കേരളത്തില്‍ യു.ഡി.എഫ് ഭരണം വന്നാല്‍ മാറാട് കലാപങ്ങള്‍ ആവര്‍ത്തിക്കും എന്നു ഒരു സി.പി.എം നേതാവ് പറഞ്ഞാല്‍ അത് വര്‍ഗീയധ്രുവീകരണമാണോ? കേരളത്തില്‍ ഇടതുമുന്നണി ഭരണം വന്നാലേ മതസൗഹാര്‍ദം നിലനില്‍ക്കൂ എന്നു പറയുന്നത് വര്‍ഗീയ ധ്രുവീകരണമാണോ? ഒന്നു കൂടി വ്യക്തമാക്കാം. ജമാഅത്തെ ഇസ്‍ലാമി പിന്തുണയോടെ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ മാറാട് കലാപങ്ങള്‍ ആവര്‍ത്തിക്കും എന്ന ഭീഷണി ആരെയാണ് ലക്ഷ്യം വയ്ക്കുന്നത്? ജമാഅത്തെ ഇസ്‍ലാമി പിന്തുണയ്ക്കുന്ന യു.ഡി.എഫ് കേരളം ഭരിച്ചാല്‍ ആരു പേടിക്കണമെന്നാണ് എ.കെ.ബാലനും മുഖ്യമന്ത്രി പിണറായി വിജയനും മുന്നറിയിപ്പു നല്‍കുന്നത്? പത്തു വര്‍ഷത്തെ ഭരണം കൊണ്ട് വര്‍ഗീയ ധ്രുവീകരണം കണ്ടാല്‍ മനസിലാകാത്തത്രയും മൂഢരായിപ്പോയി കേരളത്തിലെ മനുഷ്യര്‍ എന്ന് നിങ്ങള്‍ക്കെങ്ങനെയാണ് ധൈര്യം കിട്ടുന്നത്?
എ.കെ.ബാലന്റെ പ്രസ്താവന കേട്ട് കേരളം ഞെട്ടിയൊന്നുമില്ല. കാരണം സി.പി.എം നേതാക്കള്‍ ഈ വര്‍ഗീയ കാര്‍ഡിറക്കുന്നത് ഇതാദ്യമായല്ല കേരളം കാണുന്നത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലും ഇതു നമ്മള്‍ പല വട്ടം പല മട്ടില്‍ കേട്ടതാണ്. എ.െക.ബാലന്‍ ഇപ്പോള്‍ CPM കേന്ദ്രകമ്മിറ്റി അംഗമല്ല, സി.പി.എമ്മിന്റെ പ്രായപരിധി നിബന്ധന പ്രകാരം പാര്‍ട്ടി കമ്മിറ്റികളില്‍ സുപ്രധാന ചുമതലകളില്‍ ഇല്ല. അതുകൊണ്ട് തന്നെ ഇത് പാര്‍ട്ടിയുടെ നിലപാടാണോ എന്ന ചോദ്യവുമായാണ് പ്രതിപക്ഷം എ.കെ.ബാലന്റെ ജമാഅത്തെ പിന്തുണയോടെ യു.ഡി.എഫ് ഭരിച്ചാല്‍ മാറാട് ആവര്‍ത്തിക്കും എന്ന ഭീഷണിയെ നേരിട്ടത്. അങ്ങനെയൊരു നിലപാട് പാര്‍ട്ടിക്കില്ലെന്നായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്റെ അറിവ്. പാര്‍ട്ടിയുടെ നിലപാട് പറയേണ്ട സെക്രട്ടറിയാകട്ടെ അക്കാര്യത്തിലൊരു വ്യക്തത വരുത്താന്‍ തയാറാകാതെ ഒഴിഞ്ഞു മാറി. പിന്നെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ എം.വി.ഗോവിന്ദന്‍ എ.കെ.ബാലനെ തള്ളിയെന്നൊക്കെ പാര്‍ട്ടി കേന്ദ്രങ്ങള്‍ വാര്‍ത്ത തന്ന് ആശ്വസിക്കാന്‍ ശ്രമിച്ചു. പക്ഷേ എ.കെ.