binoy-pinarayi

പ്രതിപക്ഷ ഉപനേതാവ് പദവിക്കായി രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുന്ന ബിനോയ് വിശ്വത്തിന് വിജയിക്കാന്‍ സാധിച്ചാല്‍ അത് സിപിഐയുടെ വലിയ രാഷ്ട്രീയ വിജയമാകും. മുന്‍ഗാമിയായ കാനം രാജേന്ദ്രന് സാധിക്കാത്തത് പാര്‍ട്ടിക്ക് നേടിക്കൊടുത്ത പാര്‍ട്ടി സെക്രട്ടറിയെന്ന വീര പരിവേഷം ബിനോയ് വിശ്വത്തിന് കിട്ടും. ഫ്രാന്‍സില്‍ നടന്ന ഫ്രഞ്ച് കമ്മ്യൂണിസിറ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് പോയി മടങ്ങിയെത്തിയ  ബിനോയ് വിശ്വം തന്നെയാണ് ഉപനേതാവ് പദവി ചര്‍ച്ചക്ക് വീണ്ടും തുടക്കമിട്ടത്. 

എല്‍ഡിഫ് കൂടണ്ടേ? സിപിഐയോട് മുന്നണി: സിപിഐയുടെ പിടിവാശി കാരണം പ്രതിസന്ധിയിലായത് സിപിഎം മാത്രമല്ല മുന്നണിയാകെയാണ്. നിയമസഭ നടന്നപ്പോള്‍ നിയമസഭാകക്ഷിയോഗം ചേരാനായില്ലെന്ന് മാത്രമല്ല  ഇടതുമുന്നി യോഗം ചേര്‍ന്നിട്ട് രണ്ടുമാസം കഴിഞ്ഞു. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന പ്രാഥമിക എല്‍ഡിഎഫ്  യോഗത്തില്‍ തീരുമാനിച്ചത് തോല്‍വി പരിശോധിക്കാന്‍ വിശാലമായ യോഗം ചേരുമെന്നാണ്. അടുത്ത യോഗത്തിന് മുന്‍പ് എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്തു റിപ്പോര്‍ട്ട് തയ്യാറാക്കാനും ഇടതുമുന്നണി നിര്‍ദേശിച്ചിരുന്നു. 

എല്ലാ പാര്‍ട്ടികളും അവലോകനം നടത്തി റിപ്പോര്‍ട്ടുമായി കാത്തിരിക്കുകയാണ്, പക്ഷെ എല്‍ഡിഎഫ് മാത്രം കൂടിയിട്ടില്ല. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ സിപിഐ ഉടക്കി നില്‍ക്കുന്നതാണ് എല്‍ഡിഎഫ് യോഗം വിളിക്കാന്‍ പോലും സിപിഎം മടിക്കാണിക്കുന്നത്.  ഇതിന് പരിഹാരം തേടിയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ നാളെ (14/07/2026) എംഎന്‍ സ്മാരകത്തിലേക്ക് ചര്‍ച്ചക്കായി എത്തുന്നത്. എല്‍ഡിഎഫ് യോഗത്തിന് സിപിഐ എത്തണമെന്നും അവിടെ പ്രശ്നപരിഹാരം സാധ്യമാക്കാമെന്നുമാവും ഇടതുമുന്നണി കണ്‍വീനര്‍ സിപിഐയുമായി കൂടിക്കാഴ്ചയില്‍ അറിയിക്കുക. അതിനപ്പുറം എന്തെങ്കിലും ഉറപ്പ് സിപിഐക്ക് നല്‍കുമോ എന്ന് ഒരു സൂചനയും സിപിഐക്ക് ലഭിച്ചിട്ടില്ല 

അതൊക്കെ അവസാനിച്ചതാണ്... പിണറായി നേരത്തെ പറഞ്ഞു: പ്രതിപക്ഷ ഉപനേതാവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അതൊക്കെ അവസാനിച്ചതാണെന്നായിരുന്നു കഴിഞ്ഞാഴ്ച പിണറായി വിജയന്‍ പ്രതികരിച്ചത്. ഇതിനെതിരെ സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പി.പി.സുനീര്‍ രംഗത്ത് വന്നിരുന്നു. സിപിഐ പറഞ്ഞിരുന്നത് കേട്ടിരുന്നെങ്കില്‍ ഇപ്പോള്‍ ഈ അവസ്ഥയുണ്ടാകുമായിരുന്നില്ലെന്നായിരുന്നു സുനീറിന്‍റെ പ്രതികരണം. ഈ പരാമര്‍ശം പിണറായി വിജയനെ ഉള്‍പ്പടെ ചൊടിപ്പിച്ചിട്ടുമുണ്ട്.  

ഇനി എന്ത് സംഭവിക്കും?: എല്‍ഡിഎഫ് കണ്‍വീനര്‍ ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തിയതുകൊണ്ടു ഫലമുണ്ടാവുന്ന സാധ്യത കുറവാണെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ നല്‍കന്നു സൂചന. സിപിഎം നേതൃത്വം ചര്‍ച്ച നടത്തിയാല്‍ മാത്രമേ എന്തെങ്കിലും പരിഹാരത്തിന് സാധ്യതയൊള്ളൂ. എന്നാല്‍ പദവി സിപിഎമ്മിന് അവകാശപ്പെട്ടതാണെന്നും മറ്റാര്‍ക്കും നല്‍കാനാവില്ലെന്നും പ്രതിപക്ഷ നേതാവിനെ കൂടാതെ  സിപിഎം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ പദവി സിപിഐക്ക് നല്‍കാനുള്ള വിദൂര സാധ്യത പോലുമില്ല.

 

 

ENGLISH SUMMARY:

Binoy Viswam's pursuit of the opposition deputy leader position is highlighted as a potential major political victory for the CPI. This development has led to a crisis within the LDF, delaying crucial meetings and discussions.