നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ, കേരള സിപിഎമ്മിൽ തിരുത്തൽ വരുമെന്ന സൂചന നൽകി പാർട്ടി ദേശീയ നേതൃത്വം. സംഘടനാപരമായി ഇങ്ങനെ പോയാൽ പോരാ എന്ന് കേന്ദ്ര കമ്മിറ്റിയിൽ അഭിപ്രായം. നാളെയും സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തുടരും.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിലും പാഠം പഠിക്കാതെ മുൻപോട്ട് പോയതാണ് കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായതെന്നാണ് കേന്ദ്ര കമ്മിറ്റിയിലെ അഭിപ്രായം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങളിലേക്ക് ഇറങ്ങിയുള്ള തിരുത്തൽ ഫലം കണ്ടില്ല. ഇതോടെ, കേരളത്തിലെ പാർട്ടി പ്രവർത്തനത്തിൽ തിരുത്തൽ വരുമെന്ന വികാരം പങ്കുവയ്ക്കുകയാണ് സിപിഎം കേന്ദ്രനേതൃത്വം.
സംഘടനാപരമായി ഈ രീതിയിൽ മുന്നോട്ടുപോയാൽ പാർട്ടി പ്രതിസന്ധിയിലാകും. കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടി അപ്രതീക്ഷിതവും അസാധാരണവുമാണെന്നാണ് പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗത്തിലെ ചര്‍ച്ചയിലെ അഭിപ്രായം. നേതാക്കളുടെ പ്രതികരണത്തിലെ ധാര്‍ഷ്ഠ്യം തിരിച്ചടിയായിട്ടുണ്ടെന്ന് കേരളത്തില്‍നിന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച അംഗങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയെന്നാണ് വിവരം. എന്നാല്‍, പിണറായി വിജയൻ, എം.വി.ഗോവിന്ദൻ എന്നിവരെ കടന്നാക്രമിച്ചുള്ള കീഴ്ഘടങ്ങളിലെ വികാരം ജനറൽ സെക്രട്ടറി എം.എ.ബേബി അവതരിപ്പിച്ച റിപ്പോർട്ടിൽ പ്രതിഫലിച്ചിട്ടില്ല.