ബാലന്‍ പറയുന്നത് ആരുടെ അഭിപ്രായമാണ് എന്നു വ്യക്തമായതോടെ അത്തരം ആശയക്കുഴപ്പങ്ങളെല്ലാം അസ്ഥാനത്തായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ് എ.കെ.ബാലനെ പിന്തുണയ്ക്കുന്നതെന്നു കരുതരുത്. വേറെയും ഒരു പാര്‍ട്ടിക്കും പ്രസിഡന്റിനും ഇതേ അഭിപ്രായമുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ അതേ ശബ്ദമാണല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ. ജമാഅത്തെയ്ക്കെതിരെ പറഞ്ഞാല്‍ അതെങ്ങനെ ഭൂരിപക്ഷ പ്രീണനമാകും എന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം . ന്യായമാണ്. ജമാഅത്തെ ഇസ്‍ലാമിയുടെ പ്രഖ്യാപിത രാഷ്ട്രീയം ഒരു മതേതരസമൂഹത്തിന് അംഗീകരിക്കാവുന്നതല്ല. പക്ഷേ ഇവിടെ ജമാഅത്തെ ഇസ്‍ലാമിയുടെ രാഷ്ട്രീയമാണോ എ.കെ.ബാലനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയും ചോദ്യം ചെയ്യുന്നത്. ജമാഅത്തെ ഇസ്‍ലാമി പിന്തുണയ്ക്കുന്ന യു.ഡി.എഫ് കേരളം ഭരിച്ചാല്‍ മാറാട് കലാപങ്ങള്‍ ആവര്‍ത്തിക്കപ്പെടും എന്ന പ്രസ്താവന വര്‍ഗീയമാണ്. കേരളം മറക്കാന്‍ ആഗ്രഹിക്കുന്ന മാറാട് കലാപങ്ങളുടെ വേദനിപ്പിക്കുന്ന ഓര്‍മകളിലേക്ക് രാഷ്ട്രീയദുഷ്ടലാക്കോടെയുള്ള അനാവശ്യകടന്നുകയറ്റമാണ്. ചെറിയൊരു പ്രദേശത്ത് ഒതുക്കിനിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞ വര്‍ഗീയകലാപങ്ങളെ ഏകപക്ഷീയമായും രാഷ്ട്രീയകുടിലതയോടെയുമുള്ള വ്യാഖ്യാനിക്കല്‍ കൂടിയാണ്
ജമാഅത്തെ ഇസ്‍ലാമിക്കെതിരെ എ.കെ.ബാലന്‍ എന്ന സി.പി.എം നേതാവ് ഒരു രാഷ്ട്രീയാരോപണം ഉന്നയിച്ചതാണെങ്കില്‍ അത് ജമാഅത്തെ ഇസ്‍ലാമിയും എ.കെ.ബാലനും തമ്മില്‍ നിയമപരമായി തീര്‍ക്കാവുന്ന ഒരു പ്രശ്നമാണ്. എ.കെ.ബാലന്‍ വീണ്ടും വിശദീകരിക്കുകയും ജമാഅത്തെ ഇസ്‍ലാമിയോടു മാപ്പു പറയില്ലെന്നും കോടതിയില്‍ പോരാടുമെന്നും അത് തന്റെ അഭിപ്രായസ്വാതന്ത്ര്യമാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‍ലാമി യു.ഡി.എഫിനെ പിന്തുണച്ചാല്‍ കേരളത്തില്‍ മാറാട് കലാപങ്ങള്‍ ആവര്‍ത്തിക്കുമെന്നു പറഞ്ഞാല്‍ മാറാട് കലാപങ്ങള്‍ക്കു കാരണം ജമാഅത്തെ ഇസ്‍ലാമിയാണോ? അതോ ഏതെങ്കിലുമൊരു മതവിഭാഗമാണോ മാറാട് കലാപങ്ങള്‍ക്ക് കാരണമായത്? അതിനുള്ള വ്യാഖ്യാനം സി.പി.എം സംസ്ഥാന സെക്രട്ടറി തയാറാക്കിയിട്ടുണ്ട്.
