എ കെ ശശീന്ദ്രന് ഉള്‍പ്പെട്ട ഫോണ്‍ സംഭാഷണം പൊലീസും അന്വേഷിക്കും. ജുഡീഷ്യല്‍ കമ്മിഷനും പൊലീസും തമ്മില്‍ ഒരു അന്വേഷണ മല്‍സരം സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പൊലീസിനും മുഖ്യമന്ത്രിക്കുമൊക്കെ ഒരു ലോഡ് പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം. സത്യത്തില്‍ എന്തിനായിരുന്നു ഈ ജുഡീഷ്യല്‍ അന്വേഷണമെന്ന് പിടികിട്ടുന്നില്ല. ഒരു എസ് ഐക്ക് അന്വേഷിച്ച് കണ്ടുപിടിക്കാനുള്ള കാര്യമല്ലേയുള്ളു ഇത്. ശശീന്ദ്രനോട് ചോദിക്കുക ആരാണ് വിളിച്ചതെന്ന്. ആ ആളെ കണ്ടെത്തി അതങ്ങ് സ്ഥിരീകരിക്കുക. അത് ചാനല്‍ റിപ്പോര്‍ട്ടറാണോ അതോ അഗതിയായി വന്ന സ്ത്രീയാണോ എന്ന് അപ്പോഴറിയാം. രണ്ടു മണിക്കൂറത്തെ കാര്യമല്ലേയുള്ളു.
ഏതായാലും അതിനൊന്നും നില്‍ക്കാതെ മുന്‍ മന്ത്രി ശശീന്ദ്രന് നാട്ടിലേക്ക് വണ്ടി കേറി. ഇനിയിപ്പോള്‍ തിരുവനന്തപുരത്ത് നിന്നിട്ട് വല്യ കാര്യമൊന്നുമില്ല. ഫോണ്‍ പ്രശ്നം ഭയങ്കര വാര്‍ത്തയായി കൊണ്ടു വന്ന ചാനലുകാരെയും വെറുതെ ജുഡീഷ്യല്‍ അന്വേഷണത്തിന് വിളിച്ച് ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ല. ആ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്യാത്ത രൂപം സ്റ്റേഷനിലോട്ട് കൊണ്ടു വരാന്‍ ഒന്നു പറഞ്ഞാല്‍ മതി. അത് കേട്ടാലറിയാം മന്ത്രി ആകാശവാണി പോലെ ഒറ്റക്കിരുന്ന് സംസാരിച്ചതാണോ അതോ രണ്ടുപേരും കൂടി സംസാരിച്ചതാണോ എന്ന്. എന്തിനാണോ എന്തോ ഈ ആവശ്യമില്ലാത്ത ബഹളമെല്ലാം