കവിതയെഴുത്തിന്‍റെ അസ്കിതയുള്ളയാണ് ജി.സുധാകരന്‍. പാര്‍ട്ടിയുടെ വേരിഫൈഡ് കവി. സിപിഎം ആയതുകൊണ്ട് ബ്ലൂടിക്കിന് പകരം റെഡ് ടിക്കാണ് സുകാരന്‍റെ അക്കൗണ്ടിന് പാര്‍ട്ടി നല്‍കിയത് എന്നുമാത്രം. കവിതയെഴുതിയ ശേഷം അത് എവിടെയും പ്രസിദ്ധീകരിക്കാതിരിക്കുക എന്നതായിരുന്നു പഴയ ജി.സുധാകരന്റെ ശീലം. പിന്നെ പതിയെ അതില്‍ ഇളവുനല്‍കാന്‍ സുധാകരന്‍തന്നെ സുധാകരനെ അനുവദിച്ചു. അങ്ങനെ കവിതകളില്‍ മഷി പുരണ്ടു. പിന്നീട് സോഷ്യല്‍ മീഡിയക്കാലമായി.
ഫെയ്സ്ബുക്ക് അക്കൗണ്ടൊക്കെ ഉണ്ടെങ്കിലും അവിടെ എഴുതുന്ന ശീലം സുധാകരന് ഇല്ലായിരുന്നു. എഫ്ബിയില്‍ എഴുതാതിരിക്കുക എന്ന ആ ശീലത്തിന് ഇളവുനല്‍കാനും സുധാകരന്‍ സുധാകരന് അനുമതി നല്‍കി. സിപിഎം മെമ്പര്‍ഷിപ്പ് പുതുക്കാന്‍ ഇനി ഇല്ല എന്ന ജി സുധാകരന്‍റെ പ്രഖ്യാപനം എകെജി സെന്ററിനെത്തന്നെ ഞെട്ടിച്ചു. ഈ വിവരമറിഞ്ഞ കെട്ടിടം ചെറുതായി ഒന്നിളകിയത്രേ. ലക്ഷക്കണക്കിന് അണികളും പതിനായിരക്കണക്കിന് നേതാക്കളുമുള്ള ഒരു പാര്‍ട്ടിക്ക് ജി.സുധാകരന്‍ മെമ്പഷിപ്പ് പുതുക്കിലില്ലെങ്കില്‍ എന്ത് എന്ന് ആരും ചോദിക്കില്ല. കാരണം ആ പുതുക്കാതെയിരിക്കല്‍ ഒരു ചെറിയസംഭവമല്ല.
കാറല്‍ മാക്സ് സിപിഎമ്മിനെ തള്ളിപ്പറഞ്ഞാലും ജി സുധാകരന്‍ പറയും എന്ന് പാര്‍ട്ടിയുടെ ശത്രുക്കള്‍പ്പോലും കരുതിയിരുന്നില്ല. അതുകൊണ്ടാണ് ഈ ഞെട്ടല്‍ അത്രയും. ഇങ്ങനെയൊരു കടുത്ത തീരുമാനത്തിലേക്ക് ജി പോകാന്‍ കാരണം എന്താണ് എന്നോ. അതും ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം എന്‍റെ വീടിന്‍റെ വാതില്‍ക്കല്‍വച്ച് നടത്തി. പക്ഷേ അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന എന്നെ അതിന് വിളിച്ചില്ല. അതും പോട്ടെ 63 വര്‍ഷത്തെ പാര്‍ട്ടി അംഗത്വമുള്ള എനിക്ക് അഞ്ചുവര്‍ഷമായി ജില്ലാ സെക്രട്ടറി പൊതുപരിപാടികള്‍ നല്‍കിയിട്ടില്ല. അതും പോട്ടെ ഇതൊന്നുമല്ല ശരിക്കുള്ള പ്രകോപനം.അത് ഒരു ചിരിയാണ്.
ജി സുധാകരന്‍റെ കാര്യം ചോദിച്ചപ്പോള്‍ ഒരു പരിഗണനയുമില്ല എന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. അതില്‍ സുധാകരന് പരാതിയില്ല. കാരണം ഒരു പരിഗണനയുമില്ല എന്നത് സുധാകരനും അറിയാവുന്നതാണല്ലോ. പക്ഷേ ആ പറഞ്ഞതിനുശേഷം ഞാന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്ന ആളല്ല എന്ന ശരിയല്ലാത്ത പ്രയോഗം നടത്തിയ ശേഷം സെക്രട്ടറി കളിയാക്കി ചിരിച്ചു. ഇത് തിരുത്താന്‍ ആരും തയാറായുമില്ല. ആരും എന്നത് പിണറായിയെ ഉദ്ദേശിച്ചായിരിക്കുമല്ലോ. അല്ലാതെ ആരു തിരുത്താനാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടരാനോ നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാനോ ആഗ്രഹിക്കുന്നില്ല. മെമ്പര്‍ഷിപ്പ് പുതുക്കില്ല. എന്ന് സുധാകരന്‍ ഒപ്പ്.