സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഈ ബിജെപി സിപിഎം അടികൊണ്ട് പൊറുതിമുട്ടിയ ആള് നമ്മുടെ ഗവര്‍ണറാണ്. ബിജെപിക്കാര്‍ക്ക് അടികിട്ടിയാല്‍, പാര്‍ട്ടി ഓഫിസിനുനേരെ അക്രമമുണ്ടായാല്‍ ഒക്കെ കേരളത്തിലെ ബിജെപിക്കാരുടെ സ്ഥിരം പരിപാടി ഗവര്‍ണറെ പോയി കാണലാണ്. ഒരു സംഘമായിട്ടാണ് പോവാറ്. കുമ്മനംജി മുന്നില്‍ നടക്കും. കൈയ്യില്‍ കുറച്ച് പേപ്പറുണ്ടാവും. അടിപിടി, കൊലപാതകം, വെട്ട് കുത്ത് എന്നിവയുടെ കണക്കുകള്‍ പട്ടികപോലെ എഴുതിയിട്ടുണ്ടാവും ആ പേപ്പറില്‍. ഈ പേപ്പര്‍ ഗവര്‍ണര്‍ വാങ്ങണം. വായിച്ചുനോക്കി നടപടി എടുക്കണം. അതാണ് ആവശ്യം. ഇനി ഗവര്‍ണര്‍ തിരിച്ച് ബിജെപിക്കാരോട് വല്ല കണക്കോ മറ്റോ ചോദിച്ചാല്‍ അതായത് ബിജെപിക്കാര്‍ നടത്തിയ അക്രമങ്ങളെക്കുറിച്ച് ചോദിച്ചാല്‍ പുറത്ത് നിന്ന് നല്ലതെറിവിളിയും കേള്‍ക്കാം. അതിന്റെ ചുമതല ശോഭാ സുരേന്ദ്രനെ ഏല്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഗവര്‍ണര്‍ ഇത്തവണ ഒരു മുന്‍കരുതല്‍ എടുക്കുന്നത് നന്നായിരിക്കും.