രാജ്യത്തെ സകലമാന ഇടതന്മാരും ആര്‍എസ്എസിനെതിരെയുള്ള യുദ്ധത്തിലാണ്. കേരളത്തില്‍ പ്രത്യേകിച്ചും പിണറായി വിജയന്റെ മുഖ്യനേതൃത്വത്തിലാണ് യുദ്ധം. എന്നിട്ടും ഒരു സിപിഎം എംഎല്‍എ ആര്‍എസ്എസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തു. പങ്കെടുക്കുക മാത്രമല്ല, വിളക്കുകൊളുത്തി ഉദ്ഘാടനവും ചെയ്ത് നല്ലപ്രസംഗവും കാച്ചിയാണ് കക്ഷി മടങ്ങിയത്.
പക്ഷേ എംഎല്‍എയ്ക്ക് മാത്രം ഇങ്ങനെ കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ മാത്രം സാധിച്ചില്ല.
സാരമില്ല. ഉപദേശം ആര്‍ക്കും പറ്റും. അനുഭവം പക്ഷേ അങ്ങനെയാവണമെന്നില്ലല്ലോ. ഇരിങ്ങാലക്കുടയില്‍ നിന്നുള്ള കെ.യു. അരുണന് എംഎല്‍എ അടുത്തകാലത്ത് പ്രശസ്തനായ ഒരാളാണ്. ഓര്‍മയില്ലേ 1983ലെ ലോകകപ്പ് ക്രിക്കറ്റ് വിജയികളായ ഇന്ത്യന്‍ ടീമില്‍ യുവരാജ് സിങ് കളിച്ചിരുന്നു എന്ന് സഭയില്‍ പറഞ്ഞ് ഞെട്ടിച്ച ആ ആളുതന്നെ. അത് കേട്ട് നര്‍മത്തില്‍ വിശ്വസിക്കുന്നവരെല്ലാം ചിരിച്ചതല്ലേയുള്ളു. അപ്പോ ഈ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതും അതുപോലെ ഒന്നായി കരുതിയാല്‍ മതി.
ഇതിപ്പോ അവിടെ ബാനറില്‍ ആര്‍എസ്എസ് സ്ഥാപകരായ ഗോള്‍വാള്‍ക്കറുടേയും ഹെഡ്ഗേവാറിനിന്റേയും ഫോട്ടോ കണ്ട് മാര്ക്സായും എംഗല്സായും തെറ്റിദ്ധരിച്ചു എന്നുവക്കാം. പക്ഷേ മലയാളത്തില്‍ വെണ്ടക്കാ അക്ഷരത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം എന്നെഴുതിയതെങ്കിലും വായിക്കാമായിരുന്നു. അതും മനസിയാല്ലെങ്കില് മധുരം മലയാളം പദ്ധതിയില്‍ എംഎല്‍എയെ അടിയന്തരമായി ഉള്‍പ്പെടുത്തണം.