baby-cpm

കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ വീഴ്ച സമ്മതിച്ച് സിപിഎം. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ചയുണ്ടായതായി കേന്ദ്രകമ്മിറ്റിയില്‍ വിലയിരുത്തലുണ്ടായതായി ജനറല്‍ സെക്രട്ടറി എം.എ.ബേബി. കേരളത്തിലെയും ബംഗാളിലെയും തിരിച്ചടി മറികടക്കാന്‍ തിരുത്തല്‍ നടപടികളുണ്ടാവും. സെപ്റ്റംബറില്‍ വിശാല സംസ്ഥാന സമിതി ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കേരളത്തില്‍ അടിമുടി തിരുത്തല്‍ നടപടികള്‍ വേണമെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍. സിപിഎം നേതാക്കളുടെ പെരുമാറ്റത്തില്‍ പിഴവുകളുണ്ടായി. വിനയം, ക്ഷമ, കൃത്യമായി മറുപടി എന്നിവയില്‍ വീഴ്ച സംഭവിച്ചു. കേന്ദ്രകമ്മിറ്റി രേഖയില്‍ തന്നെ ഇത് വ്യക്തമാക്കുന്നതായി ജനറല്‍ സെക്രട്ടറി എം.എ.ബേബി ചൂണ്ടിക്കാട്ടി.

വെള്ളാപ്പള്ളി വിഷയത്തില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായി. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചു. സ്വയം വിമര്‍ശനം നടത്തേണ്ടാത്തവരായി പാര്‍ട്ടിയില്‍ ആരുമില്ല. തിരിച്ചടി മറികടക്കാന്‍ തിരുത്തല്‍ നടപടികളുണ്ടാകും. സെപ്റ്റംബറില്‍ വിശാല സംസ്ഥാന സമിതി ചേരുമെന്നും ആത്മാര്‍ഥമായ നടപടികളുണ്ടാകുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു. 

നേതൃമാറ്റ സാധ്യതയുമായി ബന്ധപ്പെട്ടു ചോദ്യങ്ങള്‍ക്ക്, കിട്ടിയ റിപ്പോര്‍ട്ടില്‍ കേരള നേതാക്കള്‍ക്കെതിരെ കുറ്റപ്പെടുത്തലില്ല എന്നായിരുന്നു എം.എ.ബേബിയുടെ മറുപടി.

ENGLISH SUMMARY:

CPM admits to failures in Kerala's election defeat, acknowledging shortcomings in candidate selection and campaign strategy. The party plans corrective measures to overcome setbacks in both Kerala and Bengal, with a broader state committee meeting scheduled for September.