സിപിഎം പരസ്യ പ്രതിഷേധം ശക്തമാക്കുന്നതിനിടെ കായംകുളത്തെ ചില മുതിർന്ന പാർട്ടിനേതാക്കൾ ജി.സുധാകരനുമായി രഹസ്യ ചർച്ച നടത്തി. മുൻ ആലപ്പുഴ ജില്ലാകമ്മിറ്റിയംഗവും ഇപ്പോൾ കായംകുളം ഏരിയകമ്മിറ്റി അംഗവുമായ നേതാവാണ് ചർച്ച നടത്തിയത്. കായംകുളം റസ്റ്റ് ഹൗസിലെ അടച്ചിട്ട മുറിയിൽ മുൻ നഗരസഭ ചെയർമാൻ കൂടിയായ നേതാവ് അരമണിക്കൂർ ചർച്ച നടത്തിയപ്പോൾ കൂടെയുണ്ടായിരുന്ന പാർട്ടി അംഗം പുറത്തുനിന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ജി സുധാകരൻ രുക്ഷമായി വിമർശിച്ച ദിവസമാണ് ചർച്ച നടന്നത്.
ഏരിയ കമ്മിറ്റി അംഗത്തെ ജി. സുധാകരൻ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ഇരുവരുമൊത്ത് രണ്ട് മരണ വീടുകളും സന്ദർശിച്ചു. ജി സുധാകരനുമായി ചില നേതാക്കു രഹസ്യ ചർച്ച നടത്തിയതിനെതിരെ ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ഒരു വിഭാഗം പ്രവർത്തകർ സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പരാതി നൽകി. ഏരിയ നേതൃത്വം വിവരമറിഞ്ഞിട്ടും ചർച്ച നടത്തിയ നേതാവിനോട് വിശദീകരണം ചോദിച്ചിട്ടില്ല.