ജോലിസ്ഥലം ഡല്‍ഹിയിലേക്ക് മാറ്റുന്നതിന്റെ ആവേശത്തിലാണ് കുഞ്ഞാലിക്കുട്ടി സാഹിബ്. പോവുന്നതിന് മുമ്പ് ഇക്കാലമത്രയും കൂടെ ചിലവഴിച്ച സുഹൃത്തുക്കളെ കണ്ട് യാത്രപറയാനെത്തി. വിജയശ്രീലാളിതനായി അനന്തപുരിയില്‍ കാലെടുത്തുകുത്തിയ കുഞ്ഞാപ്പയ്ക്ക് യുഡിഎഫ് നേതാക്കള്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. ഒരു വഴിക്ക് പോകുന്നതുകൊണ്ട് പ്രത്യേകമായി തയ്പ്പിച്ചെടുത്ത ഗാന്ധി തൊപ്പിയാണ് കെപിസിസിയുടെ താല്‍ക്കാലിക പ്രസിഡന്റ് എംഎം. ഹസന് സമ്മാനമായി നല്‍കിയത്. ഒരുവേളം കുഞ്ഞാലിക്കുട്ടിക്ക് താന്‍ കോണ്‍ഗ്രസുകാരനായോ എന്നുവരെ തോന്നിപ്പോയ നിമിഷങ്ങള്‍.
തൊപ്പിയൊക്കെ ഇട്ട് ലഡുവും തീറ്റിച്ച് നൈസായി ഒരു പണി കൊടുക്കലായിരുന്നു ലക്ഷ്യം. അതായത് മലപ്പുറം തിരഞ്ഞെടുപ്പ് വിജയത്തെ യുഡിഎഫ് ഒറ്റക്കെട്ടായി വിലയിരുത്തി. അതില്‍ കണ്ടത് കുഞ്ഞാലിക്കുട്ടിയുടെ പ്രഭാവമൊന്നും അല്ല, മറിച്ച് യുഡിഎഫിന്റെ ഒറ്റക്കെട്ടാണത്രെ വിജയം കൊണ്ടുവന്നത്. ഇക്കണക്കിന് പോയാല്‍ കേരളം സിപിഎം വിമുക്ത സംസ്ഥാനമാകുമത്രെ. തങ്കച്ചന് സാറിനെ സമ്മതിക്കണം.