുള്ളത്. അക്കാര്യത്തിലും ബിജെപി തങ്ങള്‍ ഒരുപാട് പുരോഗമനപാര്ട്ടിയാണെന്ന് തെളിയിച്ചിരിക്കുന്നു. ഇതുമാത്രമല്ല. പാര്‍ട്ടിക്കകത്ത് വിഭാഗീയത മറനീക്കി പുറത്തുവന്നുവെന്നാണ് പറയപ്പെടുന്നത്. ഈ വിഭാഗീയതയുടെ കാര്യത്തിലും ബിജെപി എത്രയോ മുന്നില്‍ നില്ക്കുന്ന പാര്‍ട്ടിയാണ് പോലും.
മെഡിക്കല്‍ കോളജ് തുടങ്ങാന്‍ ബിജെപി സംസ്ഥാനത്ത് ഒരു കോര്‍ഡിനേഷന്‍ ടീമിനെ വച്ചു എന്നങ്ങ് കരുതിയാല്‍ പ്രശ്നം തീര്‍ന്നു. ഒരു പരസ്പര സഹായക സംഘം. അല്ലെങ്കിലും സ്വയം സേവക സംഘം എന്ന് സ്വയം വിളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണല്ലോ അവര്‍. ആ നിലക്ക് ഒരു സഹായം ചെയ്തു എന്നുമാത്രം. മെഡിക്കല്‍ കോളജ് തുടങ്ങേണ്ടവര്‍ വെറുതെ ഡല്‍ഹിയില്‍ പോയി കഷ്ടപ്പെടേണ്ട കാര്യമേയില്ല. അതൊക്കെ ഇവര്‍ ശരിയാക്കിക്കൊടുക്കും. പിന്നെ ഡല്‍ഹിയിലെ സപ്തനക്ഷത്ര ഹോട്ടലിലൊക്കെ തങ്ങി തിരിച്ചുവരുന്നതിനാണ് ഈ അഞ്ചര കോടി. അതായത് ഒരുസേവനനികുതിയായി മാത്രം കണ്ടാമതി.
എം.ടി.രമേശിനെ കുടുക്കിയതാണെന്നൊക്കെയാണ് രമേശേട്ടന്റെ ഒപ്പമുള്ളവര്‍ പറയുന്നത്. ഇതിപ്പോ നാട്ടില്‍ സകല കേസ് നടന്നാലും അതൊക്കെ കുടുക്കിയതാണ് എന്നു പറയുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. അങ്ങനെയാണെങ്കില്‍ എം.ടി.രമേശിനെ കോടതി കുറ്റക്കാരനെന്ന് തെളിയിക്കുന്നതുവരെ കുറ്റക്കാരനായി ആരും കാണേണ്ട എന്നുകൂടി പാര്‍ട്ടിയില്‍ ഒരു സര്‍ക്കുലര്‍ കുമ്മനംജി ഇറക്കണം. അതും ഇപ്പോഴത്തെ ഒരു ട്രെന്‍ഡാണല്ലോ.
ഇതിപ്പോ കോഴിക്കോട്ട് നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലും അഴിമതി, ചില വ്യവസായികള്‍ക്ക് കേന്ദ്രപദവി നല്‍കാമെന്നും പറഞ്ഞ് അവിടെ നിന്നും കോഴ വാങ്ങല്‍, ഗവര്‍ണര്‍ സ്ഥാനം ഓഫര്‍ ചെയ്ത് തട്ടിപ്പ് അങ്ങനെയങ്ങനെ കുറെ വരിവരിയായി വരുന്നുണ്ട്. നിയമസഭയ്ക്ക് ശേഷം കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കാന്‍ പെടാപാട് പെടുന്നതിനിടെയാണ് ഈ പരിപാടികളൊക്കെ എന്നോര്‍ക്കണം. അമിത് ഷാജി ഈയടുത്തുപോലും നേരില്‍ വന്ന് നാലുപറഞ്ഞുപോയതാണ്. ഇതിനിടക്ക് കോഴവാങ്ങാനൊക്കെ സമയം കണ്ടെത്താന്‍ പറ്റുക എന്നു പറഞ്ഞാല്‍ ചില്ലറ കാര്യമല്ല. ഇത്തരം സര്‍ഗവാസനയുള്ള പ്രവര്‍ത്തകരെ കണ്ടെത്തി കുമ്മനേട്ടന് ബഹുമാനിക്കാനാണ് തയ്യാറാവേണ്ടത്. ഇല്ലെങ്കില്‍ ഈ കല അന്യം നിന്ന് പോവും.