പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധം. ഹോര്‍മുസിലെ യുഎസ് കപ്പല്‍ ആക്രമിച്ച ഇറാന്‍, ഹോര്‍മുസ് പാത അടച്ചു. യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, ജോര്‍ദാന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. തെക്കന്‍ ഇറാനിലെ നൂറിലേറെ സൈനിക കേന്ദ്രങ്ങള്‍ അമേരിക്ക തിരിച്ച് ആക്രമിച്ചു.
സമാധാനകരാര്‍ യാഥാര്‍ഥ്യമായ ശേഷമുള്ള ശക്തമായ പ്രകോപനമാണിത്. ഇറാനുമായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്ന ഖത്തറിലും ഒമാനിലും ആക്രമണമുണ്ടായി. ഒരുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്കേറ്റു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ പൗരന്മാരോടും താമസക്കാരോടും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. യുഎസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎസ് കണ്ടെയ്നർ കപ്പല്‍ ഇറാന്‍ റെവല്യൂഷനറി ഗാർഡ് ആക്രമിച്ചു. മുന്നറിയിപ്പുകളും നിർദേശങ്ങളും അവഗണിച്ച് ഒന്നിലധികം കപ്പലുകൾ അംഗീകൃതമല്ലാത്ത പാതയിലൂടെ സഞ്ചരിച്ചുവെന്നാണ് ഇറാന്റെ വാദം.
പിന്നാലെ ഇറാനെതിരെ യുഎസ് ആക്രമണം കടുപ്പിച്ചു. തെക്കന്‍ ഇറാനില്‍ കടലിടുക്കിന്റെ തീരത്തുള്ള ബന്ദർ അബ്ബാസ്, സിറിക് എന്നീ നഗരങ്ങളിൽ സ്ഫോടനങ്ങളുണ്ടായി. പിന്നാലെ ഇറാന്‍ ഹോര്‍മുസ് പാത അടച്ചു. ഇറാന്റേത് തെറ്റായ തീരുമാനമെന്ന് യുഎസ് പ്രതികരിച്ചു. വലിയ വില നല്‍കേണ്ടിവരുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. ഇറാൻ യുദ്ധത്തിലെ ഇടക്കാല കരാർ അവസാനിച്ചു എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകി ദിവസങ്ങൾക്കകമാണ് പേർഷ്യൻ ഗൾഫിൽ പുതിയ സംഘർഷം ഉടലെടുത്തിരിക്കുന്നത്.
ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച കപ്പലിനു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരനെ കാണാതായി. പതിനൊന്ന് ഇന്ത്യന്‍ പൗരന്‍മാരാണ് കപ്പലിലെ ജീവനക്കാരിലുണ്ടായിരുന്നത്. പത്തുപേരെ രക്ഷിച്ചെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജിഎഫ്എസ് ഗാലക്സിക്ക് നേരെയായിരുന്നു ഒമാന്‍ തീരത്തിനടുത്ത് ആക്രമണം. ചരക്ക് കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ആക്രണത്തെ വിദേശകാര്യമന്ത്രാലയം അപലപിച്ചു. കപ്പലിന്‍റെ എന്‍ജിന്‍ റൂമടക്കം തീപിടിത്തത്തില്‍ കത്തി നശിച്ചു.