പെരുന്നയിലെ മന്നം സ്മൃതിയിൽ പുഷ്പാർച്ചനയ്ക്ക് അനുമതി നിഷേധിച്ചതിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ. ‘ഞാനാണ് ജനറൽ സെക്രട്ടറി, അതുകൊണ്ട് നിങ്ങൾ വരരുത്’ എന്ന് പറയരുത്. നിങ്ങളാണ് എല്ലാമെന്ന് കരുതരുത്, എല്ലാം മന്നത്തിന്റെ സംഭാവനയാണെന്നും ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി പറഞ്ഞു. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.
കേരളത്തിലെ എൻ.എസ്.എസുമായി നേരിട്ടുബന്ധമില്ലാത്ത, നായർ കൂട്ടായ്മയായ എൻ.എസ്.എസ്. ഡൽഹിയാണ് രാജ്യതലസ്ഥാനത്ത് മന്നത്ത് പദ്‌മനാഭന് സ്മാരകം നിർമിച്ചത്. പെരുന്നയിൽ പലപ്പോഴായി പ്രവേശനം നിഷേധിക്കപ്പെട്ടവരുടെ പിന്തുണയോടെയായിരുന്നു നിർമാണം. ദ്വാരക സെക്ടർ 11 ലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും
മന്നത്തിന്റെ അർദ്ധകായ പ്രതിമയുടെ അനാച്ഛാദനവും നിർവഹിച്ച ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ പെരുന്നയിലെ വിവേചനത്തിനെതിരെ ആഞ്ഞടിച്ചു.
ഡൽഹിയിലെ മന്നം സ്മൃതിയിൽ എല്ലാവർക്കും വരാമെന്നും ഉപരാഷ്ട്രപതി. ഉപരാഷ്ട്രപതിയായശേഷം സിപി രാധാകൃഷ്ണൻ മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് അനുമതി തേടിയിട്ടും നൽകിയിരുന്നില്ല. പെരുന്നയിൽ വിലക്കപ്പെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപി ചടങ്ങിൽ മുഖ്യാതിഥിയായി. തെരഞ്ഞെടുപ്പിന് ശേഷം വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങി. പെരുന്നയിലെ പ്രശ്നങ്ങൾക്ക് ബദൽ മാർഗം കണ്ടെത്തണം. ഡൽഹിയിലേത് ഒരു ബദലാണെന്നും സുരേഷ് ഗോപി പറഞ്ഞു.
വിശിഷ്ടാതിഥിയായി നിശ്ചയിച്ചിരുന്ന ബംഗാൾ മുൻ ഗവർണർ സി.വി ആനന്ദ ബോസ് ചടങ്ങിൽ പങ്കെടുത്തില്ല. ഡൽഹിയിലെ മന്നംജയന്തി ആഘോഷത്തിൽ സംസാരിക്കവേ, പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ തന്നെ അനുവദിച്ചില്ലെന്ന് വെളിപ്പെടുത്തിയ ആനന്ദബോസ് നിയന്ത്രണങ്ങളില്ലാതെ ആദരമർപ്പിക്കാൻ ഡൽഹിയിൽ മന്നത്തിന് സ്മാരകം വേണമെന്നും പറഞ്ഞിരുന്നു.