ഇരു സമുദായങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷത്തെ നാടൊന്നിച്ചു നിന്ന് നേരിട്ട് ആ മുറിവുകള്‍ ഉണക്കാന്‍ ഇന്നും ശ്രമിച്ചുകൊണ്ടിരിക്കേ യു.ഡി.എഫ് ജമാഅത്തെ ഇസ്‍ലാമി പിന്തുണയോടെ അധികാരത്തിലെത്തിയാല്‍ മാറാട് കലാപങ്ങള്‍ ആവര്‍ത്തിക്കുമെന്ന് എങ്ങനെയാണ് ഒരു മുതിര്‍ന്ന നേതാവിന് ഇത്ര നിസാരമായി ധ്രുവീകരിക്കാന്‍ കഴിയുന്നത്? കേരളം രണ്ടു തവണ തുടര്‍ച്ചയായി തിരഞ്ഞെടുത്ത മുഖ്യമന്ത്രിക്ക് എങ്ങനെയാണ് അതേറ്റു പിടിച്ചു പിന്തുണയ്ക്കാന്‍ കഴിയുന്നത്? ഈ സന്ദര്‍ഭത്തിലെ വര്‍ഗീയ ശക്തി ജമാഅത്തെ ഇസ്‍ലാമിയാണ്. ഏതു ജമാഅത്തെ ഇസ്‍ലാമി? സഖാവ് പിണറായി വിജയന്‍ തന്നെ പലവട്ടം കേരളത്തിനു പരിചയപ്പെടുത്തിയ അതേ സംഘടന മാറാട് കലാപങ്ങളുടെ അന്വേഷണറിപ്പോര്‍ട്ടുകളില്‍ എവിടെയും ജമാഅത്തെ ഇസ്‍ലാമിയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും സി.പി.എം പോലും ഇതിനുമുന്‍പൊരിക്കലും മാറാട് കലാപത്തില്‍ ജമാഅത്തെ ഇസ്‍ലാമിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നുമാണ് ജമാഅത്തെ ഇസ്‍ലാമിയുടെ വാദം. മാറാട് കലാപങ്ങള്‍ക്കു ശേഷം നടന്ന 2006ലെ തിരഞ്ഞെടുപ്പിലടക്കം ഇതേ ജമാഅത്തെ ഇസ്‍ലാമിയുടെ പിന്തുണ സ്വീകരിച്ചത് ഇടതുമുന്നണിയാണ് എന്നത് മറവിരോഗം ബാധിച്ചിട്ടില്ലാത്ത കേരളത്തിനോര്‍മയുള്ള വസ്തുതയുമാണ്. ജമാഅത്തെ ഇസ്‍ലാമി വര്‍ഗീയസംഘടനയാണെന്നു ആദ്യം പറഞ്ഞത് സി.പി.എമ്മോ പിണറായി വിജയനോ അല്ല എന്നതും കൗതുകമുള്ള രാഷ്ട്രീയചരിത്രമാണ്. ജമാഅത്തെ ഇസ്‍ലാമി ഇടതുമുന്നണിയെ പിന്തുണച്ചിരുന്ന കാലത്ത് യു.ഡി.എഫിനും മുസ്‍ലിംലീഗിനുമെല്ലാം അവര്‍ വര്‍ഗീയശക്തിയായിരുന്നു.
