തിരഞ്ഞെടുപ്പ് അടുത്തതോടെ മലബാറിലെ മുസ്‌ലിം വോട്ടുകളില്‍ കണ്ണുവച്ച് വീണ്ടും സിപിഎം. കാന്തപുരത്തിന്റ ഉടമസ്ഥതയിലുള്ള മര്‍കസ് യുനാനി മെഡിക്കല്‍ കോളജിന് എയിഡഡ് പദവി നല്‍കിയതുള്‍പ്പടെ, ഇരു സമസ്തകളെയും ഒപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍ സജീവമാണ്. ലോക്സഭയിലും തദ്ദേശ തിരഞ്ഞെടുപ്പിലുമുണ്ടായ കനത്ത തിരിച്ചടിയാണ് മുസ്ലീം വോട്ടുകളില്‍ വീണ്ടും കണ്ണുവയ്ക്കാന്‍ സി പി എമ്മിനെ നിര്‍ബന്ധിതരാക്കുന്നത്. ഭൂരിപക്ഷ വോട്ടുകള്‍ പ്രതീക്ഷിറങ്ങിയ തദ്ദേശ തിരഞ്ഞെടുപ്പില്‍ , സിപിഎമ്മിനൊപ്പം കാലങ്ങളായി നിലകൊണ്ട കാന്തപുരം വിഭാഗം പോലും യുഡി എഫ് അനുകൂല സമീപനമാണ് സ്വീകരിച്ചത്.
അടുത്തിടെ കാന്തപുരവും മുസ്‌ലിം ലീഗും തമ്മിലുള്ള അടുപ്പം വര്‍ധിച്ചതും സി പി എമ്മിനെ അസ്വസ്ഥരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കാന്തപുരത്തിന്റ യുനാനി മെഡിക്കല്‍ കോളജിന് എയിഡഡ് പദവി നല്‍കിയതും കാന്തപുരവുമായുള്ള മുഖ്യമന്ത്രിയുടെ നേരിട്ടുള്ള കൂടിക്കാഴ്ചയും. ജമാ അത്തേ ഇസ്‌ലാമിയോടുള്ള യുഡിഎഫിന്റ അനുകൂല നിലപാട് ചൂണ്ടിക്കാണിച്ച്, ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഇകെ സമസ്തയിലെ ഒരു വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള നീക്കവും സജീവമാണ്.
കോഴിക്കോട് ഖാസി ഫൗണ്ടേഷന്‍റ പുരസ്കാരം ജിഫ്രി തങ്ങള്‍ക്ക് കഴിഞ്ഞദിവസം സമ്മാനിച്ചതും മുഖ്യമന്ത്രിയായിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റ പശ്ചാലത്തില്‍ എല്‍ ഡി എഫ് സംഘടിപ്പിക്കുന്ന യുദ്ധവിരുദ്ധ റാലിയും ഈ നീക്കത്തിന്റ ഭാഗമായി ചേര്‍ത്തുവായിക്കാം.