r-sugathan-oath-3

 

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ.സുഗതന്‍ സത്യപ്രതിജ്ഞ ചെയ്തു. ഈശ്വരനാമത്തിലാണ് സുഗതന്‍ സത്യപ്രതിജ്ഞ ചെയ്തത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ചടങ്ങ് നടന്നത്. മേയര്‍ വി.വി.രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്ത് ജയിലില്‍ ആദ്യമായാണ് സത്യപ്രതിജ്ഞ  നടന്നത്. 

 

തിരുവനന്തപുരം മേയർക്കും ആവശ്യമായ ഉദ്യോഗസ്ഥർക്കും ചടങ്ങിനായി ജയിലിൽ പ്രവേശിക്കാൻ അനുമതി നൽകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. മേയർക്ക് മുന്നിൽ നേരിട്ട് സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പ കരുതൽ തടങ്കലിൽ ഇളവ് വേണമെന്നായിരുന്നു വാഴോട്ടുകോണം കൗൺസിലറായ ആർ.സുഗതന്റെ ഹർജിയിലെ പ്രധാന ആവശ്യം. എന്നാൽ കാപ്പ തടവുകാരനെ ജയിലിൽനിന്ന് പുറത്തുവിടാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാരിന്റെ വാദം അംഗീകരിച്ച് ഹൈക്കോടതി വ്യക്തമാക്കി. 

 

അതേസമയം, ജനവിധിയെ മാനിക്കേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജയിലിനുള്ളിൽ സത്യപ്രതിജ്ഞ നടത്താൻ കോടതി അനുമതി നൽകിയത്. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ ചടങ്ങായതിനാൽ അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്കും റിപ്പോർട്ടിങിനായി ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്നാണ് സുഗതനടക്കമുള്ള ബിജെപി കൗൺസിലർമാരുടെ മുൻ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ റദ്ദാക്കിയത്.

ENGLISH SUMMARY:

Thiruvananthapuram Corporation BJP councillor R. Sugathan, who is currently lodged in prison under the KAAPA Act, has taken the oath of office. Sugathan took the oath in the name of God, in accordance with the prescribed legal format. The ceremony was held at Viyyur Central Jail, where Thiruvananthapuram Mayor V.V. Rajesh administered the oath. This is the first time in Kerala that an elected representative has taken the oath of office inside a prison.