അതായത് മാറാട് കലാപങ്ങളോ ജമാഅത്തെ ഇസ്‍ലാമിയോ കേരളത്തിലെ മതസൗഹാര്‍ദമോ ഒന്നുമല്ല പിണറായിയും ബാലനും ഇപ്പോള്‍ ഉന്നംവയ്ക്കുന്ന ലക്ഷ്യമെന്നു വ്യക്തം. കേരളത്തിലെ ഭൂരിപക്ഷസമൂഹത്തോട് യു.ഡി.എഫ് വന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണത്തില്‍ സ്വാധീനം കൂടുമെന്ന് പേടിപ്പിക്കണം. അങ്ങനെ ഭൂരിപക്ഷവികാരം തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കണം. ഏതു ദേശീയ സാഹചര്യത്തില്‍, ഏതു സാമൂഹ്യസാഹചര്യത്തില്‍ നില്‍ക്കുമ്പോഴാണ് ഈ വര്‍ഗീയധ്രുവീകരണശ്രമം എന്നത് കേരളത്തെ ആശങ്കപ്പെടുത്തണം. രാജ്യം മുഴുവന്‍ സംഘപരിവാര്‍ നടപ്പാക്കിയ രാഷ്ട്രീയപദ്ധതിയെ ചെറുത്ത കേരളത്തില്‍ ന്യൂനപക്ഷങ്ങളോട് അവിശ്വാസവും അകല്‍ച്ചയുമുണ്ടാക്കാന്‍ ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുന്ന രാഷ്ട്രീയപ്രസ്താവന യാദൃശ്ചികമാണോ? അല്ലെന്ന് മുന്‍ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. 2021ലെ തിരഞ്ഞെടുപ്പിലും കേരളത്തിന്റെ ഭൂരിപക്ഷസമൂഹത്തിനു മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ ഇതേ തന്ത്രം മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും പയറ്റിയിട്ടുണ്ട്. തരാതരത്തിന് ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും വശത്താക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം ഇതാദ്യമായല്ല കേരളം കാണുന്നത്.
മുഖ്യമന്ത്രി നിലപാട് വിശദീകരിക്കുന്നതുവരെ വ്യക്തതയില്ലാതിരുന്ന സംസ്ഥാന സെക്രട്ടറിയും ഒടുവില്‍ അതേ വാദം ഏറ്റുപറയാനാണ് എത്തിയത്. 2019ലെ ലോക്സഭാതിരഞ്ഞെടുപ്പിനു ശേഷമാണ് സി.പി.എം ജമാഅത്തെ ഇസ്‍ലാമിയെ ഉന്നം വയ്ക്കുന്നത്. അതും കേരളത്തില്‍ മാത്രം. ജമാഅത്തെ പിന്തുണ സി.പി.എം വേണ്ടെന്നു വയ്ക്കുകയായിരുന്നില്ല, മാറിയ ദേശീയ സാഹചര്യത്തില്‍ പിന്തുണ യു.ഡി.എഫിനെന്ന് ജമാഅത്തെ ഇസ്ലാമി പ്രഖ്യാപിക്കുകയായിരുന്നു. അതിനു ശേഷവും തദ്ദേശസ്ഥാപനങ്ങളില്‍ കൂട്ടുകെട്ടു തുടര്‍ന്നിട്ടുമുണ്ട്. മതരാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സംഘടനകള്‍ കൂടെനില്‍ക്കുമ്പോള്‍ വിശുദ്ധരും കളം മാറിയാല്‍ വര്‍ഗീയവാദികളുമാകുന്ന സവിശേഷരാഷ്ട്രീയസമീപനം എല്‍.ഡി.എഫ് മാത്രമല്ല യു.ഡി.എഫും തരാതരം പോലെ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴും ജമാഅത്തെ ഇസ്‍ലാമിയെ വിശ്വസിക്കാനാവില്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന ലീഗ് നേതാക്കളും യു.ഡി.എഫിലുണ്ട്.അതു കൊണ്ടു തന്നെ മുഖ്യമന്ത്രിയുടെ ജമാഅത്തെ ഇസ്‍ലാമി വിരോധവും ചരിത്രമറിയുന്നവര്‍ക്ക് തമാശയാണ്. ഇപ്പോള്‍ ലോക്സഭയിലുള്ള നാല് സി.പി.എം എം.പിമാരില്‍ കെ.രാധാകൃഷ്ണനൊഴികെ മൂന്നു പേരും ജമാഅത്തെ ഇസ്‍ലാമിയുടെ പിന്തുണയില്‍ പരസ്യമായി നന്ദി രേഖപ്പെടുത്തുന്ന കുറിപ്പുകള്‍ ഇപ്പോഴും അവരുടെ സമൂഹമാധ്യമപേജുകളിലുണ്ട്. തമിഴ്നാട്ടിലും രാജസ്ഥാനിലുംഇപ്പോഴും ജമാഅത്തെ ഇസ്‍ലാമിയുടെ തിരഞ്ഞെടുപ്പ് പിന്തുണയ്ക്ക് നന്ദി പ്രകടിപ്പിക്കുന്ന പാര്‍ട്ടിയാണ് കേരളത്തില്‍ ജമാഅത്തെ ഇസ്‍ലാമി പിന്തുണയ്ക്കുമ്പോള്‍ മതസൗഹാര്‍ദം തകര്‍ന്നു വീഴുമെന്നു പറയുന്നത്.
