സര്‍ക്കാരിന്റെ ഒന്നാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളു. അതിനു മുമ്പ് നിയമസഭയിലും ആഘോഷം പൊടിപൊടിച്ചു. ആഘോഷം എന്നൊക്കെ പറഞ്ഞാല്‍ നല്ല വെടിക്കെട്ട് ആഘോഷം. അതു പക്ഷേ നിയമസഭയിലായിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ പറഞ്ഞ അതേ നാക്കുകൊണ്ട് ചെന്നിത്തല ഇങ്ങനെയൊന്നും പറയരുതായിരുന്നു. വി.ഡി.സതീശനായിരുന്നു കാര്യങ്ങള്‍ വിശദീകരിക്കേണ്ട ചുമതല. ലക്ഷ്യം മുഖ്യമന്ത്രി മാത്രം. ആദ്യം ഒരു ഉപദേഷ്ടാവിനെ കൂട്ടുപിടിച്ചു. അതാവുമ്പോള്‍ കൊള്ളേണ്ടിടത്ത് കൊള്ളും. വിചാരിക്കുന്നതിന് അപ്പുറത്തേക്ക് കാര്യങ്ങളെത്തും ചെയ്യും.
കൃഷിവകുപ്പിലെ ഉദ്യോഗസ്ഥപ്രശ്നങ്ങളിലെ ചര്‍ച്ചയാണ് അടിയന്തരപ്രമേയമായി സതീശന് കൊണ്ടുവന്നതെങ്കിലും അതിനിടയ്ക്ക് ഗീതഗോപിനാഥിനെ കൊണ്ടുവരാന്‍ പാടില്ലായിരുന്നു എന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. സ്പീക്കര്‍ തന്നെ മുന്‍കൈയ്യെടുത്ത് ഇതുപറഞ്ഞ സ്ഥിതിക്ക് സംഗതി പതിവുപോലെ വഷളായി. തന്നെ ആരും കേള്‍ക്കാനും അനുസരിക്കാനും തയ്യാറാവാത്തതില്‍ സ്പീക്കര്‍ക്കുള്ള വിഷമം ഭരണപക്ഷത്തിന്റേതുകൂടിയാണ്. അങ്ങനെ സ്പീക്കറുടെ രൂപത്തില്‍ പിണറായി സഖാവിന്റെ പിറന്നാള്ദിനത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനവുമായി.