bjp-flag

തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് ബിജെപി നേതാക്കള്‍ കോടികള്‍ തട്ടിയെന്ന് ആരോപണം. കൊടിവാങ്ങാന്‍ സംസ്ഥാന സെക്രട്ടറി 31 ലക്ഷം രൂപ കമ്മിഷന്‍ വാങ്ങിയെന്ന് പരാതിക്കാരന്‍ ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിനയച്ച കത്തില്‍ ആരോപിക്കുന്നു. കത്തിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. മുറിയുടേയും വാഹനത്തിന്റേയും വാടകയിനത്തില്‍ വ്യാജ ബില്ലുണ്ടാക്കിയെന്നും കത്തില്‍ ആരോപണമുണ്ട്.

 

അഞ്ച് പ്രധാന തട്ടിപ്പുകളാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിച്ച കൊടികളും തോരണങ്ങളും പണം കൊടുത്തുവാങ്ങിയതാണെന്ന് കാണിച്ച്  ഒരു കോടി അറുപത്തിരണ്ട് ലക്ഷം രൂപയുടെ ബില്ലുണ്ടാക്കി ഒരു വനിതാ സംസ്ഥാന സെക്രട്ടറി മുപ്പത്തിയൊന്ന് ലക്ഷം രൂപ തട്ടി എന്നതാണ് പ്രധാന ആരോപണം. സൗജന്യമായി ലഭിച്ച കൊടികൾക്ക് മണ്ഡലം കമ്മിറ്റികളിൽ നിന്ന് മറ്റൊരു സെക്രട്ടറി രണ്ട് ലക്ഷം രൂപ ഈടാക്കി.

 

ഫ്ലക്സുകളും കട്ടൗട്ടുകളും സ്ഥാപിച്ചതിൽ അഞ്ച് ലക്ഷം രൂപയുടെ കമ്മീഷൻ മറ്റൊരു സംസ്ഥാന നേതാവ് കൈപ്പറ്റി. തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലിൽ നേതാക്കൾക്ക് താമസിക്കാൻ മുപ്പത് മുറികൾ ബുക്ക് ചെയ്തതിലും തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളുടെ വാടക ഇനത്തിലും വ്യാജ ബില്ലുകൾ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്തു എന്നും കത്തിൽ ആരോപിക്കുന്നു. ആറോ ഏഴോ സംസ്ഥാന നേതാക്കളുടെ പേരുകൾ പരാതിയിലുണ്ട്. 

 

എന്നാൽ പാർട്ടിയിൽ ഒരു രൂപയുടെ പോലും വെട്ടിപ്പ് നടന്നിട്ടില്ലെന്നും ദേശീയ ഓഡിറ്റിങ് വിഭാഗം സംസ്ഥാന കമ്മിറ്റിയെ അഭിനന്ദിച്ചെന്നുമാണ് ബിജെപി ഔദ്യോഗിക പക്ഷത്തിന്‍റെ വിശദീകരണം. വിദേശത്തുള്ള സംസ്ഥാന പ്രസിഡന്‍റ് തിരിച്ചെത്തിയ ശേഷം കോർ കമ്മിറ്റി ചേർന്ന് വിഷയം ചർച്ച ചെയ്തേക്കും.

ENGLISH SUMMARY:

Serious allegations have emerged over the alleged misappropriation of crores of rupees from the BJP's election fund. A complainant has accused senior party leaders of financial irregularities, including claiming that a state secretary received a commission of ₹31 lakh in connection with the purchase of party flags. The allegations were made in a letter sent to BJP National General Secretary (Organisation) B.L. Santhosh. A copy of the letter has been accessed by Manorama News.