മതരാഷ്ട്രവാദത്തില്‍ വിശ്വസിക്കുന്ന ഒരു സംഘടനയെ, ഇപ്പോള്‍ അത് ഊന്നിപ്പറയുന്നില്ലെങ്കിലും എങ്ങനെ ജനാധിപത്യപ്രക്രിയയില്‍ വിശ്വസിക്കാനാകും എന്നത് തള്ളിക്കളയാവുന്ന ചോദ്യമല്ല. പക്ഷേ അതിനര്‍ഥം അടിസ്ഥാനമില്ലാതെ വര്‍ഗീയതയെന്ന് ആരോപിക്കാമെന്നോ സൗകര്യം പോലെ ഒപ്പം ചേര്‍ക്കാമെന്നോ തള്ളിക്കളയാമെന്നോ എന്നുമല്ല. ഒപ്പം ചേര്‍ത്തുനിര്‍ത്തിയവര്‍, ഇപ്പോഴും പലയിടത്തും തോളില്‍ കൈയിട്ടു തന്നെ നടക്കുന്നവര്‍ പെട്ടെന്നു വന്ന് കേരളത്തിലെ മതസൗഹാര്‍ദം തീര്‍ന്നു എന്നു പേടിപ്പിക്കുമ്പോള്‍ പ്രശ്നം ജമാഅത്തെ ഇസ്‍ലാമിയുമല്ല, മതരാഷ്ട്രവാദവുമല്ല. ഉന്നം ഭൂരിപക്ഷധ്രുവീകരണം മാത്രമാണ്. അത് അപകടകരമാണ്. പത്തു വര്‍ഷം ഭരിക്കാന്‍ തിരഞ്ഞെടുത്ത, ഇനിയും തിരഞ്ഞെടുക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്ന കേരളത്തോട് എന്തിനാണിത് ചെയ്യുന്നത് മുഖ്യമന്ത്രി? കേരളം ഇടതുമുന്നണിയോട് എന്തു തെറ്റു ചെയ്തു? എന്തിനാണ് കേരളത്തിലെ മനുഷ്യരുടെ നെഞ്ചിലേക്ക് തീ കോരിയിടുന്നത്? എന്തിനാണ് കേരളത്തിലെ മനുഷ്യരെ തമ്മിലടിപ്പിക്കാന്‍ നോക്കുന്നത്? പത്തുകൊല്ലത്തെ വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടു മാത്രം അധികാരം തിരിച്ചുവരുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നെങ്കില്‍ എന്തിനാണ് ഇവിടത്തെ മനുഷ്യരുടെ മനസില്‍ വെറുപ്പിന്റെ, സംശയത്തിന്റെ വിത്തുകള്‍ പാകിയെടുക്കാന്‍ നോക്കുന്നത്? ഈ രാഷ്ട്രീയം വീണ്ടും വീണ്ടും വീശിനോക്കുന്നത് േകരളത്തിനു പൊറുക്കാനാകുമോ?
നമുക്കൊരല്‍പം പുറകിലേക്കു പോകാം. സന്ദര്‍ഭം 2024 ലോക്സഭാതിരഞ്ഞെടുപ്പ്, പ്രസ്താവന നടത്തിയത് നരേന്ദ്രമോദി. ഉന്നം കോണ്‍ഗ്രസ്. എന്തിനാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നമ്മുടെ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത് എന്ന് മനസിലാകാത്ത സാമാന്യബോധമുളള മനുഷ്യരുണ്ടോ? രാജ്യമൊട്ടാകെ പ്രചാരണത്തിനിടെ ഇതേ തരം വര്‍ത്തമാനങ്ങള്‍ ആവര്‍ത്തിച്ചത് ഏതു ലക്ഷ്യത്തിലായിരുന്നു എന്ന് സി.പി.എമ്മിന് സംശയമുണ്ടായിരുന്നോ? ഇപ്പോള്‍ ഈ പറയുന്നതും യു.ഡി.എഫിനെയും ജമാഅത്തെ ഇസ്‍ലാമിയെയും മറികടന്ന് ഏതു മനുഷ്യരെയാണ് ലക്ഷ്യമിടുന്നതെന്ന് മനസിലാകില്ലെന്ന് നമ്മള്‍ വിശ്വസിക്കണോ? ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിക്കാട്ടി ഭൂരിപക്ഷ വോട്ടുകള്‍ വൈകാരികമായി ധ്രുവീകരിക്കുക എന്ന വര്‍ഗീയധ്രുവീകരണമാണ് സി.പി.എം ലക്ഷ്യം വയ്ക്കുന്നത്. മുസ്‍ലിംവിഭാഗത്തിനു കൂടി സ്വാധീനമുള്ള യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ നാളെ നിങ്ങള്‍ സുരക്ഷിതരല്ല എന്നു പറയുകയാണ്. അത് സമൂഹത്തെ പേടിപ്പിക്കലാണ്. മതസാമുദായികധ്രുവീകരണമുണ്ടാക്കുന്ന വര്‍ഗീയതയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് അധികാരത്തില്‍ സ്വാധീനമുണ്ടാകുന്നതു ഭൂരിപക്ഷത്തെ അരക്ഷിതരാക്കണം എന്നത് സംഘപരിവാറിന്റെ ഏറ്റവും പ്രധാന രാഷ്ട്രീയഅജന്‍ഡയാണ്. മനുഷ്യരെ മതത്തിന്റെ പേരില്‍ പരസ്പരം സംശയിക്കാനും അവിശ്വസിക്കാനും പേടിപ്പിക്കാനും വേണ്ടി ആര് രാഷ്ട്രീയം ഉപയോഗിച്ചാലും അത് ചോദ്യം ചെയ്യപ്പെടണം. തിരുത്തപ്പെടണം.
പ്രസ്താവന വിവാദമായപ്പോള്‍, നിയമനടപടി നേരിട്ടപ്പോള്‍ എ.കെ.ബാലന്‍ നല്‍കുന്ന വിശദീകരണവും ശ്രദ്ധിച്ചു കേള്‍ക്കേണ്ടതാണ്. മാറാട് പ്രസ്താവനയെ ന്യായീകരിക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും ബാബറിമസ്ജിദ് തകര്‍ക്കലും ഗുജറാത്ത് കലാപവുമൊക്കെയാണ് താരതമ്യം. ആസൂത്രിത സംഘടിത രാഷ്ട്രീയപദ്ധതികളായി നടപ്പാക്കപ്പെട്ട് ഇന്ത്യയുടെ ഹൃദയം തകര്‍ത്ത ബാബറിമസ്ജിദ് തകര്‍ക്കലും ഗുജറാത്ത് കലാപവുമായൊക്കെ മാറാട് കലാപങ്ങള്‍ക്ക് എന്തു താരതമ്യമാണ് സാധ്യമാവുക? മുന്നണി കണ്‍വീനര്‍ പറഞ്ഞതല്ല പാര്‍ട്ടി നിലപാടെന്നു സെക്രട്ടറി തിരുത്തുന്നതോടെ ബാലന്റെ പ്രസ്താവന ഒരു ചോദ്യത്തിന്റെ യാദൃശ്ചിക ഉത്തരമായിരുന്നില്ല സി.പി.എമ്മിന്റെ പൊളിറ്റിക്കല്‍ പ്രോജക്റ്റ് തന്നെയാണെന്നു വ്യക്തമാകുകയാണ്. ജമാഅത്തെ ഇസ്‍ലാമിക്കെതിരായ രാഷ്ട്രീയവിമര്‍ശനത്തിലല്ല, മാറാട് മറക്കരുത് എന്ന വാശിയിലാണ് കൂടുതല്‍ ഊന്നല്‍ എന്നതില്‍ നിന്ന് ലക്ഷ്യവും മാര്‍ഗവുമൊക്കെ കൂടുതല്‍ തെളിയുകയും ചെയ്യുന്നു. മുസ്‍ലിം അപരവല്‍ക്കരണം ഏതു സാഹചര്യത്തിലും തിരിച്ചറിയേണ്ടതും എതിര്‍ക്കപ്പെടേണ്ടതുമാണ്. വര്‍ഗീയതയ്ക്കെതിരായ മുന്നണിപ്പോരാളിയായി ദേശീയ തലത്തില്‍ പോരാടുന്ന സി.പി.എം അധികാരത്തുടര്‍ച്ചയ്ക്കു വേണ്ടി കേരളത്തെ ഒറ്റുകൊടുക്കാന്‍ പാടില്ല. സി.പി.എമ്മിന്റെ തന്നെ വര്‍ഗീയവിരുദ്ധപോരാട്ട ചരിത്രത്തോടും കേരളത്തോടും ചെയ്യുന്ന അനീതിയാണ് ഈ തന്ത്രം. വെറുപ്പും വിദ്വേഷവും ഒരു രാഷ്ട്രീയവും ഒളിച്ചുകടത്താന്‍ അനുവദിച്ചു കൂടാ.
ഇനിയും ഇവിടെ ഒരു പാട് മാറാട് ആവര്‍ത്തിക്കും എന്നു പറയുമ്പോള്‍ മാറാടിന്റെ വേദന അറിഞ്ഞ മനുഷ്യര്‍ ഞെട്ടും. അത്ര ലാഘവത്തില്‍ പറഞ്ഞു പേടിപ്പിക്കേണ്ട ഒന്നായിരുന്നില്ല മാറാടുണ്ടാക്കിയ മുറിവെന്ന് മനുഷ്യത്വമുള്ള ആരുമോര്‍ക്കും. ജമാഅത്തെ ഇസ്‍ലാമിയെക്കുറിച്ച് സി.പി.എമ്മിന് ഇനിയും എന്തും പറയാം. എങ്ങനെയും രാഷ്ട്രീയാരോപണങ്ങള്‍ ഉന്നയിക്കാം. അതിനു മറുപടി പറയേണ്ടത് ജമാഅത്തെ ഇസ്‍ലാമിയാണ്. യു.ഡി.എഫിന് ഭരണം കിട്ടിയാല്‍ ആഭ്യന്തരം ജമാഅത്തെ ഇസ്‍ലാമി കൈകാര്യം ചെയ്യുമെന്നും ഇവിടെ ഇനിയുമൊരുപാട് മാറാട് ആവര്‍ത്തിക്കുമെന്നും സി.പി.എം പറഞ്ഞാല്‍ മുഖ്യമന്ത്രി പിന്തുണച്ചാല്‍ അത് നമുക്ക് ക്ഷമിക്കാവുന്നതല്ല. അത് രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള വെറും തിരഞ്ഞെടുപ്പ് രാഷ്ട്രീയപോരാട്ടമല്ല. നമ്മുടെ തലച്ചോറിലേക്ക് വര്‍ഗീയ ചിന്തയും വെറുപ്പും പേടിയുമുണ്ടാക്കാനുള്ള കുടിലബുദ്ധിയാണ്. കേരളത്തോട് ഇത് ചെയ്യരുത് മുഖ്യമന്ത്രി.